കണ്ണൂർ:ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസിന്‍റെ കൂടുതൽ ബോഗികൾ കത്തിക്കാൻ ശ്രമിച്ചിരുന്നതായി പ്രതി പ്രസൂൺജിത്ത് സിക്‌ദർ പൊലീസിന് മൊഴി നൽകി. ട്രെയിനിന്‍റെ 19ാം കോച്ചും കത്തിക്കാൻ ശ്രമിച്ചിരുന്നു. അതിനായി പ്ലാസ്റ്റിക് കുപ്പി കത്തിച്ച് ഈ സീറ്റിലേക്ക് ഇട്ടിരുന്നുവെന്നും പ്രതി മൊഴി നല്‍കി.
എന്നാൽ, തീ പടർന്നില്ലെന്നും ട്രെയിനിന്‍റെ 17ാമത്തെ കോച്ച് കത്തിച്ചത് ഷൂസിന് തീകൊളുത്തിയാണെന്നും പ്രസൂൺജിത്ത് നൽകിയ മൊഴിയില്‍ പറയുന്നു. അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്‌തതിന് പിന്നാലെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. തലശേരിയിൽ എത്തിയ പ്രതി നടന്നാണ് കണ്ണൂരിലെത്തിയത്. ഭിക്ഷാടനം നടത്തുന്ന ഇയാള്‍ക്ക് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഭക്ഷണം ലഭിക്കാത്തതിലും താമസം ഒഴിപ്പിച്ചതിലും ഉണ്ടായ മനോവിഷമത്തിലാണ് കയ്യിലെ തീപ്പെട്ടികൊണ്ട് തീയിട്ടത് എന്നായിരുന്നു പ്രാഥമിക ഘട്ടത്തിൽ പൊലീസിന് മൊഴി നൽകിയത്.
രക്ഷപ്പെട്ട വഴി കാണിച്ചുകൊടുത്ത് പ്രതി:നിലവിൽ പൊലീസ് കസ്റ്റഡിയിലാണ് പ്രതി. ഇയാളെ ഇന്നലെ രാവിലെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. പിന്നാലെ ഇയാളെ അന്വേഷണ സംഘം തെളിവെടുപ്പിന് കണ്ണൂർ റെയിൽവെ സ്റ്റേഷനിലും എത്തിച്ചു. വൈകിട്ട് അഞ്ച് മണിയോടെ ബോഗിക്കുള്ളില്‍ എത്തിച്ച ശേഷമാണ് തെളിവെടുപ്പ് നടത്തിയത്. പ്രതി പ്രസൂൺജിത്ത് തീവച്ചത് എങ്ങനെയെന്ന കാര്യം അന്വേഷണ സംഘത്തോട് നേരിട്ട് വിശദീകരിച്ചു. പിന്നാലെ പ്രതിയുമായി ട്രാക്കിനും പരിസരത്തും തെളിവെടുപ്പ് നടത്തി. തീയിട്ട ശേഷം രാത്രി പ്രതി ഇവിടെ നിന്ന് രക്ഷപ്പെട്ട വഴിയും ഇയാള്‍ അന്വേഷണ സംഘത്തിന് കാണിച്ചുകൊടുത്തു.