കണ്ണൂർ: കൃഷ്‌ണ കാമോദ് എന്ന അപൂർവയിനം നെല്ലിന്‍റെ സുഗന്ധം മുതുകുട ഈസ്റ്റ് പാടത്തും പരക്കുകയാണ്, പുതിയപുരയിൽ കുഞ്ഞിരാമൻ എന്ന കർഷകനിലൂടെ. ശ്യാമവർണമുള്ള നെൽ കതിരുകള്‍ കാറ്റിലുലയുന്നത് ഏവർക്കും കൗതുകം നിറഞ്ഞ കാഴ്‌ചയാണ്. ഗുജറാത്ത് ബസുമതി എന്ന് വിശേഷിപ്പിക്കുന്ന കൃഷ്‌ണ കാമോദ് എന്ന നെല്ല് ഗുജറാത്തിലും ഒറീസയിലും അപൂർവമായി മാത്രമേയുള്ളൂ. കതിരണിയുമ്പോൾ വയലറ്റ് നിറത്തിൽ കാണപ്പെടുന്ന നെല്ല് വിളവെടുക്കാന്‍ പാകമാകുമ്പോഴേക്കും കറുപ്പ് നിറമായി മാറും. ഔഷധ ഗുണവും രുചിയുമുള്ള അരിക്ക് ധവളനിറമാണ്.
കുഞ്ഞിരാമനും കൃഷ്‌ണ കാമോദും; ഗുജറാത്ത് ബസുമതി കേരളത്തിലും - ഗുജറാത്ത് ബസുമതി
നെല്ലിന്‍റെ ശ്യാമവർണമാണ് കൃഷ്‌ണ കാമോദ് എന്ന പേരിന് കാരണം
കിലോയ്ക്ക് 450 രൂപ എന്ന നിരക്കിൽ വയനാട്ടിൽ നിന്നാണ് തപാൽ വഴി കുഞ്ഞിരാമൻ വിത്തുകൾ എത്തിക്കുന്നത്. പ്രവാസിയും പാരാലീഗൽ വളണ്ടിയറുമായ ഇദ്ദേഹം ആദ്യമായി കൃഷ്‌ണ കാമോദ് കൃഷി ഇറക്കിയത് മൂന്നുവർഷം മുൻപായിരുന്നു. ജൈവവളം മാത്രം ഉപയോഗിച്ച് 16 സെന്‍റിലാണ് കൃഷി ചെയ്യുന്നത്. വിത്ത് മുളച്ചു ഞാറായാൽ പറിച്ചു നടുന്ന സമയത്ത് തന്നെ പാടത്ത് സുഗന്ധം പരക്കും. വിളവിനായി അഞ്ച് മാസത്തോളം കാത്തിരിക്കണമെന്നതിനാൽ കൃഷ്‌ണ കാമോദ് കൃഷിയിറക്കാൻ പല കർഷകരും വിമുഖത കാണിക്കുന്നുവെന്നും കുഞ്ഞിരാമന് പരാതിയുണ്ട്.
പായസത്തിൽ ചേർത്താൽ കൊഴുപ്പും രുചിയും കൂടുമെന്നതിനാൽ കൃഷ്‌ണ കാമോദിന് കേരള വിപണിയിലും ആവശ്യക്കാരേറെയാണ്. മറ്റു നെൽച്ചെടികളെ അപേക്ഷിച്ച് കൃഷ്‌ണ കാമോദ് ഒരാൾ പൊക്കത്തിൽ വളരും. 150 ദിവസമാണ് നെല്ല് പാകമാകാൻ ആവശ്യം.