കണ്ണൂർ: നീലേശ്വരത്തിനും മാഹിക്കും ഇടയില്‍ വളപട്ടണത്ത് ട്രെയിനിന് (Train) നേരെ കല്ലേറുണ്ടായ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ഒഡിഷ (Odisha) സ്വദേശിയായ സര്‍വേശാണ് പിടിയിലായത്. നേത്രാവതി എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞയാളാണ് പിടിയിലായത്.
ഓഗസ്റ്റ് 13, 14 തീയതികളിലായിരുന്നു കേസിനാസ്‌പദമായ സംഭവം. കല്ലേറില്‍ ട്രെയിനിന്‍റെ എസി കോച്ചിന്‍റെ (AC Coach) ജനല്‍ ചില്ല് തകര്‍ന്നിരുന്നു. ട്രെയിനുകള്‍ക്ക് നേരെ കല്ലേറും ആക്രമണങ്ങളും പതിവായതോടെ പൊലീസും (Police) ആര്‍പിഎഫും (RPF) സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. കേസ് അന്വേഷണത്തിന്‍റെ ഭാഗമായി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളിലെ 200 ഓളം സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. സിസിടിവി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.
സംഭവ സമയത്ത് മദ്യപിച്ചിരുന്നതായും ഒറ്റക്കാണ് ആക്രമണം നടത്തിയതെന്നും ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പൊലീസ് (Police) പറഞ്ഞു. തുടര്‍ച്ചയായി ട്രെയിനിന് നേരെയുണ്ടാകുന്ന ആക്രമണങ്ങളില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും ഡ്രോണ്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് വരികയാണെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ അജിത് കുമാര്‍ (Police Commissioner Ajith Kumar) പറഞ്ഞു. അതേസമയം ട്രെയിനുകള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളില്‍ ആശങ്കയിലാണ് യാത്രക്കാര്‍. ഇത്തരം അക്രമങ്ങള്‍ തടയുന്നതിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ട്രെയിനുകള്‍ക്ക് നേരെ ആക്രമണം (Train Attack):സംസ്ഥാനത്ത് വിവിധിയിടങ്ങളില്‍ ട്രെയിനുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ പതിവായിരിക്കുകയാണ്. കണ്ണൂരില്‍ നേത്രാവതി എക്‌സ്‌പ്രസിന് പുറമെ ഓഗസ്റ്റ് 13, 14 തീയതികളില്‍ ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്‌പ്രസിന് (Chennai Super Fast Express) നേരെയും കല്ലേറുണ്ടായിരുന്നു. കണ്ണൂരിനും കണ്മൂര്‍ സൗത്തിനും ഇടയിലായിരുന്നു സംഭവം. കല്ലേറില്‍ എസി കോച്ചിന്‍റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.