കണ്ണൂരിന്‍റെ ചരിത്രം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം കൂടിയാണ്. കമ്മ്യൂണിസ്റ്റ് നേതാക്കളായ സി കണ്ണനും കെപി ഗോപാലനും 1957ല്‍ നിയമസഭയിലേക്ക് പോയതും കണ്ണൂരില്‍ നിന്നാണ്. പക്ഷേ അധികകാലം കണ്ണൂർ നിയമസഭാ മണ്ഡലത്തിന് ചുവന്നു നില്‍ക്കാൻ കഴിഞ്ഞില്ല. ഒരു സിപിഎം എംഎല്‍എ പോലും കണ്ണൂരില്‍ നിന്ന് നിയമസഭ കണ്ടിട്ടില്ല എന്നതാണ് ഏറ്റവും വലിയ രാഷ്ട്രീയ കൗതുകം.
കണ്ണൂരിന്‍റെ ചരിത്രം
1957 ല്‍ രൂപീകൃതമായപ്പോൾ കണ്ണൂർ1, കണ്ണൂർ2 എന്നിങ്ങനെ രണ്ട് മണ്ഡലങ്ങളായിരുന്നു. കെപി ഗോപാലനും, സി കണ്ണനും കമ്മ്യൂണിസ്റ്റ് പാർട്ടി ടിക്കറ്റില്‍ 1957ല്‍ നിയമസഭയിലെത്തി. പിന്നീട് കോൺഗ്രസ് ടിക്കറ്റില്‍ ആർ ശങ്കറും പി മാധവനും കണ്ണൂരില്‍ നിന്ന് നിയമസഭ കണ്ടു. എൻകെ കുമാരൻ, അതിനു ശേഷം പി ഭാസ്‌കരൻ എന്നിവരും വലതുമുന്നണികളുടെ ഭാഗമായി കണ്ണൂരില്‍ നിന്ന് നിയമസഭയിലെത്തി. പി ഭാസ്‌കരന് ശേഷം 1991 ല്‍ എൻ രാമകൃഷ്ണനും കോൺഗ്രസ് പ്രതിനിധിയായി നിയമസഭയിലെത്തി. 1996 മുതല്‍ 2006 വരെ കണ്ണൂരിനെ പ്രതിനിധീകരിച്ച കെ സുധാകരൻ കണ്ണൂരിലെ പ്രബലനും മന്ത്രിയുമായി. 2009ല്‍ കെ സുധാകരൻ ലോക്‌സഭാംഗമായതിനെ തുടർന്ന് സിപിഎമ്മില്‍ നിന്ന് പുറത്തുവന്ന എപി അബ്‌ദുള്ളക്കുട്ടി ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച് കോൺഗ്രസ് ടിക്കറ്റില്‍ കണ്ണൂരില്‍ നിന്ന് എംഎല്‍എയായി. 2011ലും അബ്‌ദുള്ളക്കുട്ടി ജയം ആവർത്തിച്ചു. പക്ഷേ 2016ല്‍ സ്ഥിതി മാറി. എല്‍ഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച രാമചന്ദ്രൻ കടന്നപ്പള്ളി കണ്ണൂരിന്‍റെ രാഷ്ട്രീയ ചരിത്രം മാറ്റിയെഴുതി പിണറായി മന്ത്രി സഭയില്‍ മന്ത്രിയായി.
2016 നിയമസഭ തെരഞ്ഞടുപ്പ് ഫലം 2016 നിയമസഭ തെരഞ്ഞടുപ്പ് ഫലം ഇത്തവണ അഭിമാനപ്പോരാട്ടം
പതിറ്റാണ്ടുകൾക്ക് കയ്യടക്കി വെച്ച മണ്ഡലം തിരിച്ചുപിടിക്കാൻ ഇത്തവണ യുഡിഎഫിന് അഭിമാന പോരാട്ടമാണ്. കണ്ണൂർ എംപി കെ സുധാകരനും കണ്ണൂർ മണ്ഡലം അഭിമാന പ്രശ്നമാണ്. മണ്ഡലത്തിലെ മുൻകാല ചരിത്രം തന്നെയാണ് യുഡിഎഫിന് കണ്ണൂരിൽ നൽകുന്ന മേൽകൈ. അഞ്ച് വർഷം മുൻപ് ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന കണ്ണൂർ കോർപറേഷനിൽ ഇത്തവണ വ്യക്തമായ ആധിപത്യത്തോടെയാണ് യുഡിഎഫ് മേൽകൈ നേടിയത്. അതേസമയം മുഖ്യമന്ത്രിക്ക് എതിരായ കെ സുധാകരന്‍റെ വിവാദ പരാമർശങ്ങൾ തിരിച്ചടിയാകുമോ എന്ന ആശങ്ക യുഡിഎഫ് ക്യാമ്പുകളിലുണ്ട്.
ഇഞ്ചോടിച്ച പോരാട്ടം പ്രതീക്ഷിക്കുന്ന മണ്ഡലത്തിൽ തികഞ്ഞ ആത്മ വിശ്വാസത്തിലാണ് എൽഡിഎഫ്. പതിറ്റാണ്ടുകൾക്ക് ശേഷം മണ്ഡലം വീണ്ടും പിന്തുണച്ചതും, തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ മികച്ച പ്രകടനവും മുന്നണിക്ക് ആത്മവിശ്വാസം വർധിക്കുന്നു. കണ്ണൂർ കോർപറേഷനിൽ ചരിത്രത്തില്‍ ആദ്യമായി ഒരു സീറ്റ് സ്വന്തമാക്കാൻ കഴിഞ്ഞതിന്‍റെ ആത്മവിശ്വാസത്തിലാണ് എൻഡിഎ. അതുകൊണ്ടുതന്നെ മികച്ച പ്രകടനം കാഴ്‌ചവെയ്ക്കാനാകും ബിജെപി ശ്രമിക്കുക.
തദ്ദേശ തെരഞ്ഞെടുപ്പ് 2021
തദേശ തെരഞ്ഞടുപ്പിലെ കണ്ണൂർ കോർപറേഷൻ ഫലം ചേലോറ, എളയാവുർ പഞ്ചായത്തുകൾ കണ്ണൂർ കോർപറേഷൻ ഭാഗമായതോടെ കണ്ണൂർ കോർപറേഷനും, മുണ്ടേരി ഗ്രാമപഞ്ചായത്തും ഉൾപ്പെടുന്നതാണ് നിലവിൽ കണ്ണൂർ നിയമസഭാ മണ്ഡലം. കണ്ണൂർ കോർപറേഷൻ യുഡിഎഫും, മുണ്ടേരി പഞ്ചായത്ത് ഭരണം എല്‍ഡിഎഫിനുമാണ്.
2021 ജൂൺ വരെയുള്ള കണക്കുകൾ പ്രകാരം 78382 പുരുഷ വോട്ടർമാരും, 90702 സ്ത്രീ വോട്ടർമാരും, രണ്ട് ട്രാൻസ്‌ജെൻഡേഴ്‌സും ഉൾപെടുന്നതാണ് മണ്ഡലത്തിലെ ആകെ വോട്ടർമാർ.