കണ്ണൂര്‍:മുഖ്യമന്ത്രി പിണറായി വിജയനെതിരെ കണ്ണൂരില്‍ രണ്ടിടങ്ങളില്‍ കരങ്കൊടി പ്രതിഷേധം. തളിപറമ്പ്, പരിയാരം എന്നിവിടങ്ങളില്‍ വച്ചാണ് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. ആറ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തു.
കണ്ണൂരില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം; ആറ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടിയില്‍ - പിണറായി വിജയനെതിരെ പ്രതിഷേധം
തളിപറമ്പ് ചുടല, പരിയാരം പൊലീസ് സ്റ്റേഷന്‍ എന്നിവടങ്ങളില്‍ വച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി കാണിച്ചത്.
സന്ദീപ് പാണപ്പുഴ, മഹിത മോഹൻ സുധീഷ് വെള്ളച്ചാല്‍, വിജേഷ് മാട്ടൂൽ, രാഹുൽ പൂങ്കാവ്, മനോജ് കൈതപ്രം, ജയ്‌സൺ മാത്യു എന്നിവരാണ് അറസ്റ്റിൽ ആയത്. കാസര്‍കോടേയ്‌ക്ക് പോകുകയായിരുന്ന മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് സുധീപ് ജയിംസ്, വി.രാഹുൽ, വരുൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തളിപ്പറമ്പ് ചുടലയില്‍ കരിങ്കൊടി പ്രതിഷേധം നടന്നത്. പരിയാരം പൊലീസ് സ്റ്റേഷന് സമീപത്ത് വച്ചായിരുന്നു പ്രതിപക്ഷ യുവജന സംഘടനയുടെ പ്രതിഷേധം നടന്നത്.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യതയെ തുടർന്ന് തളിപറമ്പിൽ ഏഴ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും, പയ്യന്നൂരിൽ രണ്ട് പേരെയും കരുതൽ തടങ്കലിൽ ആക്കിയിരുന്നു. യൂത്ത് കോൺഗ്രസ് പയ്യന്നൂർ മണ്ഡലം പ്രസിഡന്‍റ് ഭരത് ഡി പൊതുവാൾ, കെഎസ്‌യു പയ്യന്നൂർ അസംബ്ലി പ്രസിഡന്‍റ് ആകാശ് ഭാസ്ക്കർ എന്നിവരെയാണ് മുൻകരുതലായി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ 8.50 ഓടെയാണ് പയ്യന്നൂർ പെരുമ്പ ദേശീയ പാതയ്ക്ക് സമീപത്ത് വച്ച് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.