കണ്ണൂർ:ഇലക്ട്രോണിക്‌സ് ഗവേഷണ രംഗത്ത് നൂതന ആശയങ്ങളുടെ ഉത്പാദന കേന്ദ്രമാകാൻ മാങ്ങാട്ടുപറമ്പിൽ കെപിപി സ്‌മാരക ഗവേഷണ കേന്ദ്രം പ്രവർത്തനമാരംഭിച്ചു. കെൽട്രോൺ സ്ഥാപകനും ശാസ്ത്ര സാങ്കേതിക വിദഗ്‌ദനുമായ കെപിപി നമ്പ്യാരുടെ സ്‌മരണക്കായാണ് ഗവേഷണ കേന്ദ്രം ആരംഭിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ കെട്ടിടം നാടിന് സമർപ്പിച്ചു.
മാങ്ങാട്ടുപറമ്പിൽ കെപിപി സ്‌മാരക ഗവേഷണ കേന്ദ്രം നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി - പിണറായി വിജയൻ വാർത്ത
2016 ലെ ബജറ്റിൽ ഒരു കോടി രൂപ വകയിരുത്തിയാണ് ഗവേഷണകേന്ദ്രം പണി തീർത്തത്
കല്യാശേരി സ്വദേശിയായ കെപിപി നമ്പ്യാർ വിടവാങ്ങിയപ്പോൾ കെൽട്രോണിന്‍റെ മണ്ണിലാണ് അന്ത്യവിശ്രമമൊരുക്കിയത്. ഇലക്ട്രോണിക് രംഗത്ത് വിപ്ലവമൊരുക്കിയ അദ്ദേഹത്തിന് ഉചിതമായ സ്‌മാരകമെന്ന നിലയിലാണ് സർക്കാർ ഗവേഷണ കേന്ദ്രം പ്രാവർത്തികമാക്കിയത്. 2016 ലെ ബജറ്റിൽ ഒരു കോടി രൂപ വകയിരുത്തിയാണ് ഗവേഷണകേന്ദ്രം പണി തീർത്തത്. കൂടാതെ രണ്ട് കോടി രൂപ ഗ്രാൻഡായും അനുവദിച്ചു.
ഗവേഷണ കേന്ദ്രത്തിന്‍റെ നടത്തിപ്പിനായി വ്യവസായ മന്ത്രി ചെയർമാനും കെസിസിഎൽ മാനേജിങ് ഡയറക്‌ടർ സെക്രട്ടറിയുമായി കെപിപി നമ്പ്യാർ ഫൗണ്ടേഷനും രൂപം നൽകി. ഗവേഷണ കേന്ദ്രത്തെ സാങ്കേതിക രംഗത്ത് ലോകനിലവാരത്തിലെക്ക് ഉയർത്തുകയാണ് ലക്ഷ്യം. കെപിപി നമ്പ്യാരുടെ പ്രതിമ വ്യവസായ മന്ത്രി ഇ പി ജയരാജൻ അനാച്ഛാദനം ചെയ്‌തു. കെമിക്കൽ, ഇലക്ട്രോണിക്‌സ് ആൻഡ് ഇലക്ട്രിക്കൽ, മെക്കാനിക്കൽ എന്നിവയ്ക്കായി മൂന്ന് ലാബുകളും ആരംഭിക്കും. കൂടാതെ, കൂടുതൽ സാധ്യതകൾ മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ അടുത്ത ഘട്ടത്തിൽ സ്ഥാപിക്കും.