കണ്ണൂർ: കർക്കടക മാസം പിറന്നതോടെ രാമായണ പാരായണവും ആരംഭിച്ചു. പല പ്രസാധകരുടേയും രാമായണ ബുക്കുകൾ വിപണിയിൽ സുലഭവുമാണ്. അവിടെയാണ് അദ്ധ്യാത്മ രാമായണത്തിന്‍റെ താളിയോല ഗ്രന്ഥം കണ്ണൂർ തളിപ്പറമ്പ് സ്വദേശി ഗിരിഷ് പൂക്കോത്ത് അപൂർവ്വ നിധിയായി സൂക്ഷിച്ചിരിക്കുന്നത്. മലയാളം അതിമനോഹരമായ കൈപ്പടയിൽ എഴുതിവച്ചിരിക്കുന്ന ഗ്രന്ഥം.
അപൂർവ നിധിയായി രാമായണത്തിന്‍റെ താളിയോല ഗ്രന്ഥം - താളിയോല ഗ്രന്ഥം
നവരാത്രി പൂജവെപ്പിന് മാത്രം വെളിച്ചം കണ്ട ഗ്രന്ഥത്തിന്‍റെ ഉള്ളടക്കം പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് രാമയണമാണെന്ന് മനസിലായത്.
നാല് തലമുറയെങ്കിലും കൈമാറി വന്ന ഈ താളിയോല ഗ്രന്ഥത്തിന് ഒരു പോറൽ പോലും സംഭവിച്ചിട്ടില്ല. ഇപ്പോഴും ആർക്കും സുഗമമായി പാരായണം ചെയ്യാം. നാടൻകലാ ഗവേഷകനായ തളിപ്പറമ്പ് സ്വദേശി ഗിരീഷ് പൂക്കോത്താണ് ഈ ഗ്രന്ഥത്തിന്‍റെ സൂക്ഷിപ്പുകാരൻ. നാട്ടെഴുത്തച്ഛൻ ആയിരുന്ന ബാലിവീട്ടിൽ കോരൻ ഈ ഗ്രന്ഥം പാരായണം ചെയ്തതായി പറഞ്ഞ് കേട്ടിട്ടുണ്ട്. തൊണ്ടും മണലും ഉപയോഗിച്ച് അക്ഷരഭ്യാസം നടത്തി വന്ന കാലമായിരുന്നു അത്. തലമുറകൾ കഴിഞ്ഞ് നവരാത്രി പൂജവെപ്പിന് മാത്രം വെളിച്ചം കണ്ട ഗ്രന്ഥത്തിന്‍റെ ഉള്ളടക്കം പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് രാമയണമാണെന്ന് മനസിലായത്. ഗവേഷണ തൽപരനായ ഗിരീഷ് പുരാവസ്തു ഗവേഷകർക്കൊപ്പം ചേർന്ന് ഈ ഗ്രന്ഥത്തെ കുറിച്ചുള്ള സമഗ്ര പഠനത്തിന് തയ്യാറെടുക്കുകയാണ്. കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് ഫോക്ലോർ സ്റ്റഡീസിൽ ഒന്നാം ക്ലാസോടെ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ഇദ്ദേഹം പുസ്തക രചയിതാവുകൂടിയാണ്.