കണ്ണൂർ: ഇനി പയ്യന്നൂരിലെ ഓട്ടോറിക്ഷാ തൊഴിലാളികൾ ഖാദി യൂണിഫോം അണിയും. നഷ്‌ടത്തിൽ നിന്ന് ഖാദി മേഖലയെ സഹായിക്കാനാണ് പയ്യന്നൂരെ ഓട്ടോ തൊഴിലാളികൾ രംഗത്തെത്തിയിരിക്കുന്നത്. കാക്കി യൂണിഫോം ഖാദിയാക്കാനാണ് ഓട്ടോ തൊഴിലാളികളുടെ തീരുമാനം.
ഇതോടെ ഇന്ത്യയിൽ തന്നെ ആദ്യമായി യൂണിഫോം ഖാദിയാക്കിയ ഡ്രൈവർമാരായി പയ്യന്നൂരെ ഓട്ടോതൊഴിലാളികൾ മാറുമെന്ന് ഇവര്‍ പറയുന്നു. ഒരു കാലത്ത് വളരെ പ്രൗഢിയുടെയും അഭിമാനത്തിന്‍റെയും വസ്‌ത്രമായിരുന്നു ഖാദി. എണ്ണിയാലൊടുങ്ങാത്ത ഖാദി തുണികൾ നെയ്തെടുത്ത ചരിത്രമാണ് പയ്യന്നൂരിലെ ഖാദി കേന്ദ്രത്തിനുള്ളത്.
ഇനി പയ്യന്നൂരെ ഓട്ടോറിക്ഷ ഡ്രൈവർമാർ ഖാദിയിലാണ് എന്നാൽ ഇന്ന് പയ്യന്നൂരിലെ ഖാദി മേഖല പ്രതിസന്ധിയുടെ കാലത്തിലൂടെയാണ് കടന്ന് പോകുന്നത്. പയ്യന്നൂരിലെ ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ നീക്കം ഖാദി മേഖലയുടെ മുന്നേറ്റത്തിന് കരുത്താകും. മുന്നൂറോളം ഓട്ടോ ഡ്രൈവർമാരാണ് ഖാദി യൂണിഫോം അണിയാൻ ഒരുങ്ങുന്നത്.
ഖാദി ഏറ്റവും സ്വാഭാവികവും ജൈവികവുമായ തുണിത്തരമാണ്. ഇന്ത്യൻ കാലാവസ്ഥയ്ക്ക് അനുയോജ്യം, വേനൽക്കാലത്ത് ഇത് ധരിക്കുമ്പോൾ തണുപ്പ് നൽകുകയും ശൈത്യകാലത്ത് ചൂട് നിലനിർത്തുകയും ചെയ്യുന്നു.
പയ്യന്നൂർ ഖാദി കേന്ദ്രത്തിൽ ഉൽപാദിപ്പിക്കുന്ന കാക്കി നിറമുള്ള ഖാദി തുണിയാകും ഡ്രൈവർമാരുടെ യൂണിഫോമാകുക. തൊഴിലാളി നേതാക്കൾ ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജന് ഇതു സംബന്ധിച്ച ഉറപ്പു നൽകിയിട്ടുണ്ട്. സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിനു പേരുകേട്ട പയ്യന്നൂരിലെ ഓട്ടോ ഡ്രൈവർമാരുടെ നീക്കം അഭിമാനകരമാണെന്ന് പി ജയരാജൻ പറഞ്ഞു.