കണ്ണൂർ : രാമന്തളി പാലക്കോട് ചിറ്റടിക്കുന്നിലെ കടൽ മണൽ സംഭരണത്താൽ ദുരിതത്തിലായിരിക്കുകയാണ് പ്രദേശത്തെ അമ്പതോളം വീട്ടുകാർ. പാലക്കോട് ഹാർബർ വികസനത്തിൻ്റെ ഭാഗമായി കുഴിച്ചെടുക്കുന്ന മണൽ കുന്നിൻമുകളിൽ നിക്ഷേപിച്ചതോടെ ശുദ്ധമായ കിണർ വെള്ളത്തിൽ ഉപ്പ് കലരുകയായിരുന്നു. പാലക്കോട് പുലിമുട്ട് നിർമാണത്തിന്‍റെ ഭാഗമായി കടലിൽ നിന്നും ഡ്രെഡ്‌ജ് ചെയ്‌ത മണൽ 2020 മുതലാണ് പാലക്കോടിന് മുകളിൽ ചിറ്റടിക്കുന്നിൽ നിക്ഷേപിച്ചു തുടങ്ങിയത്.
നേരത്തെ ചെങ്കൽ ഖനനം നടത്തി ഉപേക്ഷിച്ച കുഴികളിൽ അടക്കമായിരുന്നു മണൽ നിക്ഷേപം. ഇവിടെത്തന്നെ മണൽ അരിച്ച് വിൽപ്പന നടത്തുകയായിരുന്നു ചെയ്‌തിരുന്നത്. മണൽ അരിച്ചതിന്‍റെ അവശിഷ്‌ടങ്ങളും പലയിടത്തായി കൂട്ടിയിട്ടുണ്ട്. ഏക്കറോളം സ്ഥലത്തായിരുന്നു മണൽ സംഭരണം.
രണ്ട് വർഷം മുമ്പായിരുന്നു മണൽ നിക്ഷേപത്തിന്‍റെ ദുരിതം താഴ്വാരത്തെ ജനങ്ങൾ അനുഭവിക്കാൻ തുടങ്ങിയത്. ഏഴിമലയുടെ ഭാഗമായ ചിറ്റടിയിലെ ചെങ്കൽ പരപ്പുകളുടെയും കാട് നിറഞ്ഞ കുന്നിൻ ചരിവുകളുടെയും സാന്നിധ്യത്താൽ എല്ലാകാലവും ശുദ്ധജലം ലഭിച്ചിരുന്ന അമ്പതോളം വീടുകളുടെ കിണറുകളിൽ ഉപ്പുവെള്ളം കലർന്നു. ഇതിൽ 30ഓളം കിണറുകൾ ഗുരുതരമായ വിധത്തിൽ മലിനമായി.
നാട്ടുകാർ സ്വകാര്യ ലാബിൽ പരിശോധിച്ചപ്പോഴും പഞ്ചായത്ത് സെക്രട്ടറിയുടെ നിർദേശ പ്രകാരം പഞ്ചായത്തിന്‍റെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലും കിണറുകളിലെ വെള്ളം കുടിക്കാൻ യോഗ്യമല്ലെന്ന് കണ്ടെത്തി. നാട്ടുകാരുടെ പരാതിയിൽ നിർദേശിച്ചത് അനുസരിച്ച് പഞ്ചായത്ത് സെക്രട്ടറി കുന്നിൻ മുകളിലെ മണൽ നിക്ഷേപം നിർത്താൻ ഉത്തരവ് പുറപ്പെടുവിച്ചുവെങ്കിലും കോൺട്രാക്‌ടർ മണൽ നിക്ഷേപവുമായി മുന്നോട്ട് പോകുകയായിരുന്നു.
കുട്ടികൾക്കും മുതിർന്നവർക്കും ചൊറിച്ചിലും ഛർദ്ദിയും വരെ ഉണ്ടായതായും നാട്ടുകാർ പറയുന്നു. വീണ്ടും ഡ്രഡ്‌ജ് ചെയ്‌ത് മണൽ ചിറ്റടിക്കുന്നിൽ നിക്ഷേപിക്കാൻ നീക്കം തുടങ്ങിയ സാഹചര്യത്തിൽ പ്രക്ഷോഭം ശക്തമാക്കുകയാണ് നാട്ടുകാർ.