കുടിവെള്ള പ്രശ്നം രൂക്ഷമായ കണ്ണൂർ സമാജ് വാദി കോളനിക്കാർ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ബഹിഷ്കരിക്കും. രാഷ്ട്രീയ പാർട്ടികളുടെ കടുത്ത അവഗണനയിൽ പ്രതിഷേധിച്ചാണ് വോട്ട് ബഹിഷ്കരണം. 113 കുടുംബങ്ങളിലായി അഞ്ഞൂറിലേറെ പേരാണ് കോളനിയിൽ കഴിയുന്നത്. പിഞ്ചു കുഞ്ഞുങ്ങളടക്കം അഞ്ഞൂറിലേറെ പേർ തിങ്ങി കഴിയുന്ന സമാജ് വാദി കോളനിയിൽ മൂന്ന് കിണറുകളുണ്ട്. അതില്‍ രണ്ടെണ്ണം കാടുമൂടി ഉപയോഗശൂന്യമായി. മറ്റൊരു കിണർ വറ്റി തുടങ്ങി. കോർപ്പറേഷൻ പൈപ്പിൽ ആഴ്ചയിൽ ഒരിക്കൽ വെള്ളം വന്നാൽ ഭാഗ്യം. കോളനിയിൽ എവിടെ തിരിഞ്ഞാലും ഒഴിഞ്ഞ പാത്രങ്ങളാണ്. പൈപ്പിൽ വെള്ളം വന്നാൽ തമ്മിലടിയും.
കുടിവെള്ളമില്ലെങ്കില്‍ വോട്ടില്ലെന്ന് സമാജ് വാദി കോളനി - പോരാട്ടം 2019
വോട്ട് ബഹിഷ്കരണം കുടിവെള്ള പ്രശ്നത്തില്‍ രാഷ്ട്രീയ പാർട്ടികളുടെ അവഗണനയിൽ പ്രതിഷേധിച്ച്.
എല്ലാ രാഷ്ട്രീയക്കാരെയും ഒരുപോലെ വിശ്വസിക്കുന്ന കോളനിക്കാർ കരഞ്ഞുപറഞ്ഞിട്ടും ആരും ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് അവർ പറയുന്നു. തരംതാഴ്ത്തലും അവഗണനയും സഹിക്കാവുന്നതിലും അപ്പുറം ആയതോടെ ഈ കുടുംബങ്ങൾ ഇത്തവണ ഒരു തീരുമാനമെടുത്തു. വോട്ട് ബഹിഷ്കരിക്കാൻ. ഈ തെരഞ്ഞെടുപ്പിനു മുമ്പെങ്കിലും കുടിവെള്ള പ്രശ്നത്തിന് പരിഹാരമായില്ലെങ്കിൽ വോട്ടില്ല എന്ന് കോളനിക്കാർ ഒരേ സ്വരത്തിൽ പറയുന്നു. കൂലിവേല ചെയ്ത് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഈ 113 വീട്ടുകാരും ജീവിക്കുന്നത്. അതിനിടയിലും മാറിമാറിവരുന്ന സർക്കാരുകളിൽ മാത്രമാണ് ഇവരുടെ പ്രതീക്ഷ.