കണ്ണൂര്‍:ആന്തൂരിലെ വൈദേകം റിസോര്‍ട്ട് നിര്‍മാണം അനുമതിയില്ലാതെയെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജനെ കൂടുതല്‍ കുരുക്കിലാക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കുഴല്‍ കിണര്‍ നിര്‍മാണത്തിന് ഭൂജല വകുപ്പിന്‍റെ ക്ലിയറന്‍സും നിര്‍മാണത്തിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ അനുമതിയും വാങ്ങിയില്ല.
റിസോര്‍ട്ടിന്‍റെ നിര്‍മാണ ഘട്ടത്തില്‍ തന്നെ പദ്ധതിക്കെതിരെ പ്രാദേശിക എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നെങ്കിലും പിന്നീട് അവ അവസാനിക്കുകയായിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്ത് ഉള്‍പ്പെടെ റിസോര്‍ട്ട് നിര്‍മാണം അനുമതിയില്ലാതെയെന്ന് ചൂണ്ടിക്കാട്ടി ജില്ല കലക്‌ടര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ കുന്നിടിച്ച് നടത്തുന്ന നിര്‍മാണമാണെങ്കിലും ആ മണ്ണ് അവിടെ തന്നെ നിക്ഷേപിച്ചിട്ടുണ്ടെന്ന വാദമാണ് കലക്‌ടര്‍ ഉന്നയിച്ചതെന്ന് രേഖകളില്‍ വ്യക്തമാകുന്നു.
മണ്ണെടുക്കുന്നതിനായി നഗരസഭ സെക്രട്ടറിയില്‍ നിന്നും വാങ്ങിക്കേണ്ട ഡെവലപ്‌മെന്‍റ് സാക്ഷ്യപത്രം പോലും വാങ്ങാതെയായിരുന്നു നിര്‍മാണം. ഇത്തരം രേഖകളൊന്നും ഇല്ലാതെയാണ് ആന്തൂര്‍ നഗരസഭ നിര്‍മാണത്തിന് അനുമതി നല്‍കിയതെന്നും രേഖകളില്‍ നിന്ന് വ്യക്തമാകുന്നു.
വൈദേകം റിസോര്‍ട്ട് നിര്‍മാണം:ആന്തൂരിലെ നഗരസഭയ്ക്ക് കീഴിലുള്ള മൊറാഴയിലെ ആയുര്‍വേദ റിസോര്‍ട്ടിന്‍റെ പേരിലാണ് നിലവില്‍ വിവാദങ്ങളുയരുന്നത്. 30 കോടി രൂപ മുടക്കി നിര്‍മിക്കുന്ന റിസോര്‍ട്ടിന് പിന്നില്‍ സിപിഎം കണ്‍വീനര്‍ ജയരാജനാണെന്ന ഗുരുതര ആരോപണങ്ങളുമായി പി.ജയരാജന്‍ രംഗത്തെത്തിയിരുന്നു. 2014 ലാണ് കണ്ണൂര്‍ ആയുര്‍വേദ മെഡിക്കല്‍ കെയര്‍ ലിമിറ്റഡ് സ്ഥാപിതമായത്. പദ്ധതിയുടെ ആദ്യഘട്ടം മുതല്‍ നിരവധി ആരോപണങ്ങളാണ് വിവിധയിടങ്ങളില്‍ നിന്ന് ഉയര്‍ന്ന് വന്നത്. ഇ.പി ജയരാജന് കമ്പനിയോടുള്ള അടുത്ത ബന്ധവും പരിസ്ഥിതി നിര്‍മാണ ചട്ടങ്ങളില്‍ നിരവധി ഇളവുകള്‍ ആന്തൂര്‍ നഗരസഭ നല്‍കിയിട്ടുണ്ടെന്നുമുള്ള ആരോപണങ്ങളാണ് ഉയര്‍ന്നത്.
നിരവധി ഡയറക്‌ടര്‍മാരുള്ള കമ്പനിയില്‍ കൂടുതല്‍ ഓഹരിയുള്ളത് ഇപി ജയരാജന്‍റെ മകന്‍ പിജെ ജെയ്‌സണാണ്. മാത്രമല്ല ഇ.പി ജയരാജന്‍റെ ഭാര്യയും ഇതിന്‍റെ ഡയറക്‌ടര്‍ ബോര്‍ഡ് മെമ്പറാണ്. വിദേശികള്‍ അടക്കം നിരവധി പേരെത്തുന്ന ഇവിടെ റിസോര്‍ട്ട് ഒരുക്കുന്നതിനായി കമ്പനി കണ്ടെത്തിയ സ്ഥലം ഉടുപ്പാക്കുന്നാണ്. നിര്‍മാണത്തിനായി കുന്ന് ഇടിച്ച് നിരത്തിയതോടെ തന്നെ പ്രതിഷേധവുമായി നാട്ടുകാരെത്തിയിരുന്നു.
കുന്നിടിച്ച് നിരത്തി നടപ്പിലാക്കുന്ന പദ്ധതി പരിസ്ഥിതിക്ക് പ്രതികൂലമായി ബാധിക്കുമെന്ന് പരാതികളുയര്‍ന്നിരുന്നു. മാത്രമല്ല പദ്ധതിക്കായി നിരവധി കുഴല്‍കിണറുകള്‍ കുഴിക്കുന്നത് മേഖലയിലെ ജലസ്രോതസുകള്‍ക്ക് ദോഷമായി മാറുമെന്നും ചൂണ്ടിക്കാട്ടി 2018ല്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അന്നത്തെ കണ്ണൂർ ജില്ല കലക്‌ടർക്ക് പരാതി നൽകിയിരുന്നു. പരാതി ലഭിച്ച കലക്‌ടര്‍ വിഷയത്തില്‍ അന്വേഷണം നടത്താനായി തളിപറമ്പ് തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കുകയും പരാതി കൈമാറുകയും ചെയ്‌തിരുന്നെങ്കിലും ഇത് സംബന്ധിച്ച് പിന്നീട് വിവരങ്ങളൊന്നും ലഭിച്ചില്ല.
എതിര്‍പ്പുകള്‍ എല്ലാം മറികടന്ന് നിര്‍മാണം പുരോഗമിച്ച് കൊണ്ടിരിക്കുന്നതിനിടെയാണ് കൊവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍മാണം നിലച്ചത്. തുടര്‍ന്ന് ലോക്‌ഡൗണ്‍ ഇളവ് കാലത്ത് നിര്‍മാണം പുനരാരംഭിക്കുകയും 2021 ഏപ്രില്‍ മാസത്തോടെ നിര്‍മാണം പൂര്‍ത്തീകരിക്കുകയും ചെയ്‌തു. തുടര്‍ന്ന് ഇപി ജയരാജന്‍ തന്നെ റിസോര്‍ട്ടിന്‍റെ ഉദ്‌ഘാടനം നിര്‍വഹിച്ചു.