കണ്ണൂർ :കണ്ണൂർ പയ്യന്നൂരിൽ ദേശീയ പാതയിൽ കണ്ടെയ്‌നർ ലോറി മറിഞ്ഞുണ്ടായ ഗതാഗത കുരുക്കിൽപ്പെട്ട് പലർക്കും നീറ്റ് പരീക്ഷ നഷ്‌ടമായി. കൂത്തുപറമ്പ് നിലമലഗിരി സ്വദേശിനി നയന ജോർജിന് പയ്യന്നൂർ പെരുമ്പ ലത്തീഫിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലായിരുന്നു നീറ്റ് പരീക്ഷ സെന്‍റർ. ഉച്ചയ്ക്ക് ഒന്നരയ്ക്കായിരുന്നു പരീക്ഷ സെന്‍ററിൽ എത്തേണ്ടിയിരുന്നത്.
മാതാപിതാക്കളായ ജോർജിനും റോസ് മേരിക്കും ഒപ്പം രാവിലെ 9ന് തന്നെ വീട്ടിൽ നിന്നിറങ്ങി. വീട്ടിൽ നിന്ന് 62 കിലോമീറ്റർ ദൂരം ഉണ്ട് പയ്യന്നൂരിലേക്ക്. 2 മണിക്കൂർ കൊണ്ട് ഓടിയെത്തേണ്ടതാണ്. 12 മണിക്ക് ഉള്ളിൽ പയ്യന്നൂരിൽ എത്താം എന്ന പ്രതീക്ഷയിൽ അച്ഛൻ ജോർജ് ഓടിച്ച കാർ ദേശീയപാതയിലേക്ക് കടക്കുന്ന കണ്ണൂർ ചാല വരെ കൃത്യസമയത്ത് എത്തി. പിന്നീടങ്ങോട്ട് ഗതാഗതകുരുക്ക് വില്ലനാവുകയായിരുന്നു.
പിന്നീട് ഉള്ള 50ലേറെ കിലോമീറ്റർ പള്ളിക്കുന്നും പുതിയ തെരുവും കടന്ന് 12 മണിക്ക് എഴിലോട് എത്തിയതോടെ പ്രതീക്ഷകൾ ആകെ പാളുകയായിരുന്നു. ദേശീയ പാത നിർമാണ പ്രവൃത്തി നടക്കുന്ന എഴിലോട്ട് വലിയ കണ്ടെയ്‌നർ ലോറി മറിഞ്ഞു. എഴിലോട്ടിൽ നിന്ന് ഏതാണ്ട് അഞ്ച് കിലോമീറ്റർ മാത്രമാണ് പയ്യന്നൂരിലേക്ക് ഉള്ളത്. തുടർന്നുള്ള യാത്ര വഴി മുട്ടി.
12.45 വരെ കാത്തുനിന്നെങ്കിലും റോഡിലെ ഗതാഗത കുരുക്ക് അതേപടി തുടർന്നു. ഒടുവിൽ അമ്മയും മകളും കാറിൽ നിന്നിറങ്ങിയോടി. ഒരു കിലോമീറ്ററോളം ഇരുവരും ഓടി. ഇത് കണ്ട വഴി യാത്രികൻ നയനയെ ബൈക്കിൽ സ്‌കൂളിൽ എത്തിച്ചെങ്കിലും നാല് മിനിറ്റ് വൈകിയിരുന്നു. പിന്നാലെ വന്ന അമ്മ മകളുടെ സങ്കടം കണ്ട് തളർന്നു വീണു.
ഒടുവിൽ അച്ഛൻ എത്തിയാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. ഒരു വർഷത്തെ കോച്ചിങ്ങിന് ശേഷമാണ് നയന നീറ്റ് പരീക്ഷ എഴുതാൻ എത്തിയത്. നയനയെ പോലെ നിരവധി കുട്ടികൾക്കാണ് ഏഴിലോട്ട് ഉണ്ടായ ഗതാഗതക്കുരുക്കിൽപ്പെട്ട് പരീക്ഷ നഷ്‌ടപ്പെട്ടത്. ഇന്നലെ രാവിലെ 11 മണിയോടുകൂടിയാണ് ഏഴിലോട്ട് ലോഡ് ദേശീയപാതയിൽ കണ്ടെയ്‌നർ ലോറി മറിഞ്ഞ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടത്.