കണ്ണൂർ:കണ്ണൂർ സർവകലാശാല മലയാളം അസോസിയേറ്റ് പ്രൊഫസർ തസ്‌തികയിലേക്ക് നിയമനം നൽകുന്നതിന് വേണ്ടി പ്രസിദ്ധീകരിച്ച താത്‌കാലിക പട്ടികയിൽ ഒന്നാം റാങ്ക് നൽകിയിട്ടുള്ള പ്രിയ വർഗീസിനെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് സെനറ്റ് അംഗം ഡോ. ആർ.കെ ബിജു വിസിക്ക് കത്ത് നൽകി. സ്‌ക്രീനിങ് കമ്മറ്റിയെ കബിളിപ്പിക്കുന്നതിന് ബോധപൂർവം അധ്യാപന പരിചയ സർട്ടിഫിക്കറ്റിന് പകരം കേരള വർമ്മ കോളേജ് പ്രിൻസിപ്പൽ നൽകിയ എംപ്ലോയ്‌മെന്‍റ് സർട്ടിഫിക്കറ്റാണ് അപേക്ഷയോടൊപ്പം പ്രിയ വർഗീസ് ഹാജരാക്കിയത് എന്നാണ് കത്തിൽ പറയുന്നത്. ഡോ.ആർ.കെ ബിജുവിന് വിവരാവകാശം വഴി ലഭിച്ചതാണ് ഈ രേഖ.
കേരള പബ്ലിക് സർവീസ് കമ്മിഷൻ പോലും മുഴുവൻ പരിശോധനയും കഴിഞ്ഞതിന് ശേഷമാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാറുള്ളത്. പക്ഷെ കണ്ണൂർ സർവകലാശാലയിൽ മലയാളത്തിൽ ഇന്‍റർവ്യു കഴിഞ്ഞ് ഏഴ് മാസമായിട്ടും ഫിസിക്കൽ വെരിഫിക്കേഷൻ പോലും നടത്താതെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത് ദുരൂഹമാണെന്നും കത്തിൽ പറയുന്നു. വിവരാവകാശ രേഖകൾ പ്രകാരം ഡോ.പ്രിയ വർഗീസ് 29.07.2015 മുതൽ 9.02.2018 വരെ ഫാക്കൽറ്റി ഡെവലപ്‌മെന്‍റ് പ്രോഗ്രാം പ്രകാരം പി എച്ച് ഡി പ്രോഗ്രാമിനും, തുടർന്ന് 7.08.2019 മുതൽ 15.06.2021 വരെ കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡന്‍റ് ഡയറക്‌ടർ ആയും സേവനം അനുഷ്‌ഠിക്കുകയാണ് ചെയ്‌തത്.