കേരളം

kerala

മാറി വീശുമോ കണ്ണൂരിന്‍റെ ചുവപ്പൻ കാറ്റ്

By

Published : Apr 2, 2021, 8:01 PM IST

ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് ജയിച്ചു കയറുമെങ്കിലും തദ്ദേശത്തിലും നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഇടത് അപ്രമാദിത്വമാണ് കണ്ണൂരില്‍. ചുവന്ന മണ്ണിലെ രാഷ്ട്രീയ കൗതുകമാണ് യുഡിഎഫ് ജയിക്കുന്ന കണ്ണൂരും പേരാവൂരും ഇരിക്കൂരും. മുഖ്യമന്ത്രി മത്സരിക്കുന്ന ധര്‍മടം തന്നെയാണ് സംസ്ഥാനം മുഴുവന്‍ ഉറ്റുനോക്കുന്ന ജില്ലയിലെ പ്രധാന മണ്ഡലം.

kerala assembly election kannur district election analysis story kerala assembly election 2021 kerala election news kerala niyamasabha election kannur district assembly seats election kannur election news നിയമസഭാ തെരഞ്ഞെടുപ്പ് നിയമസഭാ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ കണ്ണൂര്‍ തെരഞ്ഞെടുപ്പ് വാര്‍ത്ത കേരളാ നിയമസഭാ തെരഞ്ഞെടുപ്പ് 2021
മാറി വീശുമോ കണ്ണൂരിന്‍റെ ചുവപ്പൻ കാറ്റ്

അധിനിവേശത്തിന് കീഴ്‌പ്പെടാത്ത ദ്രാവിഡപ്പഴമയുടെ രൗദ്രതാളം ഉറഞ്ഞാടുന്ന തെയ്യാട്ടക്കാവുകളുടെ സ്ഥൈര്യതയാണ് കണ്ണൂരിന്‍റെ രാഷ്ട്രീയ മനസിന്. മാപ്പിളച്ചാമുണ്ഡിയും ഉമ്മച്ചിത്തെയ്യവുമെല്ലാം മലബാറിന്‍റെ സാമൂഹ്യ നിഷ്പക്ഷതയ്ക്ക് ഉത്തമോദാഹരണം. സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളുടെ വളർച്ചയ്ക്കും വൈദേശിക ആധിപത്യത്തിന് എതിരായ പോരാട്ടത്തിനും കരുത്ത് പകർന്ന കണ്ണൂർ. പിണറായിയിലെ പാറപ്പുറത്ത് നിന്നും കേരളമാകെ പടര്‍ന്നു കയറിയ ഇടതുപക്ഷ രാഷ്ട്രീയത്തിന്‍റെ പൈതൃകഭൂമിയും ഇതു തന്നെ. ശ്വസിക്കുന്ന കാറ്റിന് പോലും രാഷ്ട്രീയമുള്ള കണ്ണൂർ പാർട്ടിക്കു വേണ്ടി ജീവൻ നല്‍കിയ രക്തസാക്ഷികളുടെ മണ്ണ് കൂടിയാണ്.

മാറി വീശുമോ കണ്ണൂരിന്‍റെ ചുവപ്പൻ കാറ്റ്

ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് ജയിച്ചു കയറുമെങ്കിലും തദ്ദേശത്തിലും നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഇടത് അപ്രമാദിത്വം തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. 2016ല്‍ ജില്ലയിലെ 11 മണ്ഡലങ്ങളില്‍ എട്ടിടത്തും ജയം ഇടതുമുന്നണിക്ക്. 2011ല്‍ നേടിയ അഞ്ച് സീറ്റില്‍ നിന്ന് യുഡിഎഫ് മൂന്നിലേക്ക് താഴ്ന്നു. ജില്ലയിലെ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന കണ്ണൂര്‍, വടകര ലോക്‌സഭാ മണ്ഡലങ്ങളില്‍ 2019ല്‍ വിജയിച്ചു കയറിയത് യുഡിഎഫും. തദ്ദേശത്തില്‍ പക്ഷെ പതിവുപോലെ ഇടത് തേരോട്ടം. 71ല്‍ 51 ഗ്രാമപ്പഞ്ചായത്തുകളും 11ല്‍ ഒമ്പത് ബ്ലോക്കുകളും എട്ടില്‍ അഞ്ച് നഗരസഭകളും ഇടതുപക്ഷത്തോടൊപ്പം നിന്നു. 14 പഞ്ചായത്തുകളും ഒരു ബ്ലോക്ക് പഞ്ചായത്തും മൂന്ന് നഗരസഭകളും യുഡിഎഫിന്. കഴിഞ്ഞ തവണ പൊരിഞ്ഞ പോരാട്ടം നടന്ന കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ആധികാരിക വിജയം നേടിയത് യുഡിഎഫിന് ആശ്വാസമായി.

