കണ്ണൂർ:മഞ്ഞയില്‍ കുളിച്ചുകിടക്കുന്ന സൂര്യകാന്തി തോട്ടങ്ങളുടെ നടുവില്‍ നില്‍ക്കാനും ഫോട്ടോയെടുക്കാനും മാത്രമായി മലയാളി അതിർത്തി കടന്ന് യാത്രപോകാറുണ്ട്. സുന്ദരപാണ്ഡ്യപുരവും ഗുണ്ടല്‍പേട്ടുമൊക്കെ അത്തരത്തില്‍ സൂര്യകാന്തിയുടെ മനോഹാരിത മലയാളിക്ക് സമ്മാനിക്കുന്ന സ്ഥലങ്ങളാണ്. എന്നാല്‍ ഇനി അതിർത്തി കടക്കാതെ തന്നെ സൂര്യകാന്തിപ്പാടം കാണാം. ഫോട്ടോയുമെടുക്കാം.
സ്ഥലം കണ്ണൂർ ജില്ലയിലെ കുറ്റ്യാട്ടൂർ പഞ്ചായത്ത് ഓഫിസ്. അവിടെ 25 സെന്‍റ് സ്ഥലത്താണ് കുറ്റ്യാട്ടൂർ സർവീസ് സഹകരണ ബാങ്കിന്‍റെ നേതൃത്വത്തില്‍ സൂര്യകാന്തി കൃഷി ചെയ്യുന്നത്. കേരളത്തിൽ സൂര്യകാന്തി കൃഷി വിജയമാകുമോ എന്ന സംശയം ആദ്യം ഉണ്ടായിരുന്നു. ബാങ്കിന്‍റെ നേതൃത്വത്തില്‍ പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്. അതിന് ഇടവിള ആയാണ് പരീക്ഷണാടിസ്ഥാനത്തിൽ സൂര്യകാന്തി കൃഷിയിറക്കിയത്. കൃഷിഭവനും പൂർണ്ണ പിന്തുണ നൽകി.
ബാങ്ക് മാനേജർ വാസുദേവന് സൂര്യകാന്തി കൃഷിയെ കുറിച്ചുള്ള ധാരണയും കൃഷി വിജയമാകുന്നതിന് കാരണമായി. ഗുണ്ടൽപേട്ടിൽ നിന്നാണ് കൃഷിക്കാവശ്യമായ വിത്ത് ശേഖരിച്ചത്. നല്ല രീതിയിൽ പരിപാലനം ആവശ്യമായ കൃഷി അതീവ ശ്രദ്ധയോടെയാണ് ഇവർ നോക്കി നടത്തുന്നത്. അഞ്ചു മാസമാണ് സൂര്യകാന്തിയുടെ വളർച്ച സമയം. പൂർണ്ണ വളർച്ച എത്തിയ ശേഷം സമീപപ്രദേശത്തെ ചെറുധാന്യങ്ങൾ പൊടിക്കുന്ന മില്ലിൽ നിന്ന് സംസ്‌കരണം പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ ആണ് സംഘാടകർ. വരും വർഷങ്ങളിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനും പരിപാടിയുണ്ട്.
കുറ്റ്യാട്ടൂർ മാങ്ങ: കണ്ണൂർ ജില്ലയിലെ ‘കുറ്റ്യാട്ടൂർ ഗ്രാമം’ സമീപമുള്ള മറ്റ് സ്ഥലങ്ങളിൽ അറിയപ്പെടുന്നത് കുറ്റ്യാട്ടൂർ മാങ്ങയുടെ പേരിലാണ്. ഇവിടത്തെ പ്രധാന കാർഷിക ഉത്‌പന്നമാണ് പ്രത്യേക ഇനം മാങ്ങ. നമ്പ്യാർ മാങ്ങ എന്നും അറിയപ്പെടുന്നുണ്ട്. ജനുവരി മാസത്തോടെ പൂക്കുകയും മാർച്ച്, ഏപ്രിൽ മാസമാകുമ്പോഴേക്കും പാകമാകുകയും ചെയ്യുന്നതാണ് ഈ മാങ്ങ. സാധാരണ മാങ്ങയുടേതിനേക്കാൾ വലിപ്പമുള്ള ഈ മാങ്ങക്ക് പഴുത്തു കഴിഞ്ഞാൽ സ്വാദേറെയാണ്. പ്രതിവർഷം 5000 ടൺ കുറ്റ്യാട്ടൂർ മാങ്ങ ഉത്‌പാദിപ്പിക്കുമെന്നാണ് കണക്ക്. നാട്ടുമാവിനങ്ങളെ പോലെ അധികം ഉയരത്തിൽ വളരാത്ത മാവിനമാണ് കുറ്റ്യാട്ടൂർ മാവ്.