കണ്ണൂർ : പുതിയ പാർലമെന്‍റ് കെട്ടിടത്തിന്‍റെ ഉദ്‌ഘാടനവുമായി ബന്ധപെട്ട് ബിജെപിക്കും മോദിക്കും എതിരെ അതിരൂക്ഷ വിമർശനം നടത്തി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. രാഷ്‌ട്രപതിയേയും ഉപരാഷ്‌ട്രപതിയേയും ക്ഷണിക്കാത്തത് അവഹേളനമാണെന്ന് പറഞ്ഞ കെ സി വേണുഗോപാൽ ബിജെപിയുടെ പാർട്ടി ഓഫിസല്ല രാജ്യത്തിന്‍റെ പാർലമെന്‍റ് മന്ദിരമാണ് ഉദ്‌ഘാടനം ചെയ്‌തത് എന്ന് ബിജെപി ഓർക്കണം എന്നും വ്യക്തമാക്കി. ജനങ്ങളുടെ പണമാണ് വിനിയോഗിക്കുന്നത്.
കോൺഗ്രസ് മാത്രമല്ല, 21 പ്രതിപക്ഷ പാർട്ടികളും ഉദ്‌ഘാടന ചടങ്ങിൽ നിന്ന് വിട്ടു നിന്നു. പാർലമെന്‍ററി ജനാധിപത്യത്തിന്‍റെ കറുത്ത ദിവസമാണ് ഇന്ന് നടന്ന ഉദ്‌ഘാടന മാമാങ്കം. ഇന്ത്യയുടെ രാഷ്‌ട്രപതിയേയും ഉപരാഷ്‌ട്രപതിയേയും മാറ്റി നിർത്തുന്നതിൽ ഒരു വിശദീകരണം നൽകാൻ ബിജെപിക്കോ പ്രധാനമന്ത്രിക്കോ കഴിഞ്ഞില്ല എന്നും കെസി വേണുഗോപാൽ കുറ്റപ്പെടുത്തി.
തറക്കല്ലിടലിലും രാഷ്‌ട്രപതി ഇല്ല :ഗോത്ര വിഭാഗത്തിൽപ്പെടുന്ന ഏറ്റവും വലിയ വെല്ലുവിളികൾ നേരിട്ട ഒരു വനിത പ്രസിഡന്‍റ് പദവിയിൽ ഇരിക്കുമ്പോൾ അവർക്ക് ടിവിയിലൂടെ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്‌ഘാടനം കാണേണ്ട സാഹചര്യമാണ്. അതിന് പിന്നിലെ മാനസികാവസ്ഥ എന്താണെന്ന് മോദി സർക്കാർ ഓർക്കണം എന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി. പാർലമെന്‍റ് കെട്ടിടത്തിന്‍റെ തറക്കല്ലിടൽ ചടങ്ങിൽ അന്നത്തെ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനെ ക്ഷണിച്ചിരുന്നില്ല.
ഉദ്‌ഘാടന വേളയിലും രാഷ്‌ട്രപതിയെ മാറ്റിനിർത്തി. ഇവിടെയാണ് ജവഹർലാൽ നെഹ്‌റുവിന്‍റെ മാതൃക നോക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ നമ്മൾ ബഹുമാനിക്കുന്ന ഭരണഘടന മൂല്യങ്ങളെയും തത്വങ്ങളെയും കാറ്റിൽ പറത്തുകയാണ്. ആർഎസ്എസ് നിയന്ത്രിക്കുന്ന സവർണ വർഗീയ ഫാസിസത്തിന്‍റെ ഏറ്റവും വലിയ പ്രതിഫലനമാണ് ഈ തീരുമാനം.