പയ്യന്നൂര്‍, കല്യാശേരി, മട്ടന്നൂര്‍, ധര്‍മടം, തലശേരി മണ്ഡലങ്ങളുടെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ കമ്മ്യൂണിസ്റ്റ് എംഎല്‍എമാർ മാത്രമാണ് നിയമസഭയിലേക്ക് ജയിച്ചു പോയിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മടത്ത് വലിയ രാഷ്ട്രീയ മത്സരത്തിന് പ്രസക്തിയില്ല. 2008ല്‍ രൂപീകരണത്തിന് ശേഷം 2011ല്‍ നടന്ന തെരഞ്ഞെടുപ്പ് മുതല്‍ ധർമടം ഇടതിനൊപ്പം നിന്നു. പിണറായിക്ക് ഈസി വാക്കോവര്‍ പ്രതീക്ഷിക്കുന്ന മണ്ഡലത്തില്‍ പരമാവധി വോട്ട് പിടിച്ച് ഭൂരിപക്ഷം കുറയ്ക്കുകയെന്നതാവും യുഡിഎഫ് തന്ത്രം. മൂന്നാം സ്ഥാനത്തുള്ള എൻഡിഎ ധർമടത്ത് ഏറെക്കുറെ അപ്രസക്തമാണ്. മണ്ഡലത്തിൽ വലിയ നേട്ടങ്ങൾ ഒന്നും അവകാശപ്പെടാനില്ലെങ്കിലും ഇടത് കോട്ടയിൽ വോട്ടിങ് ശതമാനം ഉയർത്താനാവും എൻഡിഎ പ്രധാനമായും ലക്ഷ്യം വയ്ക്കുക. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ സ്ഥാനാര്‍ഥിത്വവും മണ്ഡലത്തെ ശ്രദ്ധേയമാക്കുന്നു.

