ടിക്കാറാം മീണക്കെതിരെ സിപിഎം
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ അധികാരത്തെ ചോദ്യം ചെയ്ത് കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫിനെതിരെ കള്ളവോട്ടുകളുടെ തെളിവും സിപിഎം കണ്ണൂരില്‍ പുറത്ത് വിട്ടു
കണ്ണൂര്‍: മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ സിപിഎം. ടിക്കാറാം മീണ കോണ്‍ഗ്രസ് തന്ത്രത്തിന്‍റെ ഭാഗമായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആരോപണ വിധേയരോട് വിശദീകരണം തേടിയില്ല. മാധ്യമ വിചാരണക്കനുസരിച്ച് തീരുമാനം എടുക്കേണ്ട ആളല്ല മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെന്നും ആരോപണ വിധേയനായ പഞ്ചായത്തംഗത്തെ മാറി നില്‍ക്കാന്‍ പറയാന്‍ ടിക്കാറാം മീണക്ക് എന്തധികാരമാണുള്ളതെന്നും കോടിയേരി ചോദിച്ചു. ടിക്കാറാം മീണയുടെ നടപടിയെ നിയമപരമായി നേരിടാനാണ് പാര്‍ട്ടി തീരുമാനമെന്നും കോടിയേരി അറിയിച്ചു.
കണ്ണൂരില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കോടിയേരി രൂക്ഷമായ വിമര്‍ശനങ്ങളാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ ഉന്നയിച്ചത്. യുഡിഎഫ് വ്യാപകമായി കള്ള വോട്ട് ചെയ്തെങ്കിലും അവര്‍ക്കെതിരെ സംസാരിക്കാന്‍ ടിക്കാറാം മീണ തയ്യാറയില്ലെന്നും കോടിയേരി ആരോപിച്ചു.
കണ്ണൂര്‍ ചെങ്ങളായി മാപ്പിള സ്കൂളിലെ 71 ആം ബൂത്തിലും പാമ്പുരുത്തി മാപ്പിള സ്കൂളിലെ 166 ആം ബൂത്തിലും യുഡിഎഫ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തെന്നും കണ്ണൂര്‍ ജില്ല സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു.
പുതിയങ്ങാടി ബൂത്തിൽ ആഷിഖ് എന്ന വോട്ടര്‍ അഞ്ച് കള്ളവോട്ട് ചെയ്തു. വരിയിൽ നിന്ന് സ്ലിപ്പ് മാറ്റി മാറ്റിയാണ് കള്ളവോട്ട് ചെയ്തത്. വിദേശത്തുള്ളവരുടെ 21 ള്ള വോട്ടാണ് യുഡിഎഫ് ചെയ്ത്. തളിപ്പറമ്പ് പാമ്പുരുത്തി 166 ആം ബൂത്തിൽ 28 കള്ള വോട്ട് നടന്നു. പുരുഷന്മാര്‍ പര്‍ദ്ദയിട്ട് വന്നാണ് കള്ളവോട്ട് ചെയ്തതെന്നും ജയരാജന്‍ ആരോപിച്ചു.