പാനൂരില്‍ വിലാപയാത്രയ്ക്കിടെ വ്യാപക അക്രമം - പാനൂര്‍ കൊലപാതകം വാര്‍ത്ത
20:44 April 07
വിവിധ സിപിഎം ഓഫീസുകള്‍ക്ക് തീയിട്ടു. കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്‍റെ മൃതദേഹം സംസ്കരിച്ചു
കണ്ണൂര്‍:പാനൂരില്‍ കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിൻ്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്രക്കിടെ പാനൂർ മേഖലയിൽ വ്യാപക അക്രമം. സിപിഎമ്മിന്‍റെ നിരവധി ഓഫീസുകള്‍ ലീഗ് പ്രവര്‍ത്തകര്‍ അഗ്നിക്കിരയാക്കി. സിപിഎം പെരിങ്ങത്തൂർ ലോക്കൽ കമ്മിറ്റി ഓഫീസ്, പാനൂർ ടൗൺ, ആച്ചി മുക്ക് ബ്രാഞ്ച് കമ്മിറ്റി ഓഫീസുകള്‍ എന്നിവയാണ് കത്തിച്ചത്.
അതേസമയം മന്‍സൂറിന്‍റെ സംസ്കാരചടങ്ങുകള്‍ പൂര്‍ത്തിയായി. പാറാൽ ജുമാമസ്ജിദ് ഖബർസ്ഥാനിലാണ് മന്‍സൂറിന്‍റെ മൃതദേഹം ഖബറടക്കിയത്. പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ മയ്യത്ത് നിസ്ക്കാരത്തിന് നേതൃത്വം നല്കി.
കോഴിക്കോട് മെഡിക്കൽ കോളജിലെ പോസ്റ്റുമോർട്ടത്തിന് ശേഷം കുഞ്ഞിപ്പള്ളിയില്‍ എത്തിച്ച മൃതദേഹം യുഡിഎഫ് പ്രവര്‍ത്തകര്‍ വിലാപയാത്രയായിട്ടാണ് സ്വദേശമായ കാട്ടില്‍ പീടികയിലെത്തിച്ചത്. തുടര്‍ന്ന് നടന്ന പൊതുദര്‍ശനത്തില്‍ നൂറ് കണക്കിന് യുഡിഎഫ് പ്രവര്‍ത്തകര്‍ അന്ത്യാഞ്ജലികള്‍ അര്‍പ്പിച്ചു. മേഖലയിൽ ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്. വലിയ രീതിയിലുള്ള പൊലീസ് സന്നാഹവും മേഖലയിലുണ്ട്.