ഏറ്റവും മഹത്തരമായ ജനാധിപത്യ സ്ഥാപനമാണ് പാർലമെന്‍റ്. എന്നാൽ കുറച്ച് കാലമായി ഏകപക്ഷീയമായാണ് പാർലമെന്‍റിലെ നടപടിക്രമങ്ങൾ മുന്നോട്ട് പോകുന്നത്. ഭൂരിപക്ഷമുണ്ടെന്ന ധാർഷ്‌ട്യത്തിൽ എതിർപ്പ് അറിയിക്കുന്നവരെ പുറത്താക്കി അടിച്ചമർത്തുന്ന നിലപാടാണ് ബിജെപിയും സർക്കാരും സ്വീകരിക്കുന്നത്. ഗുജറാത്തിൽ നടത്തിയത് തന്നെയാണ് മോദി ഇവിടെയും നടത്തുന്നത്.
പാർലമെന്‍റിനെ നോക്കുകുത്തിയാക്കി :പ്രധാനമന്ത്രി ഒൻപത് വർഷമായി പാർലമെന്‍റിനെ അഭിസംബോധന ചെയ്‌തിട്ടില്ല. പകരം പാർലമെന്‍റിനെ നോക്കുകുത്തിയാക്കുകയായിരുന്നു. സാധാരണക്കാരുടെ പണം കൊണ്ടാണ് പാർലമെന്‍റ് കെട്ടിടം നിര്‍മിച്ചത്. അല്ലാതെ തീവ്രവർഗീയതയുടെയും തൻ പ്രമാണിത്വത്തിന്‍റെയും മേഖലയാക്കാൻ ബിജെപി ഓഫിസ് അല്ല ഉദ്ഘാടനം ചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചു.
പാര്‍ലമെന്‍റ് മന്ദിരം ഉദ്‌ഘാടനം :പുതിയ പാര്‍ലമെന്‍റ് മന്ദിരം ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രത്തിന് സമര്‍പ്പിച്ചത്. അധികാര കൈമാറ്റത്തിന്‍റെ പ്രതീകമായി സര്‍ക്കാര്‍ അവകാശപ്പെടുന്ന ചെങ്കോല്‍ പ്രധാനമന്ത്രി തന്നെ സ്‌പീക്കറുടെ ഇരിപ്പിടത്തിനടുത്ത് സ്ഥാപിക്കുകയായിരുന്നു. ഹൈന്ദാവാചാര പ്രകാരമാണ് ചടങ്ങുകൾ നടത്തിയത്. ഇതിനെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷമായി വിമര്‍ശിക്കുന്നത്.
രണ്ട് വര്‍ഷവും അഞ്ച് മാസവും 18 ദിവസങ്ങളും കൊണ്ട് നിര്‍മാണം പൂര്‍ത്തിയായ പാര്‍ലമെന്‍റ് മന്ദിരത്തിലേക്ക് പൂര്‍ണകുംഭം നല്‍കിയാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. പ്രധാനസ്ഥാനത്തിരുന്ന് പൂജ ചടങ്ങുകളില്‍ മോദി പങ്കെടുത്തു. അധികാരകൈമാറ്റത്തിന്‍റെ പ്രതീകമായ ചെങ്കോലിനെ സാഷ്‌ടാംഗം നമസ്‌കരിച്ച പ്രധാനമന്ത്രി തിരുവാവാട് തുറൈ അധികാരത്തിലേതടക്കം പൂജാരി സംഘം കൈമാറിയ ചെങ്കോലുമായി ആണ് പാര്‍ലമെന്‍റ് മന്ദിരത്തിലേക്ക് നടന്നത്.
ശേഷം ലോക്‌സഭയിലെ സ്‌പീക്കറുടെ ഇരിപ്പിടത്തിന് വലത് വശത്തായി ചെങ്കോല്‍ സ്ഥാപിച്ച് നിലവിളക്ക് തെളിച്ചു. ഫലകം അനാച്ഛാദനം ചെയ്‌താണ് പാര്‍ലമെന്‍റ് ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്‌തത്. പിന്നാലെ സര്‍വമത പ്രാര്‍ഥനയും നടന്നു. പ്രധാനമന്ത്രിയും ലോക്‌സഭ സ്‌പീക്കറും മന്ത്രിമാരും പ്രാര്‍ഥനയില്‍ പങ്കെടുത്തിരുന്നു.