1967 മുതല്‍ സിപിഎം നേതാക്കള്‍ മാത്രം വിജയിക്കുന്ന പയ്യന്നൂര്‍, എംവി രാഘവനും പിണറായി വിജയുനമടക്കമുള്ളവര്‍ പ്രതിനീധികരിച്ച മണ്ഡലമാണ്. പാര്‍ട്ടി ശക്തി കേന്ദ്രത്തില്‍ തദ്ദേശത്തിലും ഇടതുമുന്നണി മാത്രം. മറ്റ് പാര്‍ട്ടികള്‍ക്ക് വലിയ മത്സരം കാഴ്ച വയ്ക്കാനില്ലാത്ത മണ്ഡലത്തില്‍ രണ്ട് ടേം നിബന്ധന പാലിച്ച് സിറ്റിംഗ് എംഎല്‍എ സി കൃഷ്ണന് പകരം ടിഐ മധുസൂദനനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. യുഡിഎഫില്‍ നിന്ന് എം പ്രദീപ് കുമാറും എന്‍ഡിഎ സ്ഥാനാര്‍ഥിയായി കെകെ ശ്രീധരനും മത്സരത്തിനെത്തുന്നു. ഇകെ നായനാരുടെ ജന്മദേശമായ കല്യാശേരി എന്നും ഇടതുപക്ഷത്തിന്‍റെ ഉരുക്കുകോട്ടയാണ്. 2008ല്‍ മണ്ഡല രൂപീകരണത്തിന് ശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും വിജയിച്ച ടിവി രാജേഷിന് പകരം ഇത്തവണ യുവനേതാവ് എം വിജിനാണ് കല്യാശേരിയിലെ ഇടതുസ്ഥാനാര്‍ഥി. മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളും എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ മാടായി മാട്ടൂല്‍ പഞ്ചായത്തുകളില്‍ യുഡിഎഫാണ് അധികാരത്തില്‍. ബ്രിജേഷ് കുമാര്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമ്പോള്‍ പരമാവധി വോട്ടുപിടിക്കാന്‍ അരുണ്‍ കൈതപ്രത്തെയാണ് എന്‍ഡിഎ രംഗത്തിറക്കുന്നത്. 1957ല്‍ രൂപം കൊണ്ടു, 1965ല്‍ ഇല്ലാതായി, പിന്നീട് 46 വര്‍ഷത്തിന് ശേഷം 2011ല്‍ പുനര്‍രൂപീകരണം, നടന്ന നാല് തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷത്തിന് മിന്നും ജയം. അങ്ങനെയൊരു ചരിത്രമുണ്ട് മട്ടന്നൂര്‍ മണ്ഡലത്തിന്. ഇപി ജയരാജൻ പ്രതിനിധീകരിച്ചിരുന്ന മണ്ഡലത്തില്‍ ആരോ​ഗ്യ മന്ത്രി കെകെ ശൈലജയാണ് ഇത്തവണ ഇടതുസ്ഥാനാര്‍ഥി. എല്‍ഡിഎഫിന്‍റെ കുത്തക മണ്ഡലത്തില്‍ വലിയ പ്രതീക്ഷകളില്ലെങ്കിലും കനത്ത മത്സരം കാഴ്ചവയ്ക്കാനാണ് മറ്റ് മുന്നണികളുടെ ശ്രമം. വിആർ കൃഷ്ണയ്യർ മുതൽ എഎൻ ഷംസീർ വരെയുള്ള ഇടതു എംഎൽഎമാരെ മാത്രം ജയിപ്പിച്ച ചരിത്രമാണ് തലശേരിക്ക് പറയാനുള്ളത്. വിആർ കൃഷ്ണയ്യർ, പാട്യം ഗോപാലൻ, എൻഇ ബലറാം, എംവി രാജഗോപാലൻ, ഇകെ നായനാർ, കോടിയേരി ബാലകൃഷ്ണൻ എന്നിവർ നിയമസഭയിലെത്തിയത് തലശേരിയുടെ തലയെടുപ്പോടെ. ഏകപക്ഷീയ ഇടതുവിജയങ്ങള്‍ മാത്രം കണ്ടു ശീലിച്ച തലശേരിക്ക് മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷവും പതിവ് സ്വഭാവത്തില്‍ മാറ്റമില്ല. സിറ്റിംഗ് എംഎല്‍എ എഎന്‍ ഷംസീര്‍ രണ്ടാമങ്കത്തിനിറങ്ങുമ്പോള്‍ എംപി അരവിന്ദാക്ഷനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. വോട്ട് കച്ചവടാരോപണം ഉയര്‍ന്ന മണ്ഡലത്തില്‍ ഇക്കുറി എന്‍ഡിഎ സ്ഥാനാര്‍ഥിയില്ല. ബിജെപിക്ക് ഏറ്റവും കൂടുതല്‍ വോട്ടുകളുള്ള മണ്ഡലങ്ങളിലൊന്നായ തലശേരിയില്‍ ജില്ലാ സെക്രട്ടറി എന്‍ ഹരിദാസിന്‍റെ നാമനിര്‍ദേശ പത്രിക തള്ളിയതോടെ പ്രതിരോധത്തിലായ ബിജെപി ഇടത് വിമതന്‍ സിഒടി നസീറിനെയാണ് പിന്തുണയ്ക്കുന്നത്. ഏറ്റവും ഒടുവില്‍ സിഒടി നസീർ ബിജെപി പിന്തുണ വേണ്ടെന്ന് പറഞ്ഞതോടെ വീണ്ടും തലശേരിയില്‍ വോട്ടു കച്ചവട ആരോപണം സജീവമാണ്.

