കണ്ണൂർ: കതിരൂർ നാലാം മൈലിൽ സ്‌ഫോടനത്തിൽ യുവാവിന്‍റെ ഇരു കൈപ്പത്തികളും അറ്റ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. വെസ്‌റ്റ് പൊന്യത്തെ പറമ്പത്ത് വീട്ടിൽ നിജേഷ് എന്ന മാരിമുത്തുവിന്‍റെ കൈപ്പത്തികൾക്കാണ് ഗുരുതര പരിക്കേറ്റത്. സംഭവത്തിൽ അഞ്ച് സി.പി.എം പ്രവർത്തകർക്കെതിരെ കതിരൂർ പൊലീസ് കേസെടുത്തു.
കതിരൂർ ബോംബ് സ്‌ഫോടനം; പൊലീസ് അന്വേഷണം ഊർജിതമാക്കി - kathirur bomb blast
സംഭവ സ്ഥലത്ത് ഡോഗ് സ്‌ക്വാഡും ഫൊറൻസിക് വിദഗ്‌ധരും പരിശോധന നടത്തി.
മരപണിക്കാരനാണ് നിജേഷ്. സുഹൃത്തും ഫർണിച്ചർ കട ഉടമയുമായ വിനുവിന്‍റെ വീടിന്‍റെ പരിസരത്ത് വച്ചാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ കൈകൾക്ക് പരിക്കേറ്റ നിജേഷിനെ ആദ്യം തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മംഗലപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബോംബ് നിർമാണത്തിനിടെ സ്‌ഫോടനം ഉണ്ടായതെന്നാണ് കരുതുന്നത്. സംഭവ സമയത്ത് മറ്റ് രണ്ട് പേർ കൂടി നിജേഷിനോടൊപ്പം ഉണ്ടായിരുന്നതായും ഇവർ ഒളിവിൽ പോയതായുമാണ് വിവരം. വിനു കതിരൂർ പൊലീസിന്‍റെ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.
സംഭവ സ്ഥലത്ത് ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിദഗ്‌ധരും പരിശോധന നടത്തി. ബുധനാഴ്‌ച വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. സംഭവ സ്ഥലത്ത് നിന്ന് ബോംബിന്‍റെ അവശിഷ്ടങ്ങളും നിജേഷിന്‍റെ അറ്റുപോയ കൈവിരലുകളും കണ്ടെടുത്തു. സമീപത്തെ കിണർ വറ്റിച്ച് പരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. സിറ്റി പൊലീസ് കമ്മിഷണർ സംഭവ സ്ഥലം സന്ദർശിച്ചു. തലശ്ശേരി എ.സി.പി വി.സുരേഷ്, കതിരൂർ എസ്.ഐ എം.പി രാജീവൻ, ഡോഗ് സ്‌ക്വാഡ് എസ്.ഐ വി.ശശിധരൻ, സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐ മനോജ്, ഫോറൻസിക് ഉദ്യോഗസ്ഥ പി.ശ്രീജ എന്നിവർ ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.