കണ്ണൂർ:മായമില്ലാത്ത ലോകത്തിന് വേണ്ടിയുള്ള ഒറ്റയാൾ പോരാട്ടമാണ് കണ്ണൂരുകാരനായ ലിയാണോ ഡോ ജോൺ നടത്തുന്നത്. ഭക്ഷണ സാധനങ്ങളിലെ മായങ്ങൾക്കെതിരെയാണ് ജോണിന്‍റെ പോരാട്ടങ്ങൾ. ഉറ്റസുഹൃത്തിന്‍റെ വിയോഗവും അമ്മയെ കാൻസർ ബാധിച്ചതുമാണ് 55കാരനായ ജോണിനെ നിയമ പോരാട്ടത്തിലേക്ക് നയിച്ചത്.
നിശ്ചലമാവാത്ത ജോണിന്‍റെ പോരാട്ടങ്ങൾ: യുദ്ധം ഭക്ഷണങ്ങളിലെ മായങ്ങളോട് സുഹൃത്തിന്‍റെ മരണം: സുഗന്ധദ്രവ്യ ഉൽപ്പന്നങ്ങളാണ് കറുവപ്പട്ടയും കാഷ്യയും. ശ്രീലങ്കയിലും ഇന്ത്യയിലുമാണ് ഇവയുടെ ഏറ്റവും കൂടുതൽ ഉൽപ്പാദനം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്നത് ആകട്ടെ കേരളത്തിലും. ഇവയുടെ 60 ശതമാനവും ആയുർവേദ മരുന്നുകൾക്കാണ് ഉപയോഗിക്കുന്നത്.
ഈ മരുന്നിലെ മായമാണ് തൻ്റെ സ്നേഹിതൻ്റെ ജീവൻ ഏടുത്തെതെന്ന തിരിച്ചറിവിൽ നിന്നാണ് മായം ചേർന്ന കറുവപ്പട്ടയ്ക്കെതിരെയും കാഷ്യക്കെതിരെയും കണ്ണൂർ സ്വദേശിയായ ലിയാണോ ഡോ ജോൺ 12 വർഷം മുമ്പ് പോരാട്ടത്തിനിറങ്ങുന്നത്. ലിവർ സിറോസിസ് ബാധിച്ചായിരുന്നു സുഹൃത്തിന്‍റെ മരണം. മദ്യപിക്കാത്ത തന്‍റെ കൂട്ടുകാരൻ മരിച്ചതിന് കാരണം അഞ്ച് വർഷമായി മുടങ്ങാതെ കഴിച്ചിരുന്ന കറുവപ്പട്ടയും കാഷ്യയും കൊണ്ട് നിർമിച്ച കഷായമാണെന്നാണ് ജോൺ പറയുന്നത്.
കൂടാതെ, അമ്മയ്‌ക്ക് ബ്ലഡ് കാൻസറും ബാധിച്ചതോടെ ഭക്ഷണത്തിലെ മായങ്ങൾക്കെതിരെ പോരാട്ടം തുടങ്ങിയ ജോൺ ഇന്നും ആ പോരാട്ടം തുടരുകയാണ്. കഴിഞ്ഞ വർഷം ജോണിന്‍റെ അമ്മ മരണപ്പെട്ടു.
പ്രധാന യുദ്ധം: കാഷ്യ, കറുവപ്പട്ട എന്നിവയിലെ മായം, തമിഴ്‌നാട്ടിൽ മുളകിൽ ചേർക്കുന്ന മായം, എത്യോൺ കീടനാശിനി എന്നിവയ്‌ക്കെതിരെയുമാണ് പ്രധാന പോരാട്ടം. ഇതിനായി വിവരങ്ങൾ ശേഖരിക്കാൻ ജോൺ ബന്ധപ്പെട്ടത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ 2000ത്തോളം വരുന്ന സർക്കാർ, സർക്കാർ ഇതര വകുപ്പുകളെയാണ്. ചിലതിന് വ്യക്തമായ മറുപടി വരുമ്പോൾ ചിലതിന് അതത് സംസ്ഥാനങ്ങളുടെ ഭാഷയിൽ മറുപടി കിട്ടും.
തൻ്റെ പോരാട്ടത്തിനായി ഈ കണ്ണൂരുകാരൻ 3 സംസ്ഥാനങ്ങളിൽ മാത്രമായി നടത്തിയത് 400ലേറെ വാർത്താ സമ്മേളനങ്ങളാണ്. ആകെ ചെലവായ തുക കേട്ടാൽ പലരും മൂക്കത്ത് വിരൽ വക്കും. 30 ലക്ഷം രൂപയാണ് ഈ മനുഷ്യൻ ഇതിനായി ചെലവാക്കിയത്. ജോണിന്‍റെ ഭാഷയിൽ പറഞ്ഞാൽ മൂന്നേക്കറോളം സ്ഥലം വിറ്റ പൈസ ഇതിനായി ചെലവഴിച്ചുകാണും. എങ്കിലും ഇതിൽ നിന്നൊന്നും പിന്മാറാൻ ഈ കണ്ണൂരുകാരൻ ഒരുക്കമല്ല.
മായമില്ല ലോകം എന്നതാണ് ജോണിന്‍റെ സ്വപ്‌നം:ലക്ഷക്കണക്കിന് പൈസ ചെലവാക്കുമ്പോൾ കുടുംബത്തിന്‍റെയും നാട്ടുകാരുടെയും പരിഹാസങ്ങൾ പലതവണ ഏറ്റുവാങ്ങിയിട്ടുണ്ട് ലിയാണോ ഡോ ജോൺ. കൂടാതെ വൻകിട മുതലാളിമാരുടെ ഹണി ട്രാപ്പ് ഉൾപ്പെടെയുള്ള ഭീഷണിയും. സംഗതി ഇങ്ങനെ ഒക്കെ ആണെങ്കിലും ജോണിൻ്റെ പോരാട്ടം വിജയ തീരത്തേക്ക് അടുക്കുകയാണ്.
വിജയതീരത്തേക്ക്:തൻ്റെ പോരാട്ടത്തിന്‍റെ ഫലമായി താൻ മുന്നോട്ട് വച്ച വിഷയങ്ങളിൽ ഹൈക്കോടതിയുടെ അനുകൂല ഇടപെടൽ ഉണ്ടായതാണ് ഈ മനുഷ്യനെ ഏറെ സന്തോഷിപ്പിക്കുന്നത്. ഒരു വർഷത്തെ ബജറ്റിൽ 160 കോടി ചെലവാക്കി ഭക്ഷ്യ വസ്‌തുക്കളിലെ മായത്തിന്‍റെ തോത് ജനങ്ങളെ അറിയിക്കാൻ കേന്ദ്ര വാർത്ത വിതരണ മന്ത്രാലയത്തിന് കോടതി നിർദ്ദേശം നൽകി കഴിഞ്ഞു.