കണ്ണൂര്‍ : ഉഴവുകാളകൾ പൂട്ടുന്ന വയലുകൾ ഒരു കാലത്തെ കേരളത്തിന്‍റെ കാർഷിക പ്രൗഢി വിളിച്ചോതുന്ന ദൃശ്യമായിരുന്നു. എന്നാൽ യന്ത്രവൽകൃത വളർച്ച നാടിനെ കാർന്നെടുത്തപ്പോൾ വയലുകളൊക്കെയും ട്രാക്‌ടറുകൾ കൈയ്യടക്കി. സെക്കന്‍ഡുകള്‍ വച്ച് ഉഴുത് മറിച്ചുപോകുന്ന യന്ത്രങ്ങള്‍ വന്നപ്പോഴും കണ്ണൂർ കടന്നപ്പള്ളിയിലെ വെള്ളാലത്ത് ഇല്ലത്ത് വാസുദേവൻ നമ്പൂതിരി തന്‍റെ കാളകളെ കൈയൊഴിഞ്ഞില്ല. മാത്രമല്ല തനിക്ക് ആരോഗ്യമുള്ളിടത്തോളം വയലില്‍ കന്നുകാലി പൂട്ടല്‍ മതിയെന്ന് തീരുമാനിച്ച് അതിനെ ഹൃദയത്തോട് ചേര്‍ത്തുനിർത്തുകയാണ് ഈ അമ്പതുവയസുകാരൻ.
തന്‍റെ വയലിനെ യന്ത്രങ്ങള്‍ക്ക് നല്‍കാതെ വാസുദേവന്‍ നമ്പൂതിരി, ഉഴവിന് ഇന്നും കാളകള്‍ ; കന്നുപൂട്ടി നെല്ലുവിളയിക്കുന്ന ഹരിതക്കാഴ്‌ച - കണ്ണൂര്‍
യന്ത്രങ്ങള്‍ കടന്നുവന്നപ്പോഴും ഉഴവുകാളകളെ കൊണ്ട് വയലിലേക്കിറങ്ങി കേരളത്തിന്‍റെ കാർഷിക പ്രൗഢി നിലനിര്‍ത്താന്‍ ശ്രമിക്കുകയാണ് വാസുദേവൻ നമ്പൂതിരി എന്ന കര്‍ഷകന്‍
![തന്‍റെ വയലിനെ യന്ത്രങ്ങള്‍ക്ക് നല്‍കാതെ വാസുദേവന്‍ നമ്പൂതിരി, ഉഴവിന് ഇന്നും കാളകള്‍ ; കന്നുപൂട്ടി നെല്ലുവിളയിക്കുന്ന ഹരിതക്കാഴ്‌ച Kannur Vasudevan Namboothiri ox to plough agriculture Automobile യന്ത്രങ്ങള്‍ കാർഷിക പഴമ കര്‍ഷകന്‍ കാര്‍ഷിക ആവശ്യങ്ങള്‍ ഉഴവുകാള വാസുദേവൻ നമ്പൂതിരി കണ്ണൂര്‍ കന്നുകാലി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17018849-thumbnail-3x2-fghjkl.jpg)
യന്ത്രങ്ങൾ കൈവയ്ക്കാത്ത പാടങ്ങൾ അന്യം നിന്നുപോകരുത് എന്ന ആഗ്രഹം വാസുദേവൻ നമ്പൂതിരിക്കുണ്ട്. പാടത്ത് കൃഷിപ്പണിക്ക് ട്രാക്‌ടർ സജീവമാണെങ്കിലും കണ്ണൂർ ജില്ലയില്‍ മാത്രമല്ല, കാസർകോട് ജില്ലയിലും നമ്പൂതിരിയുടെ കാളകൾക്ക് ആവശ്യക്കാരുണ്ട്. ഓരോ ദിനവും കാവില്‍ പോയി വിളക്കുവച്ച് കഴിഞ്ഞാല്‍ വാസുദേവൻ നമ്പൂതിരി കൃഷി രംഗത്ത് സജീവമാകും. വിദ്യാർഥിയായിരിക്കുമ്പോൾ സ്വന്തം കൃഷിയിടത്തില്‍ തുടങ്ങിയതാണ് വാസുദേവൻ നമ്പൂതിരിയുടെ ഈ ജീവിത ക്രമം.
വീടിന്‍റെ സമീപത്തെ വയലുകളിലെ കാർഷിക സമ്പന്നതയാണ് ഈ രംഗത്ത് സജീവമാവാൻ വാസുദേവനെ പ്രേരിപ്പിച്ചത്. നിലവില്‍ ഏക്കറുകണക്കിന് വയലുകൾ പൂട്ടുന്നതോടൊപ്പം ക്ഷീര കർഷക രംഗത്തും ഇദ്ദേഹം നിറസാന്നിധ്യമാണ്. നിത്യേന 40 ലിറ്ററോളം പാലുത്പാദിപ്പിക്കുന്നതോടൊപ്പം വീട്ടിലേക്ക് വേണ്ട മുഴുവൻ അരിയും വാസുദേവൻ നമ്പൂതിരി സ്വയം അധ്വാനിച്ചുണ്ടാക്കുന്നു.