കണ്ണൂർ:ബൈപ്പാസ് നിർമാണത്തിൻ്റെ ഭാഗമായുള്ള സർവ്വേ നടപടികൾ പാപ്പിനിശ്ശേരി തുരുത്തി പട്ടികജാതി കോളനിക്കാർ തടഞ്ഞു. വീടും സ്ഥലവും വിട്ടു നൽകാൻ അനുമതി നൽകാത്തവരുടെ ഭൂമി അളക്കാനുള്ള ശ്രമമാണ് നാട്ടുകാരും സമരസമിതി പ്രവർത്തകരും ചേർന്ന് തടഞ്ഞത്. പ്രതിഷേധത്തിനിടെ ഒരാൾ ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കി. ദേശിയപാത വികസനത്തിനായി പാപ്പിനിശ്ശേരി തുരുത്തിയിൽ 6.5 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിൻ്റെ ഭാഗമായുള്ള സ്ഥലത്തിൻ്റെ അളവാണ് നാട്ടുകാരും സമരസമിതി പ്രവർത്തകരും തടഞ്ഞത്. ഭൂമി വിട്ടു നൽകാൻ അനുമതിപത്രം നൽകാത്തവരുടെ ഭൂമി ഉദ്യോഗസ്ഥർ അളക്കുന്നത് തുരുത്തി സമരസമിതി പ്രവർത്തകർ തടയുകയായിരുന്നു.
സർവ്വേ നടപടി തടഞ്ഞ് പാപ്പിനിശ്ശേരി തുരുത്തി പട്ടികജാതി കോളനിക്കാർ
പ്രതിഷേധത്തിനിടെ ഒരാൾ ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കി.
ഭൂമി ഏറ്റെടുക്കുന്നതിന് എതിരെ തങ്ങൾക്ക് അനുകൂലമായ കോടതി വിധി ഉണ്ടെന്ന് ചൂണ്ടി കാട്ടിയായിരുന്നു സമരസമിതിയുടെ പ്രതിഷേധം. അലൈൻമെന്‍റിൽ പുനപരിശോധന വേണമെന്ന പട്ടികജാതി കമ്മീഷൻ റിപ്പോർട്ട് നിലവിൽ ഉണ്ടെന്നും ഇത് അധികൃതർക്ക് ലഭ്യമായിട്ടും തുടർ നടപടി ഉണ്ടായില്ലെന്നും സമരസമിതി പ്രവർത്തകർ ആരോപിച്ചു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് വീടും, സ്ഥലവും വിട്ടു നൽകാൻ അനുമതി നൽകിയവരുടെ ഭൂമി അളന്ന് തിട്ടപ്പെടുത്തി അധികൃതർ മടങ്ങി. സ്ഥലമെടുപ്പ് ഫെബ്രുവരി 15നുളളിൽ പൂർത്തിയാക്കാനാണ് സർക്കാർ നിർദേശം.