കണ്ണൂർ: ഷെഡ്യൂൾഡ് 1 വിഭാഗത്തിൽപ്പെടുന്ന ഈനാംപേച്ചിയുടെ ശൽകങ്ങൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടു പേരെ ഫോറസ്റ്റ് ഫ്ലൈയിങ്ങ് സ്ക്വാഡ് പിടികൂടി. കാസർകോട് പാലാവയൽ സ്വദേശി എഡി ജോസ് (68), വയനാട് മാനന്തവാടി തവിഞ്ഞാൽ സ്വദേശി ജോണി കെ തോമസ് (31) എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്.
ഈനാംപേച്ചിയുടെ ശൽകങ്ങൾ വിൽക്കാൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ - ഈനാംപേച്ചിയുടെ ശൽകം
ഒന്നര വർഷം മുമ്പ് കർണ്ണാടക വനത്തിൽ നിന്നും പിടിച്ച ഈനാംപേച്ചിയുടെ ശൽക്കം ജോസ് സൂക്ഷിച്ചിരിക്കുകയായിരുന്നു.
തിരുവനന്തപുരം ഫോറസ്റ്റ് വിജിലൻസ് പ്രിൻസിപ്പൽ ചീഫ് കൺസെർവേറ്റർ നൽകിയ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഈനാംപേച്ചിയുടെ ശൽക്കങ്ങൾ വിൽക്കാൻ ശ്രമിക്കുകയായിരുന്ന രണ്ടു പേരെ പിടികൂടിയത്. ഒന്നര വർഷം മുമ്പ് കർണ്ണാടക വനത്തിൽ നിന്നും പിടിച്ച ഈനാംപേച്ചിയുടെ ശൽക്കം ജോസ് സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇത് വാങ്ങാനായി എത്തിയ ജോണിക്ക് കണ്ണൂർ ചാല ബൈ പാസിനടുത്തുവെച്ച് കൈമാറുമ്പോഴാണ് ഫോറസ്റ്റിന്‍റെ പിടിയിലായത്.
കണ്ണൂർ ഫ്ലൈയിങ്ങ് സ്ക്വാഡ് റെയിഞ്ച് ഓഫീസർ ടിസി പ്രസാദിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. പിടികൂടിയ ശൽക്കങ്ങൾക്ക് രണ്ട് കിലോയോളം തൂക്കം വരും. ഇവർ സഞ്ചരിച്ച രണ്ട് കാറുകളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉള്ളതിനാൽ തന്നെ പ്രതികൾക്ക് 7 വർഷം തടവ് ലഭിക്കാവുന്ന കുറ്റമാണിത്. കൂടുതൽ അന്വേഷങ്ങൾക്കായി തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് പ്രതികളെ കൈമാറി.