1960തിനിപ്പുറം ഒരു തവണ മാത്രം വലത്തോട്ട് ചാഞ്ഞ കൂത്തുപറമ്പ്, 1970ന് ശേഷം സിപിഎം സ്ഥാനാർഥികൾ മാത്രം ജയിച്ചുവരുന്ന തളിപ്പറമ്പ്. രണ്ടിടത്തും ഇത്തവണ കനത്ത മത്സരം കാഴ്ച വയ്ക്കുകയാണ് യുഡിഎഫ്. രക്തസാക്ഷികളുടെ ഓര്‍മകള്‍ ഉണരുന്ന കൂത്തുപറമ്പില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പം നിന്ന് മത്സരിച്ച് തോറ്റ എല്‍ജെഡിക്കാണ് എല്‍ഡിഎഫ് സീറ്റ് നല്‍കിയിരിക്കുന്നത്. കെകെ ശൈലജ തോല്‍പ്പിച്ച കെപി മോഹനനായി ഇടത് മുന്നണി പ്രവര്‍ത്തകര്‍ വോട്ടു തേടുമ്പോള്‍ കരുത്തനായ ലീഗ് പ്രാദേശിക നേതാവ് പൊട്ടന്‍കണ്ടി അബ്ദുള്ളയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. മണ്ഡലത്തില്‍ ആഴത്തില്‍ വേരുകളുള്ള അബ്ദുള്ളയുടെ സ്ഥാനാര്‍ഥിത്വം തന്നെയാണ് ഇടതുകോട്ടയില്‍ മത്സരം കടുപ്പിക്കുന്നത്. കൂത്തുപറമ്പ് നഗരസഭയും നാല് പഞ്ചായത്തുകളും എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ പാനൂര്‍ നഗരസഭയിലും തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തിലും വിജയം യുഡിഎഫിനൊപ്പം നിന്നു. 1996ലും 2001ലും മണ്ഡലത്തില്‍ നിന്ന് ജയിച്ചുകയറിയ എംവി ഗോവിന്ദന്‍ തളിപ്പറമ്പില്‍ മൂന്നാമങ്കത്തിനെത്തുമ്പോള്‍ എക്കാലത്തും ചരിത്ര ഭൂരിപക്ഷം നല്‍കുന്ന മണ്ഡലത്തില്‍ ഉറച്ച വിജയ പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. ആറ് പഞ്ചായത്തുകളും പ്രതിപക്ഷം പോലുമില്ലാത്ത ആന്തൂര്‍ മുനിസിപ്പാലിറ്റിയും കോട്ട കാക്കാന്‍ ഉതകുന്ന സിപിഎം ശക്തി കേന്ദ്രങ്ങളാണ്. ഇടതിന് ഉറപ്പുള്ള മണ്ഡലത്തില്‍ ഇത്തവണ അട്ടിമറി നടത്താമെന്നാണ് യുഡിഎഫ് പ്രതീക്ഷ. തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിലെ ലീഗ് സ്വാധീനവും മൂന്ന് പഞ്ചായത്തുകളിലെ ഭരണവും യുഡിഎഫിന് ആത്മവിശ്വാസം പകരുന്നു. എപി ഗംഗാധരനിലൂടെ സ്വാധീനം വര്‍ധിപ്പിക്കാനാണ് എന്‍ഡിഎ നീക്കം.

