കണ്ണൂർ: കമ്യൂണിസ്റ്റ് കർഷക പോരാട്ടങ്ങളുടെ ഓർമകൾ തളം കെട്ടി നിൽക്കുന്ന കരിവെള്ളൂരിലെ വയലുകളില്‍ ഒന്നിലേക്ക് ആവേശപൂർവമാണ് സ്‌ത്രീകളും കുട്ടികളുമെല്ലാം എത്തിച്ചേർന്നത്. കസേരകളിയും വടംവലിയും ഓട്ടമത്സരവുമെല്ലാം മുട്ടോളം ചെളിയിൽ. പാടവരമ്പിലും ചേറ്റിറമ്പിലും ഇരുന്ന് കൊണ്ട് കാണികൾ കയ്യടിച്ചു. മണ്ണും മഴയും മനുഷ്യനും ഒന്നായി ചേരുന്ന സവിശേഷ അനുഭവം.
കരിവെള്ളൂരിലെ വയലിൽ സിഡിഎസിന്‍റെ മഴപ്പൊലിമ മഴത്തുടിതാളം - കരിവെള്ളൂർ സിഡിഎസ് കുടുംബശ്രീ
വയലിലെ മുട്ടോളം വെള്ളത്തിൽ കസേരകളിയും വടംവലിയും ഓട്ടമത്സരവുമെല്ലാം നൃത്തവും സംഘടിപ്പിച്ചിരുന്നു.
![കരിവെള്ളൂരിലെ വയലിൽ സിഡിഎസിന്‍റെ മഴപ്പൊലിമ മഴത്തുടിതാളം karivelloor kudumbashree മഴപ്പൊലിമ മഴത്തുടിതാളം കരിവെള്ളൂർ സിഡിഎസ് കുടുംബശ്രീ karivelloor cds](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15979726-thumbnail-3x2-.jpg)
കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഴപ്പൊലിമ മഴത്തുടിതാളം പരിപാടിയുടെ ഭാഗമായിട്ടായിരുന്നു വയലിൽ മത്സരങ്ങൾ സംഘടിപ്പിച്ചത്. സ്‌ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. കരിവെള്ളൂർ സ്‌കൂൾ പരിസരത്തു നിന്നും ഘോഷയാത്രയായിട്ടാണ് കുടുംബശ്രീ പ്രവർത്തകർ പുഴക്കര കുളത്തിനു സമീപത്തെ കുട്ടൻ വഴി പാടശേഖരത്തിലേക്ക് എത്തിച്ചേർന്നത്.
മത്സരങ്ങൾക്ക് പുറമെ നാടൻപാട്ടും നൃത്തവും കുടുംബശ്രീ സംഘടിപ്പിച്ചിരുന്നു. വയലിൽ കെട്ടിനിൽക്കുന്ന മഴവെള്ളത്തിലുള്ള മത്സരങ്ങളും നൃത്തവും മത്സരാർഥികൾക്കൊപ്പം കാണികൾക്കും പുതുഅനുഭവവും ആവേശവുമായിരുന്നു.