കണ്ണൂർ: കുറുവോട്ടു മൂല അങ്കണവാടിയുടെ പുതിയ കെട്ടിടത്തിന്‍റെ പ്രാരംഭ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അഞ്ച് മാസമായിട്ടും ആരംഭിക്കാത്തതില്‍ പരാതിയുമായി നാട്ടുകാര്‍. കാലപഴക്കത്തെ തുടർന്നാണ് കുറ്റ്യാട്ടൂർ പഞ്ചായത്തിലെ 7-ാം വാർഡ് കുറുവോട്ടു മൂലയിൽപെടുന്ന അങ്കണവാടി താത്‌കാലിക കെട്ടിടത്തിലേക്ക് മാറ്റിയത്. സർക്കാര്‍ അധീനതയിലുള്ള അഞ്ച് സെന്‍റ് സ്ഥലത്തായിരുന്നു അങ്കണവാടി സ്ഥിതി ചെയ്‌തിരുന്നത്.
30 കുഞ്ഞുങ്ങളുടെ പഠനത്തിന്‍റെ കാര്യമാണ്, അധികൃതർ കണ്ണ് തുറക്കണം: അങ്കണവാടി കെട്ടിടം നിർമാണം ആരംഭിക്കണമെന്ന് നാട്ടുകാർ - കുറുവോട്ടു മൂല അങ്കണവാടി താത്‌കാലിക കെട്ടിടത്തില്‍
കുറ്റ്യാട്ടൂര്‍ പഞ്ചായത്തിലെ കുറുവോട്ടു മൂല അങ്കണവാടിയാണ് അഞ്ച് മാസമായി താത്‌കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. പുതിയ കെട്ടിടത്തിനായുള്ള പ്രാരംഭ പ്രവര്‍ത്തനം പോലും ആരംഭിച്ചിട്ടില്ല എന്നാണ് പരാതി.
1976 ൽ അന്നത്തെ എംഎൽഎ ആയിരുന്ന എംവി രാഘവൻ ആണ് അങ്കണവാടി ഉദ്ഘാടനം ചെയ്‌തത്. പിന്നീട് നവീകരണത്തിന്‍റെ ഭാഗമായി നീന്തൽ കുളം ഉൾപ്പടെ നിർമിച്ച് പുതുക്കി പണിതു. എന്നാല്‍ കാലപഴക്കത്തെ തുടര്‍ന്ന് അഞ്ച് മാസം മുമ്പ് സമീപത്തെ വായനശാലയിലേക്ക് അങ്കണവാടി മാറ്റുകയായിരുന്നു.
താത്‌കാലിക കെട്ടിടത്തിലേക്ക് അങ്കണവാടി മാറ്റി 5 മാസം പിന്നിട്ടിട്ടും പുതിയ കെട്ടിടത്തിന് വേണ്ട പ്രാരംഭ പ്രവർത്തികൾ പോലും നടത്തിയില്ല എന്നതാണ് നാട്ടുകാരുടെ പരാതി. ടെന്‍ഡർ നടപടി പോലും തുടങ്ങിയില്ല എന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മലയോര പ്രദേശമായതിനാൽ താത്‌കാലികമായി പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് കുട്ടികളെ എത്തിക്കാൻ രക്ഷിതാക്കളും ഏറെ ബുദ്ധിമുട്ടുകയാണ്. 30 ഓളം കുട്ടികൾ പഠിക്കുന്ന അങ്കണവാടിയാണിത്.