കണ്ണൂര്‍: കഴിഞ്ഞ അഞ്ച് മാസമായി ശമ്പളമില്ലാതെ ദുരിതത്തിലായിരിക്കുകയാണ് കൈറ്റിന് (കേരള ഇന്‍ഫ്രാസ്‌ടെക്‌ച്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യുക്കേഷന്‍ (KITE) കീഴില്‍ ദിവസ വേതനത്തില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍. കൈറ്റിന് കീഴില്‍ ജില്ലയില്‍ മാത്രം 18 പേരും കേരളത്തിലാകെ 228 അധ്യാപകരുമാണുള്ളത്. ഇവരാണ് നയാപൈസ ശമ്പളമില്ലാതെ ബുദ്ധിമുട്ടിലായിരിക്കുന്നത്.
കൈറ്റിന് കീഴിലെ ട്രെയിനർമാർ ട്രെയിനിങ്ങിന് പോകുമ്പോൾ വിവിധ വിഷയങ്ങളിലെ അധ്യാപകർ ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതാണ് രീതി. യുപി, ഹൈസ്‌കൂള്‍, ഹയർസെക്കന്‍ഡറി എന്നിങ്ങനെ ദിവസ വേതനത്തിന്‍റെ കണക്ക് വ്യത്യസ്‌തമാണ്. ഹൈസ്‌കൂളിന് 1100, ഹയർ സെക്കന്‍ഡറിക്ക് 1200 എന്നിങ്ങനെയാണ് താത്‌കാലിക അധ്യാപകരുടെ ദിവസ വേതനം.
എന്നാൽ കഴിഞ്ഞ 5 മാസമായി ഇവർക്ക് ശമ്പളം ലഭിക്കുന്നില്ല. ശമ്പളം നല്‍കാന്‍ ഫണ്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ അവഗണന. 2023 ഓഗസ്റ്റിലാണ് ഇവർക്ക് അവസാനമായി ശമ്പളം ലഭിച്ചത്. സംസ്ഥാനത്തുടനീളം ഈ മേഖലയിൽ പ്രവർത്തിക്കുന്ന അധ്യാപകരുടെ എണ്ണം കുറവായതിനാൽ കൂട്ടായ ഒരു സമരത്തിലേക്ക് ഇറങ്ങാനും കഴിയാത്ത സ്ഥിതിയാണുള്ളത്.
പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉടനടി പരിഹരിക്കുമെന്ന് കൊട്ടിഘോഷിച്ച് സര്‍ക്കാര്‍ നടപ്പാക്കിയ നവകേരള സദസിലും അധ്യാപക സംഘം പരാതിയുമായെത്തി. പരാതി നല്‍കിയ ഇവര്‍ക്ക് നേരിടേണ്ടി വന്നത് കയ്‌പ്പേറിയ അനുഭവമാണ്.