കണ്ണൂര്‍:റെയില്‍വേ ഉദ്യോഗസ്ഥ ചമഞ്ഞ് നിരവധി പേരെ തട്ടിപ്പിനിരയാക്കിയ യുവതി അറസ്റ്റില്‍. ഇരിട്ടി ചരൾ സ്വദേശിനി ബിനിഷ ഐസക്കാണ് (27) പിടിയിലായത്. വെള്ളിയാഴ്‌ച(ജൂണ്‍ 24) വൈകിട്ടാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്ന് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്‌തത്.
റെയില്‍വേ ടി.ടി.ഇ ആണെന്ന് പറഞ്ഞ് ജോലി വാഗ്‌ദാനം ചെയ്‌തായിരുന്നു തട്ടിപ്പ്. ജോലി വാഗ്‌ദാനം ചെയ്‌ത് ഘട്ടം ഘട്ടമായി നിരവധി പേരുടെ കൈയില്‍ നിന്ന് 50,000 രൂപ മുതല്‍ ഒരു ലക്ഷത്തിലധികം രൂപ വരെ തട്ടിയിരുന്നു. തട്ടിപ്പിനിരയായ കണ്ണൂര്‍, കുറ്റ്യാടി സ്വദേശികളായ ആറ് പേര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തിയപ്പോഴാണ് യുവതി പിടിയിലായത്. തട്ടിപ്പെന്ന് തോന്നാതിരിക്കാന്‍ വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് ഗഡുക്കളായാണ് പണം വാങ്ങിയിരുന്നത്.