പൊടിക്കുണ്ടിലെ കീനാരി രാജൻ ചരിത്രത്തിന്‍റെ സൂക്ഷിപ്പുകാരൻ കണ്ണൂർ :ഓരോ കടലാസ് തുണ്ടിലും ചരിത്രമുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് കണ്ണൂർ പൊടികുണ്ടിലെ കീനാരി രാജൻ (Kinari Rajan Paper Cutting Collection). ചരിത്ര പണ്ഡിതനോ എഴുത്തുകാരനോ ഒന്നുമല്ല രാജൻ. വെറുമൊരു നാട്ടുമ്പുറത്തുകാരനായ പ്രവാസി. ഇന്ന് 71 വയസ് കഴിഞ്ഞു അദ്ദേഹത്തിന്. ഏതൊരു മനുഷ്യനും പിന്നിലും അദൃശ്യമായ ഒരു ശക്തിയുടെ കൂട്ടുണ്ടെന്ന് കാട്ടിത്തരുന്ന ഒരാൾ കൂടിയാണ് രാജൻ.
1980ലാണ് രാജൻ മസ്‌കറ്റിലേക്ക് വിമാനം കയറിയത്. എട്ട് വർഷത്തോളം അവിടെ ജോലി ചെയ്‌തു. അവിടെ നിന്ന് തന്‍റെ സ്വന്തം രേഖകൾ സൂക്ഷിച്ചു തുടങ്ങിയതാണ് രാജൻ. മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറം അദ്ദേഹത്തിന്‍റെ വീട്ടിലെ അലമാരകൾ തുറന്നാൽ ആരും ഒന്ന് അമ്പരക്കും. വർഷങ്ങൾക്കു മുമ്പ് സ്വന്തം വീടിനുവേണ്ടി അടച്ച വൈദ്യുത ബില്ലും പലചരക്ക് ബില്ലും വർഷങ്ങൾക്കിപ്പുറവും നിലവിലെ ബില്ലുമായി അദ്ദേഹം തെളിവ് സഹിതം താരതമ്യപ്പെടുത്തുകയാണ്.
കഴിഞ്ഞില്ല കേരളത്തിലെ മഹാരഥന്മാരുടെ ഓരോ നിമിഷങ്ങളും, ഇന്ത്യയെയും കേരളത്തെയും ഞെട്ടിച്ച വാർത്തകളുമെല്ലാം അടുക്കും ചിട്ടയോടെ രാജൻ തന്‍റെ ഷെൽഫിൽ എടുത്തുവച്ചിട്ടുണ്ട് (rare newspaper cuttings). ഒരു വാർത്തകളും കളയാൻ തോന്നുന്നില്ല. അതാണ് എന്‍റെ ശീലവും. ആ ശീലത്തിന് ഒരു അടുക്കും ചിട്ടയും ഉണ്ടാക്കിയപ്പോൾ ബൈൻഡിങ്ങിനെ പോലും വെല്ലുന്ന രീതിയിലാണ് ഡയറികളിൽ പത്രത്താളുകൾ രാജൻ ഒട്ടിച്ചു ചേർത്തത്. ഇന്ന് മനോരമയും മാതൃഭൂമിയും ദേശാഭിമാനിയും എന്തിന് ബാലഭൂമിയും ബാലമംഗളവും അദ്ദേഹം ചേർത്തുപിടിച്ചു കൊണ്ടിരിക്കുകയാണ്.
ഗാന്ധിജി മുതൽ ഫഹദ് ഫാസിൽ വരെയുള്ളവരുടെ കല്യാണ ഫോട്ടോയുണ്ട് രാജന്‍റെ ശേഖരത്തിൽ. നെഹ്റുവും കമലയും, ഇന്ദിര ഗാന്ധിയും ഫിറോസ് ഗാന്ധിയുമെല്ലാം ചേരുന്ന മംഗള നിമിഷങ്ങൾ ഓരോ പേജുകളിലായാണ് അദ്ദേഹം ചേർത്ത് വച്ചിട്ടുള്ളത്. കൂടാതെ കൊങ്കൺ റെയിൽവേയുടെ തുടക്കം മുതലുള്ള പത്രവാർത്തകൾ സാഹിത്യകാരൻമാരുടെ സംഭവങ്ങൾ എല്ലാം ലാമിനേറ്റഡ് ചെയ്‌താണ് സൂക്ഷിക്കുന്നത്. അടുത്ത കാലത്തായി അന്തരിച്ച ഉമ്മൻ ചാണ്ടിയുടെയും കോടിയേരി ബാലകൃഷ്‌ണന്‍റെയും മരണ ദിവസത്തെ പത്രവാർത്തകൾ അദ്ദേഹം ലാമിനേറ്റ് ചെയ്‌തുകഴിഞ്ഞു.
രാജന്‍റെ വാർത്ത ശേഖരം കണ്ട ആരാധകർ സ്വന്തമായി ലാമിനേറ്റ് ചെയ്യാനുള്ള യന്ത്രവും അദ്ദേഹത്തിന് നൽകി കഴിഞ്ഞു. ഇതുവരെ മൂന്ന് ലക്ഷം വാർത്ത കട്ടിങുകൾ ശേഖരിച്ച ആദ്ദേഹം ഇപ്പോഴും ആ യാത്ര തുടരുകയാണ്. മരണ വാർത്ത മാത്രം ഒരു ലക്ഷം പിന്നിട്ടു. മൂവായിരത്തോളം വാർത്തകൾ മാത്രമാണ് ലാമിനേഷൻ ചെയ്‌തിട്ടുള്ളത്. എങ്കിലും തുടർന്ന് ശേഖരം വിപുലമാക്കാൻ ലാമിനേഷൻ പേപ്പറിനായി ആരുടെയെങ്കിലും സഹായത്തിനായി കാത്തിരിക്കുകയാണ് അദ്ദേഹം. ഒരു ലക്ഷം രൂപയോളം വരുന്ന ഡയറികൾ തന്‍റെ പക്കലുണ്ടെന്നാണ് രാജൻ പറയുന്നത്
രാവിലെ പുലർച്ചയോടെ പത്രവായന ആരംഭിക്കുന്ന രാജൻ സ്വന്തമായി വീട്ടിൽ വരുത്തുന്ന മാതൃഭൂമിയും ദേശാഭിമാനിയും വായിച്ച ശേഷം അയൽവീട്ടിൽ നിന്നാണ് മറ്റുപത്രങ്ങൾ ശേഖരിക്കുക. തുടർന്ന് ക്രമമായി പത്രം വായിക്കുന്നതോടൊപ്പം ഏതെല്ലാം വാർത്തകൾ സൂക്ഷിച്ചുവയ്‌ക്കണമെന്ന് മാർക്ക് ചെയ്‌ത ശേഷം മാത്രമേ കുടുംബത്തിലുള്ളവർക്ക് പത്രം കൈമാറുകയുള്ളു എന്ന് മകൻ റൈജേഷ് കെ സി പറയുന്നു.
രാജന്‍ താമസിക്കുന്ന പ്രദേശത്ത് ഓരോ ദിവസവും മരണപ്പെടുന്നവരുടെ പത്രവാർത്തകൾ സൂക്ഷിക്കാൻ ഒരു മരണ ഡയറക്‌ടറിയും അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. അതോടൊപ്പം പ്രളയ വാർത്തകൾക്കായും, വിവാഹ വാർത്തകൾക്കായുമെല്ലാം പ്രത്യേക ഡയറികളിലായാണ് അദ്ദേഹം സൂക്ഷിക്കുന്നത്.