കണ്ണൂരും പേരാവൂരും ഇരിക്കൂരും, ചുവന്ന മണ്ണില്‍ കൈപിടിച്ചു നില്‍ക്കുന്ന യുഡിഎഫ് മണ്ഡലങ്ങള്‍. കണ്ണൂരിന്‍റെ ചരിത്രം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം കൂടിയാണ്. കമ്മ്യൂണിസ്റ്റ് നേതാക്കളായ സി കണ്ണനും കെപി ഗോപാലനും 1957ല്‍ നിയമസഭയിലേക്ക് പോയതും കണ്ണൂരില്‍ നിന്നാണ്. പക്ഷേ അധികകാലം കണ്ണൂർ നിയമസഭ മണ്ഡലത്തിന് ചുവന്നു നില്‍ക്കാൻ കഴിഞ്ഞില്ല. ഒരു സിപിഎം എംഎല്‍എ പോലും കണ്ണൂരില്‍ നിന്ന് നിയമസഭ കണ്ടിട്ടില്ല എന്നതാണ് ഏറ്റവും വലിയ രാഷ്ട്രീയ കൗതുകം. തുടര്‍ച്ചയായി യുഡിഎഫ് മാത്രം വിജയിച്ചു കയറിയ മണ്ഡലത്തില്‍ 2016ല്‍ സ്ഥിതി മാറി. എല്‍ഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച രാമചന്ദ്രൻ കടന്നപ്പള്ളി കണ്ണൂരിന്‍റെ രാഷ്ട്രീയ ചരിത്രം മാറ്റിയെഴുതി പിണറായി മന്ത്രി സഭയില്‍ മന്ത്രിയായി. പതിറ്റാണ്ടുകള്‍ക്ക് ശേഷം നഷ്‌ടപ്പെട്ട കണ്ണൂർ നിയമസഭ മണ്ഡലം തിരിച്ചുപിടിക്കാന്‍ സതീശന്‍ പാച്ചേനിയെ തന്നെ രംഗത്തിറക്കിയാണ് യുഡിഎഫ് പോരാട്ടം. മണ്ഡലം നിലനിര്‍ത്താന്‍ ഇത്തവണയും കടന്നപ്പള്ളി തന്നെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. അഞ്ച് വർഷം മുമ്പ് ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന കണ്ണൂർ കോർപ്പറേഷനിൽ ഇത്തവണ വ്യക്തമായ ആധിപത്യത്തോടെയാണ് യുഡിഎഫ് മേൽക്കൈ നേടിയത്. അതേസമയം മുഖ്യമന്ത്രിക്ക് എതിരായ കെ സുധാകരന്‍റെ വിവാദ പരാമർശങ്ങൾ തിരിച്ചടിയാകുമോ എന്ന ആശങ്ക യുഡിഎഫ് ക്യാമ്പുകളിലുണ്ട്. ഇഞ്ചോടിഞ്ച് പോരാട്ടം പ്രതീക്ഷിക്കുന്ന മണ്ഡലത്തിൽ തികഞ്ഞ ആത്മ വിശ്വാസത്തിലാണ് എൽഡിഎഫ്. കണ്ണൂർ കോർപ്പറേഷനിൽ ചരിത്രത്തില്‍ ആദ്യമായി ഒരു സീറ്റ് സ്വന്തമാക്കാൻ കഴിഞ്ഞതിന്‍റെ ആത്മവിശ്വാസത്തിലാണ് എൻഡിഎ. അതുകൊണ്ടുതന്നെ മികച്ച പ്രകടനം കാഴ്‌ചവയ്ക്കാനാകും ബിജെപി ശ്രമിക്കുക. തദ്ദേശ തെരഞ്ഞെടുപ്പിലെ അടിയൊഴുക്കുകള്‍ നേരിയ ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും പേരാവൂരില്‍ സണ്ണി ജോസഫിന്‍റെ വിജയത്തുടര്‍ച്ച പ്രതീക്ഷിക്കുകയാണ് യുഡിഎഫ്. കെവി സക്കീര്‍ ഹുസൈനെ ഇറക്കി എല്‍ഡിഎഫും ശക്തമായ മത്സരം കാഴ്ചവയ്ക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ അഞ്ച് പഞ്ചായത്തുകള്‍ പിടിച്ചടക്കാനായതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി. ആറളം, കേളകം, മുഴക്കുന്ന്, പായം, പേരാവൂര്‍ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ഭരണം നേടിയപ്പോള്‍ അയ്യന്‍കുന്ന്, കണിച്ചാര്‍, കൊട്ടിയൂര്‍ എന്നിവിടങ്ങള്‍ യുഡിഎഫ് സ്വന്തമാക്കി. 48 വര്‍ഷം ഭരിച്ച കണിച്ചാല്‍ പഞ്ചായത്ത് നഷ്ടമായത് യുഡിഎഫിന് വന്‍ തിരിച്ചടിയായി. ബിജെപിക്ക് കാര്യമായ നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കാത്ത മണ്ഡലത്തില്‍ സ്മിത ജയമോഹനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.

