കണ്ണൂര്‍:സ്ഥിരം അധ്യാപകരില്ലാത്തതിനാൽ കെ.കെ.എൻ പരിയാരം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാർഥികളുടെ പ്ലസ് ടു പഠനം വഴിമുട്ടുന്നതായി പരാതി. 2014 ൽ പ്ലസ് ടു വിദ്യാഭ്യാസത്തിന് സയൻസ് വിഷയം അനുവദിച്ചതല്ലാതെ സ്ഥിരം അധ്യാപകരെ നിയമിച്ചിട്ടില്ല. രണ്ടാമതൊരു വിഷയം അനുവദിക്കാത്തതാണ് അധ്യാപന നിയമനത്തിന് തടസമായി ചൂണ്ടിക്കാണിക്കുന്നത്.
പ്ലസ് വൺ, പ്ലസ് ടു സയൻസ് ക്ലാസുകളിലായി നൂറിലധികം വിദ്യാർഥികളാണ് സ്‌കൂളിൽ പഠിക്കുന്നത്. പ്രിൻസിപ്പൽ ഉൾപ്പെടെ ഏഴ് അധ്യാപകരുടെയും രണ്ട് ലാബ് ടെക്‌നീഷ്യൻമാരുടെയും ഒഴിവുകളാണ് വര്‍ഷങ്ങളായി നികത്തപ്പെടാതിരിക്കുന്നത്.
മന്ത്രിമാര്‍, കലക്‌ടര്‍മാര്‍, വിദ്യാഭ്യാസ ഓഫിസുകള്‍ എന്നിവിടങ്ങളില്‍ രക്ഷിതാക്കളും അധ്യാപകരും പ്രയാസങ്ങൾ അവതരിപ്പിച്ചിട്ടും കാര്യമുണ്ടായില്ല. സ്‌കൂള്‍ അധികൃതർ പി.ടി.എയുടെ സഹകരണത്തോടെ ദിവസവേതനത്തിന് അധ്യാപകരെ നിയമിച്ചാണ് ഓൺലൈൻ ക്ലാസുകൾ അടക്കം നടത്തിയത്.