കരിങ്കൊടിയുമായി യൂത്ത് കോൺഗ്രസ്, തല്ലിയൊതുക്കാൻ ഡിവൈഎഫ്ഐ കണ്ണൂർ: മുഖ്യമന്ത്രിയുടെയും കെപിസിസി പ്രസിഡന്റിന്റെയും തട്ടകമായ കണ്ണൂർ ജില്ലയിലെ ആദ്യ ദിവസത്തെ നവകേരള സദസ് കണ്ടത് ഡിവൈഎഫ്ഐ- യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേരിട്ടുള്ള ഏറ്റുമുട്ടൽ കാഴ്ചകൾ. കല്യാശേരി നിയോജകമണ്ഡലത്തിലെ സമ്മേളന നഗരിയായ മാടായിപ്പാറയിലേക്ക് എത്തുന്നതിനുമുമ്പ് നാലോളം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പഴയങ്ങാടി പൊലീസ് കരുതൽ തടങ്കലിലേക്ക് മാറ്റിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് തളിപ്പറമ്പിലേക്കുള്ള യാത്ര മധ്യേ പഴയങ്ങാടി എരിപുരത്ത് വെച്ച് നവകേരള സദസിന്റെ ബസിന് നേരെ മഹിത, സുധീഷ് എന്നി യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തി.
അതോടെയാണ് സംഗതി കൈവിട്ട കളിയായത്. കരിങ്കൊടി പ്രതിഷേധം നടത്തിയവരെ ഡിവൈഎഫ്ഐ പ്രവർത്തകർ വളഞ്ഞിട്ട് തല്ലി. കയ്യില്‍ കിട്ടിയതൊക്കെ എടുത്തായിരുന്നു തെരുവിലെ മർദ്ദനം.
അവിടം കൊണ്ടും അവസാനിച്ചില്ല. ഡിവൈഎഫ്ഐ പ്രവർത്തകർ നേരെ പഴയങ്ങാടി പൊലീസ് സ്റ്റേഷനിലെത്തി. സ്റ്റേഷന് മുന്നിലുണ്ടായിരുന്ന ബൈക്കുകൾ തകർത്ത ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും മർദ്ദിച്ചു. നവകേരള സദസിന് സുരക്ഷയൊരുക്കാൻ പോയിരുന്നതിനാല്‍ സ്റ്റേഷനില്‍ ആവശ്യത്തിന് പൊലീസുകാരും ഉണ്ടായിരുന്നില്ല.
പ്രതിഷേധങ്ങളെ കായികമായി നേരിടാനാണ് നീക്കമെങ്കിൽ തിരുവനന്തപുരം വരെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറയുന്നത്. യാത്ര തളിപ്പറമ്പിലെത്തിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഇക്കാര്യത്തില്‍ പ്രതികരിച്ചു. ആരും പ്രകോപനത്തിൽ വീഴരുതെന്നും ഇതുപോലെ പലതും അനുഭവിച്ചാണ് നാം മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി ആവർത്തിച്ചു.