കേരളം

kerala

ETV Bharat / state

കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിന് നിയമനം ; പൂഴ്ത്തിയ റാങ്ക് ലിസ്റ്റിന് ഒടുവില്‍ അംഗീകാരം - പ്രിയ വർഗീസ് കെ കെ രാഗേഷ്

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ മതിയായ യോഗ്യതയില്ലാതിരുന്നിട്ടും തെരഞ്ഞെടുത്തുവെന്ന് ആരോപണം ഉയർന്നതിന് പിന്നാലെ താത്കാലികമായി പട്ടിക മരവിപ്പിച്ചിരുന്നു

Kannur University Priya Varghese  Priya Varghese kk ragesh  Priya Varghese appointed as Kannur University Associate Professor  കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രഫസർ പ്രിയ വർഗീസ്  പ്രിയ വർഗീസ് കെ കെ രാഗേഷ്  കണ്ണൂർ സർവകലാശാല വിസി നിയമന വിവാദം
കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രഫസറായി പ്രിയ വർഗീസിന് നിയമനം

By

Published : Jun 27, 2022, 7:29 PM IST

കണ്ണൂർ : കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിനെ നിയമിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്‍റെ ഭാര്യയാണ് പ്രിയ വർഗീസ്. വിവാദങ്ങളെ തുടർന്ന് മാസങ്ങളായി പൂഴ്ത്തി വച്ച റാങ്ക് ലിസ്റ്റിനാണ് തിങ്കളാഴ്‌ച ചേർന്ന സിൻഡിക്കേറ്റ് യോഗം അംഗീകാരം നല്‍കിയത്.

പ്രിയ വർഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്‌തികയില്‍ നിയമിക്കാനുള്ള നീക്കം നേരത്തേ വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ മതിയായ യോഗ്യതയില്ലാഞ്ഞിട്ടും തിരഞ്ഞെടുത്തു എന്നായിരുന്നു ആരോപണം. ഇതേത്തുടർന്ന് പട്ടിക താത്കാലികമായി മരവിപ്പിക്കുകയായിരുന്നു.

യുജിസി വ്യവസ്ഥയനുസരിച്ചുള്ള അധ്യാപന പരിചയം പ്രിയക്ക് ഇല്ലെന്നായിരുന്നു ഉയര്‍ന്ന പ്രധാന ആക്ഷേപം. യുജിസി ചട്ടം അനുസരിച്ച് അസോസിയേറ്റ് പ്രൊഫസര്‍ക്ക് ഗവേഷണ ബിരുദവും എട്ട് വര്‍ഷം അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്‌തികയിലുള്ള അധ്യാപന പരിചയവുമാണ് യോഗ്യത. കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്‌തികയിലേക്കുള്ള വിജ്ഞാപനത്തിലും ഈ യോഗ്യതയുടെ കാര്യം പ്രത്യേകം പരാമര്‍ശിച്ചിരുന്നു.

2012ൽ തൃശൂർ കേരളവർമ കോളജിൽ മലയാളം അസിസ്റ്റന്‍റ് പ്രൊഫസറായി നിയമനം ലഭിച്ച കെ.കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസ് സർവീസിലിരിക്കെ മൂന്ന് വർഷത്തെ അവധിയിൽ ഗവേഷണം നടത്തിയാണ് പിഎച്ച്ഡി ബിരുദം നേടിയത്. 2018ലെ യുജിസി നിയമം 3-9 വകുപ്പ് പ്രകാരം അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ, നിയമനങ്ങൾക്ക് ഗവേഷണ ബിരുദം നേടുന്നതിന് വിനിയോഗിച്ച കാലയളവ് അധ്യാപന പരിചയമായി കണക്കുകൂട്ടാൻ പാടില്ലെന്ന് വ്യവസ്ഥ ചെയ്യുന്നു.

എന്നാൽ പ്രിയ വര്‍ഗിസീന്‍റെ ആകെ അധ്യാപന പരിചയം നാല് വര്‍ഷം മാത്രമാണെന്ന് വ്യക്തമാണ്. ഗവേഷണം കഴിഞ്ഞ് 2019 മുതല്‍ രണ്ട് വര്‍ഷം കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡന്‍റ് സർവീസ് ഡയറക്‌ടറായി ഇവര്‍ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്‌തു. ഭരണപരമായ ഉത്തരവാദിത്വം മാത്രം ഉള്ളതിനാല്‍ ഈ തസ്‌തികയും അധ്യാപന പരിചയത്തില്‍ ഉള്‍പ്പെടുത്താനാകില്ല എന്നതാണ് വസ്‌തുത.

എന്നിട്ടും എല്ലാ യോഗ്യതയും ഉണ്ടെന്ന് കാണിച്ചാണ് പ്രിയ വര്‍ഗീസ് കണ്ണൂര്‍ സര്‍വകലാശാലയില്‍ തുടക്കത്തില്‍ ഒന്നര ലക്ഷം രൂപ മാസ ശമ്പളമുള്ള അസോസിയേറ്റ് പ്രൊഫസര്‍ തസ്‌തികയിലേക്ക് അപേക്ഷിച്ചത്. അഭിമുഖത്തിൽ പ്രിയയെ പങ്കെടുപ്പിക്കാൻ തീരുമാനിക്കുമ്പോൾ തന്നെ വിഷയം വിവാദമായിരുന്നു. പിന്നീട് അഭിമുഖത്തിൽ പ്രിയ വർഗീസ് ഒന്നാം റാങ്ക് നേടുകയും ചെയ്‌തു.

പക്ഷേ നിയമനം നടത്തിയില്ല. യോഗ്യത സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടെന്നാണ് വൈസ് ചാൻസലർ പറഞ്ഞത്. പ്രിയ വർഗീസിന് നിയമനം നൽകുവാനുള്ള സിൻഡിക്കേറ്റ് തീരുമാനം വിസി നിയമനത്തിനുള്ള പ്രത്യുപകരമാണെന്ന് പ്രതിപക്ഷ അംഗങ്ങൾ ആരോപണം ഉന്നയിക്കുന്നു.

ABOUT THE AUTHOR

...view details