39 വര്‍ഷമായി കെസി ജോസഫെന്ന കോണ്‍ഗ്രസുകാരൻ മാത്രമാണ് മലയോര മണ്ഡലമായ ഇരിക്കൂറില്‍ നിന്ന് നിയമസഭയിലേക്ക് പോകുന്നത്. പ്രമുഖർ പലരും വന്നു. പക്ഷേ കെസി ജോസഫിനെ തോല്‍പ്പിക്കാൻ ആർക്കുമായില്ല. എട്ട് തവണ ഇരിക്കൂറിനെ നിയമസഭയില്‍ പ്രതിനിധീകരിച്ച കെസി ജോസഫ് ഇത്തവണ മത്സരത്തിനില്ലെന്നത് മണ്ഡലത്തെ ശ്രദ്ധേയമാക്കുന്നു. 2016ലും തദ്ദേശത്തിലും ഇടത് തരംഗം ആഞ്ഞടിച്ചപ്പോഴും ഇരിക്കൂര്‍ വേറിട്ടു നിന്നു. ശ്രീകണ്ഠാപുരം നഗരസഭയും ഇരിക്കൂര്‍, ആലക്കോട്, നടുവില്‍, എരുവേശി, ഉളിക്കല്‍ പഞ്ചായത്തുകളും യുഡിഎഫ് നേടി. ചെങ്ങളായി, ഉദയഗിരി, പയ്യാവൂര്‍ പഞ്ചായത്തുകളില്‍ മാത്രമാണ് എല്‍ഡിഎഫിന് ഭരണം ലഭിച്ചത്. ക്രിസ്‌ത്യന്‍ ഭൂരിപക്ഷ മലയോര മേഖലയായ മണ്ഡലത്തില്‍ സജീവ് ജോസഫിലൂടെ ഭൂരിപക്ഷം ഉയര്‍ത്തി ജയം തുടരാമെന്നാണ് യുഡിഎഫിന്‍റെ കണക്കുകൂട്ടല്‍. കേരളാ കോണ്‍ഗ്രസ് എമ്മിന് നല്‍കിയ സീറ്റില്‍ സജി കുറ്റിയാനിമറ്റമാണ് ഇടത് സ്ഥാനാര്‍ഥി. ലീഗ് വോട്ടുകളുടെ സാന്നിധ്യവും കെഎം ഷാജിയുടെ സ്വീകാര്യതയുമാണ് പുനസംഘടനയ്ക്ക് ശേഷം അഴീക്കോട് യുഡിഎഫ് മണ്ഡലമായി മാറാന്‍ കാരണം. തുടര്‍ച്ചയായ മൂന്നാമങ്കത്തിനെത്തുമ്പോള്‍ ഏഴില്‍ നാല് പഞ്ചായത്തുകളും ഒപ്പമുണ്ടെന്ന ആത്മവിശ്വാസമാണ് ഷാജിയുടെ കൈമുതല്‍. കണ്ണൂര്‍ ജില്ലാപ്പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് കെവി സുമേഷാണ് ഇടത് സ്ഥാനാര്‍ഥി. അനധികൃത സ്വത്ത് സമ്പാദനമടക്കം ഷാജിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുയര്‍ത്തിയാണ് ഇടതുമുന്നണി പ്രചാരണം നയിക്കുന്നത്. കെ രഞ്ജിത്തിലൂടെ പരമാവധി വോട്ടുകൾ നേടി മണ്ഡലത്തിലെ സ്വാധീനം ശക്തമാക്കാനാണ് ബിജെപി ശ്രമം.

മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് കണ്ണൂരിലും കേരളത്തിലും ഇടതുപക്ഷത്തിന്‍റെ രാഷ്ട്രീയ മുഖവും ശരീരവുമെല്ലാം. ധര്‍മടത്ത് കാലൂന്നി നിന്ന് വീണ്ടും സംസ്ഥാനത്തിന്‍റെ അധികാരക്കസേരയിലേക്ക് നടന്നുകയറാന്‍ പിണറായി തയ്യാറെടുക്കുമ്പോള്‍ പൂര്‍ണ ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി. കുത്തക സീറ്റുകള്‍ നിലനിര്‍ത്തിയും കൂടുതല്‍ മണ്ഡലങ്ങള്‍ പിടിച്ചെടുത്തും പിണറായിയുടെ യാത്ര സുഗമമാക്കേണ്ട ഉത്തരവാദിത്വം കണ്ണൂരിലെ എല്‍ഡിഎഫ് നേതൃത്വത്തിനുണ്ട്. മറുവശത്ത് ജീവന്‍ മരണ പോരാട്ടത്തിലാണ് ഐക്യ ജനാധിപത്യ മുന്നണി. കണ്ണൂര്‍ രാഷ്ട്രീയത്തിലടക്കം നിലനില്‍പ്പിന് നിയമസഭാ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനം അനിവാര്യതയായി മാറിയിരിക്കുന്ന സാഹചര്യം. വോട്ടുകച്ചവടം എന്ന ആരോപണം മറികടന്ന് മികച്ച മുന്നേറ്റം നടത്താനാണ് എൻഡിഎയുടെ ശ്രമം.

ABOUT THE AUTHOR

...view details