കണ്ണൂർ: ഇരിക്കൂർ മണ്ഡലം പുതുതലമുറയ്ക്ക് കൈമാറുകയാണെന്ന് കെ.സി.ജോസഫ് എം.എൽ.എ. തുടർച്ചയായ എട്ട് തവണ വിജയിച്ച ഇരിക്കൂർ മണ്ഡലത്തിൽ നിന്ന് ഇനി മത്സരിക്കാനില്ലെന്ന് അദ്ദേഹം അറിയിച്ചു. പുതിയ തലമുറയ്‌ക്ക് തടസമായി നിൽക്കില്ലെന്നും ഒരു ഇരിക്കൂറുകാരൻ മണ്ഡലത്തിൽ മത്സരിക്കണമെന്നതാണ് തന്‍റെ ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി. തന്‍റെ അഭിപ്രായം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സഭാംഗങ്ങളിൽ ഉമ്മൻചാണ്ടിക്കു ശേഷം ഏറ്റവുമധികം കാലം ഒരേ മണ്ഡലത്തിൽ നിന്നും വിജയിച്ചയാളാണ് കെ.സി ജോസഫ്. 38 വർഷമാണ് അദ്ദേഹം ഇരിക്കൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ചത്.
പുതുതലമുറയ്‌ക്കായി വഴിമാറി കെ.സി.ജോസഫ്; ഇരിക്കൂറിൽ ഇനി മത്സരിക്കില്ല - കോൺഗ്രസ്
ആന്‍റണി വിഭാഗത്തിന്‍റെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റായിരിക്കുമ്പോഴാണ് 1982ൽ കെ.സി.ജോസഫ് സ്ഥാനാർഥിയായി ആദ്യമായി ഇരിക്കൂറിൽ എത്തുന്നത്.
1970ൽ സിപിഎമ്മിലെ എ. കുഞ്ഞിക്കണ്ണന്‍റെ നിര്യാണത്തെ തുടർന്നുള്ള ഉപതെരഞ്ഞെടുപ്പിൽ ഇ.കെ.നായനാർ എം.എൽ.എയായി. തുടർന്ന് 1977ൽ കോൺഗ്രസിന്‍റെ സി.പി ഗോവിന്ദൻ നമ്പ്യാരും 1980ൽ രാമചന്ദ്രൻ കടന്നപ്പള്ളിയും എംഎൽഎമാരായി.
ആന്‍റണി വിഭാഗത്തിന്‍റെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റായിരിക്കുമ്പോഴാണ് 1982ൽ കെ.സി.ജോസഫ് സ്ഥാനാർഥിയായി ആദ്യമായി ഇരിക്കൂറിൽ എത്തുന്നത്. കോട്ടയത്ത് നിന്നെത്തിയ കെ.സി ജോസഫിന് ആദ്യ മത്സരത്തിൽ 9224 വോട്ടിന്‍റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. ഇടത് തരംഗമുണ്ടായ 2006ലും വിജയിച്ച കെ.സി ജോസഫ് 2011ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ഗ്രാമവികസന മന്ത്രിയായി. എന്നാൽ കഴിഞ്ഞ തവണ ഇരിക്കൂറിൽ വീണ്ടുമിറങ്ങിയപ്പോൾ വലിയ പ്രതിഷേധമാണ് അദ്ദേഹത്തിന് നേരെയുയർന്നത്. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ സോണി സെബാസ്‌റ്റ്യൻ, സജീവ് ജോസഫ്, യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി.മാത്യു, ശ്രീകണ്‌ഠപുരം നഗരസഭാധ്യക്ഷ ഡോ.കെ.വി ഫിലോമിന എന്നിവരുടെ പേരുകളാണ് ഇരിക്കൂറിലെ സീറ്റിലേക്ക് പറഞ്ഞു കേൾക്കുന്നത്. അതേ സമയം ഉമ്മൻചാണ്ടിയുടെ അതിവിശ്വസ്തനായ കെ.സി ജോസഫ് സ്വന്തം നാടായ കോട്ടയത്ത് ഏതെങ്കിലും സീറ്റിൽ ഇറങ്ങുമോ എന്ന കാര്യത്തിലും ചില ആലോചനകൾ നടക്കുന്നതായാണ് സൂചന.