കണ്ണൂര്‍: പിണറായി വിജയൻ... പ്രളയത്തിലും കൊവിഡിലും കേരളത്തെ കൈപിടിച്ച് നടത്തിയ നായകൻ. വികസനവും ജനക്ഷേമം വോട്ടായിമാറിയപ്പോൾ തുടര്‍ഭരണമെന്ന ചരിത്ര നിയോഗമാണ് പിണറായി വിജയൻ നയിക്കുന്ന എല്‍ഡിഎഫ് മന്ത്രിസഭയ്ക്ക്. ഇന്ന് പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനം ചേരുമ്പോൾ പിണറായി വിജയന് 76-ാം പിറന്നാൾ. നിയമസഭ സമ്മേളനം തുടങ്ങുന്ന ദിവസമെന്നതിനപ്പുറം മറ്റ് പ്രത്യേകതകളൊന്നുമില്ലെന്നും പിറന്നാളിന്‍റെ ഭാഗമായി ആഘോഷങ്ങളോ ചടങ്ങുകളോ ഉണ്ടാവില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഒന്നാം പിണറായി സർക്കാരിന്‍റെ സത്യപ്രതിജ്ഞയുടെ തലേ ദിവസമായ 2016 മെയ് 24 നാണ് കേരളം അതുവരെ അറിയാതിരുന്ന ജന്മദിന രഹസ്യം പിണറായി വെളിപ്പെടുത്തിയത്.
കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വിത്തു വീണ കണ്ണൂർ ജില്ലയിലെ പിണറായിയിലെ പാറപ്പുറമെന്ന ഗ്രാമത്തില്‍ 1945 മെയ് 24ന് മുണ്ടയില്‍ കോരന്‍റെയും കല്യാണിയുടേയും പതിനാലാമത്തെ മകനായി ജനനം. അച്ഛന്‍റെ മരണത്തോടെ കുടുംബത്തിന്‍റെ സാമ്പത്തികമായി മോശമായി. ബീഡിത്തൊഴിലിന് പറഞ്ഞയക്കാന്‍ അമ്മ ശ്രമിച്ചെങ്കിലും അധ്യപകനായ ഗോവിന്ദന്‍ മാഷിന്‍റെ നിര്‍ബന്ധത്തിന് വഴങ്ങി വിജയന്‍ പഠനം തുടര്‍ന്നു. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ സിപിഎമ്മിന്‍റെ നേതൃ നിരയിലെത്തി. അടിയന്തരാവസ്ഥക്കാലത്ത് 18 മാസം കണ്ണൂർ സെൻട്രല്‍ ജയിലില്‍ തടവുകാരനായിരുന്നു. 1998 മുതല്‍ 2015 വരെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ നിലവില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗമാണ്.