തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് കണ്ണൂരിലെ എൽഡിഎഫ് സ്ഥാനാർഥി പി കെ ശ്രീമതി. കണ്ണൂരിൽ രണ്ടാമങ്കത്തിനിറങ്ങിയ ശ്രീമതി ടീച്ചർ കണ്ണൂർ സർവകലാശാലയുടെ പാലയാട് ക്യാമ്പസിൽ നിന്നാണ് പ്രചാരണത്തിന് തുടക്കമിട്ടത്. എതിരാളി ആരായാലും താൻ ബഹുദൂരം മുന്നിലാണെന്നും തന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും വോട്ടെന്നും ശ്രീമതി ടീച്ചര്‍ പറഞ്ഞു.
കണ്ണൂരിൽ ചെങ്കൊടി പാറിക്കാൻ പി കെ ശ്രീമതി ടീച്ചർ - LDF
എതിരാളി ആരായാലും വോട്ട് താൻ ചെയ്ത പ്രവർത്തനങ്ങൾക്ക് ആയിരിക്കുമെന്ന് പികെ ശ്രീമതി. കണ്ണൂർ സർവകലാശാലയുടെ പാലയാട് ക്യാമ്പസിൽ വിദ്യാർഥികൾ നൽകിയ സ്വീകരണം ഏറ്റുവാങ്ങുകയായിരുന്നു ടീച്ചർ.
സ്കൂൾ ഓഫ് ജേർണലിസം സെന്‍ററും സർക്കാർ ഐടിഐയും പോളിടെക്നിക്കും സന്ദർശിച്ച ശേഷമാണ് ശ്രീമതി ടീച്ചർ കണ്ണൂർ സർവകലാശാലയുടെ പാലയാട് ക്യാമ്പസിൽ എത്തിയത്. ബാന്‍റ് മേളത്തിന്‍റെഅകമ്പടിയിൽ വർണ്ണക്കുടകൾ നിവർത്തി മാലയിട്ടാണ് വിദ്യാർഥികൾ സ്ഥാനാർഥിയെ സ്വീകരിച്ചത്. തുടർന്ന് ക്യാമ്പസിലൂടെ ഘോഷയാത്രയും നടത്തി. കാത്തുനിന്നവരെ അഭിവാദ്യം ചെയ്ത പി കെ ശ്രീമതി വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വോട്ട് അഭ്യർഥിച്ചത്. ഏറെ വൈകിയും കാത്തുനിന്നവരോടൊപ്പം ചായ കുടിച്ചും മധുരം പങ്കിട്ടുമാണ് കണ്ണൂരിലെ എൽഡിഎഫ് സ്ഥാനാർഥി മടങ്ങിയത്.
കണ്ണൂരിൽ പ്രചാരണം ആരംഭിച്ച് എൽഡിഎഫ് സ്ഥാനാർഥി പി കെ ശ്രീമതി ടീച്ചർ