കണ്ണൂര്‍: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്‌ണന്‍റെ മൃതദേഹം ഇന്ന്(ഒക്‌ടോബര്‍ 2) കണ്ണൂരില്‍ എത്തിക്കും. രാവിലെ 10 മണിക്ക് മൃതദേഹം വഹിച്ചുകൊണ്ടുള്ള എയര്‍ ആംബുലന്‍സ് ചെന്നൈയില്‍ നിന്ന് പുറപ്പെടും. കോടിയേരിയുടെ ഭാര്യ വിനോദിനിയും മകന്‍ ബിനോയ് കോടിയേരിയും മൃതദേഹത്തിനൊപ്പം ഉണ്ടാകും.
11 മണിയോടെ കണ്ണൂരില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് വിലാപയാത്രയായി മൃതദേഹം തലശ്ശേരിയില്‍ എത്തിക്കും. ഇന്ന് മുഴുവന്‍ സമയവും തലശ്ശേരി ടൗണ്‍ ഹാളില്‍ കോടിയേരിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്‌ക്കും.
നാളെ(ഒക്‌ടോബര്‍ 3) സിപിഎം കണ്ണൂർ ജില്ല കമ്മിറ്റി ഓഫിസിൽ പൊതു ദർശനത്തിനു വച്ചശേഷം വൈകിട്ട് പയ്യാമ്പലത്ത് സംസ്‌കാര ചടങ്ങുകള്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഇന്ന് ഉച്ചയോടെ തലശ്ശേരിയിൽ എത്തും.
ഇന്നലെ (ഒക്‌ടോബര്‍ 1) രാത്രി എട്ടിന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ വച്ചാണ് കോടിയേരിയുടെ അന്ത്യം സംഭവിച്ചത്. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. കോടിയേരിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് അന്ത്യം.
Also Read: കോടിയേരി ബാലകൃഷ്‌ണൻ അന്തരിച്ചു, വിട വാങ്ങിയത് എതിരാളികള്‍ക്ക് പോലും സ്വീകാര്യനായ സിപിഎമ്മിന്‍റെ അമരക്കാരൻ