അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ പരിയാരം മെഡിക്കല്‍ കോളജ് കണ്ണൂർ :സര്‍ക്കാര്‍ ഏറ്റെടുത്ത് അഞ്ച് വര്‍ഷം തികഞ്ഞിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ അടക്കമില്ലാതെ പരിയാരം മെഡിക്കല്‍ കോളജ്. ആശുപത്രിയിലെ ചില വിഭാഗങ്ങളില്‍ ഡോക്‌ടര്‍മാരുടെ കുറവും ആവശ്യമായ ഉപകരണങ്ങള്‍ ഇല്ലാത്തതും ചില പ്രത്യേക രോഗികള്‍ക്ക് നല്‍കേണ്ട മരുന്നില്ലാത്തതുമാണ് നിലവില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍. മലബാറിലെ ഏറ്റവും വലിയ മെഡിക്കല്‍ കോളജിന്‍റെ നിലവിലെ അവസ്ഥയാണിത്. ഡോക്‌ടര്‍മാരില്ലാത്തതുകൊണ്ട് ആശുപത്രിയിലെ ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗം അടച്ചുപൂട്ടിയത് രോഗികളെ ഏറെ വലയ്‌ക്കുന്നുണ്ട്.
റേഡിയോളജി, കാർഡിയോളജി, നെഫ്രോളജി, പ്ലാസ്റ്റിക് സർജറി, ബൈപാസ് സർജറി, അത്യാഹിത വിഭാഗം എന്നിവിടങ്ങളിലും ഡോക്‌ടര്‍മാരുടെ കുറവുണ്ട്. കൂടാതെ ചികിത്സയ്ക്കും പരിശോധനയ്ക്കും ആവശ്യമായ യന്ത്രങ്ങൾ കാലപ്പഴക്കത്താൽ തകരാറിലായതും പരിയാരത്തിന് വൻ തിരിച്ചടിയാണ്. ക്യാന്‍സര്‍ ചികിത്സയ്ക്ക് അത്യാവശ്യമുള്ള കോബാൾട്ട് തെറാപ്പിയുടെ യന്ത്രം പണിമുടക്കിയിട്ട് രണ്ട് വർഷമായി.
സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എംആർഐ സ്‌കാനിങ് വിഭാഗം ഇപ്പോഴും സ്വകാര്യ മേഖലയിലാണ് എന്ന് മാത്രമല്ല സ്വകാര്യ ആശുപത്രികളിലെ സ്‌കാനിങ് നിരക്കാണ് ഇവിടെ ഇപ്പോഴും ഈടാക്കുന്നത്. ആശുപത്രിയിലെ ഫാർമസിയിൽ സൗജന്യ മരുന്നുകൾ പലതും ലഭ്യമല്ല. വൻവില കൊടുത്ത് പുറത്തുനിന്ന് വാങ്ങേണ്ട സ്ഥിതിയാണുള്ളത്.
ആശുപത്രിയിലെത്തുന്ന വിവിധ തരം മരുന്നുകൾ സൂക്ഷിക്കുന്നതാകട്ടെ ആശുപത്രി വരാന്തയിലാണ്. ആശുപത്രിയില്‍ വിശ്രമ കേന്ദ്രം നിർമിക്കാത്തതിനാൽ വരാന്തയിൽ വിശ്രമിക്കേണ്ട ഗതികേടിലാണ് രോഗികളുടെ കൂട്ടിരിപ്പുകാർ. മുൻഗണന റേഷൻ കാർഡ് വിഭാഗങ്ങളിൽ, എഎവൈയിൽ ഉൾപ്പെടാത്തവർക്ക് പരിയാരത്ത് പൂർണമായി സൗജന്യ ചികിത്സ നൽകുന്നില്ലെന്ന് ആക്ഷേപവും ഉയരുന്നുണ്ട്.
സംസ്ഥാനത്ത് എറ്റവും കൂടുതൽ ഹൃദയ ശസ്ത്രക്രിയ നടത്തുന്ന പരിയാരം കാർഡിയോളജി വിഭാഗത്തിലെ മൂന്ന് കാത്ത് ലാബുകളില്‍ രണ്ടും ഇപ്പോൾ തകരാറിലായി. ശുചിമുറികളിൽ നിന്നുൾപ്പടെയുള്ള വെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം നിലച്ചതോടെ മലിനജലം ദേശീയപാതയ്ക്ക് സമീപത്തെ തോട്ടിലേക്ക് ഒഴുകുന്ന നിലയിലുമാണ്.
ശുദ്ധീകരണ പ്ലാന്‍റിലും തൊട്ടടുത്ത കുഴികളിലും നിറഞ്ഞ മലിനജലം പുറത്തേക്ക് ഒഴുക്കിവിട്ട സംഭവത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് വിശദീകരണം തേടിയിരുന്നു. കക്കൂസ് മാലിന്യം അടക്കം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നുള്ള മലിന ജലം തുറസായ സ്ഥലങ്ങളിൽ കെട്ടിനിൽക്കുന്നതും ഒഴുകി ഒലിച്ചിറങ്ങുന്നതും പകർച്ചവ്യാധികള്‍ അടക്കമുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണം ആകുമോ എന്ന ഭീതിയിലാണ് ആരോഗ്യ പ്രവർത്തകരും നാട്ടുകാരും.
ശുദ്ധീകരണ പ്ലാന്‍റ് പ്രവർത്തന രഹിതമായിട്ട് ഒന്നര വർഷത്തിലേറെയായിട്ടും പ്രവര്‍ത്തന ക്ഷമമാക്കാനുള്ള നടപടിയെന്നും സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നുമുണ്ടായില്ല.10 മോട്ടോറുകളിൽ ഇപ്പോൾ രണ്ടെണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. 10 ലക്ഷം ലിറ്റർ മലിനജലം ശുദ്ധീകരിക്കാൻ ശേഷിയുള്ളതാണ് പ്ലാന്‍റ്. രണ്ട് പതിറ്റാണ്ടുമുമ്പ് സ്ഥാപിച്ചതാണിത്. പ്ലാന്‍റ് പ്രവര്‍ത്തന ക്ഷമമാക്കാന്‍ 2021-22ൽ അനുവദിച്ച 75 ലക്ഷം രൂപയുടെ ഫണ്ടിന് ആരോഗ്യ വകുപ്പിന്‍റെ അനുമതിക്കുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് ഒരു വർഷമായി.
ആരോഗ്യ വകുപ്പ് സെക്രട്ടറി അനുമതി നൽകി ഒപ്പിട്ടുവെന്നാണ് പുറത്തുവരുന്ന വിവരമെങ്കിലും വിഷയത്തില്‍ ഇതുവരെയും നടപടിയായില്ല. ആശുപത്രി സർക്കാർ ഏറ്റെടുത്തതിന് ശേഷം ജീവനക്കാർക്ക് ഡിഎ തുടങ്ങിയ ആനുകൂല്യങ്ങളും ശമ്പള പരിഷ്‌കരണവും നടപ്പാക്കിയിട്ടുമില്ല.