കണ്ണൂര്‍: ഉത്തര മലബാറിൽ കളിയാട്ടക്കാലം അരികിലെത്തിയതോടെ തെയ്യത്തിന്‍റെ ആടയാഭരണങ്ങൾ മിനുക്കിയെടുക്കുന്ന തിരക്കിലാണ് തെയ്യം കലാകാരൻമാർ. ഇടവപ്പാതിയോടെ സത്യപ്രമാണങ്ങൾ ചൊല്ലി അരങ്ങൊഴിഞ്ഞ തെയ്യങ്ങൾ വീണ്ടും ചിലമ്പണിയുന്നത് തുലാമാസ ആരംഭത്തിലാണ്. തുലാം ഒന്നിന് കാവുകൾ തെയ്യത്തെ വരവേല്‍ക്കാൻ ഒരുങ്ങും. തുലാം പത്തോടെ തെയ്യക്കാലം ആരംഭിക്കും.
മനുഷ്യന്‍റെ സങ്കടങ്ങൾക്ക് തീർപ്പ് കല്‍പിക്കാൻ ദൈവവിളിയുമായി വരുന്ന ഓരോ തെയ്യക്കോലങ്ങൾക്കും വേണ്ടി അണിയലങ്ങൾ ഒരുക്കുന്ന തിരക്കിലാണ് തെയ്യം കലാകാരന്മാർ. ദേവതകളുടെ പുരാസങ്കല്‍പം അനുസരിച്ച് അതിസൂക്ഷമതയോടെയാണ് ഇവ ഒരുക്കിയെടുക്കുന്നത്. ഓരോ തെയ്യത്തിനും ചമയങ്ങൾ ഏറെ പ്രധാനമാണ്.
ആചാര നിഷ്‌ഠയോടും വൃതശുദ്ധിയോടെയുമാണ് തെയ്യം കലാകാരൻമാർ ചമയങ്ങൾ ഒരുക്കുന്നത്. വലിയ മുടി, വട്ട മുടി, പീലിമുടി, തിരുമുടി, തൊപ്പിച്ചമയം, പൂക്കട്ടിമുടി തുടങ്ങിയവ മുരിക്ക്, കൂവൽ തുടങ്ങിയ ഭാരംകുറഞ്ഞ മരങ്ങൾ കൊണ്ടാണ് നിര്‍മിക്കുന്നത്. കവുങ്ങിന്‍റെ അലക്, ഓടമുള, വെള്ളി, ഓട് ഇവകൊണ്ട് നിർമിച്ച ചെറുമിന്നികൾ ചന്ദ്രക്കലകൾ, മയിൽപ്പീലി, വ്യത്യസ്‌ത പൂക്കൾ, കുരുത്തോല എന്നിവയും മുടിനിർമാണത്തിന് ഉപയോഗിക്കുന്നുണ്ട്.