കേരളം

kerala

കാല്‍പന്ത് കളിക്ക് ജീവനേകിയ കണ്ണൂരിലെ മുനിസിപ്പൽ സ്‌റ്റേഡിയം നാശത്തിന്‍റെ വക്കില്‍; പരിശീലനത്തിന് ആശ്രയിക്കേണ്ടത് പൊലീസ് ഗ്രൗണ്ടുകള്‍

പുതുതലമുറ നേട്ടങ്ങൾ കൊയ്യാൻ പരിശീലിക്കേണ്ട മൈതാനങ്ങളാണ് ഇത്തരത്തില്‍ നാശോന്മുഖമാകുന്നത്

By

Published : Jun 23, 2023, 7:30 PM IST

Published : Jun 23, 2023, 7:30 PM IST

kannur  muncipal stadium  kannur muncipal stadium  destruction  football  volleyball  sports  കാല്‍പന്ത് കളി  കണ്ണൂരിലെ മുൻസിപ്പൽ സ്‌റ്റേഡിയം  പൊലീസ് ഗ്രൗണ്ടുകള്‍  പുതുതലമുറ  പൊലീസ് ഗ്രൗണ്ടുകള്‍  മാനുവൽ ഫെഡറിക്  വി പി സത്യൻ  കണ്ണൂർ ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
കാല്‍പന്ത് കളിക്ക് ജീവനേകിയ കണ്ണൂരിലെ മുൻസിപ്പൽ സ്‌റ്റേഡിയം നാശത്തിന്‍റെ വക്കില്‍

കാല്‍പന്ത് കളിക്ക് ജീവനേകിയ കണ്ണൂരിലെ മുൻസിപ്പൽ സ്‌റ്റേഡിയം നാശത്തിന്‍റെ വക്കില്‍

കണ്ണൂർ: മൈതാന നഗരം എന്ന് ഒരു കാലത്ത് അറിയപ്പെട്ടിരുന്ന കണ്ണൂരില്‍ കായിക ഭാവിയ്‌ക്ക് വെല്ലുവിളിയായി മൈതാനങ്ങള്‍ അപ്രത്യക്ഷമാകുന്നു. ഒളിമ്പിക് മെഡൽ ജേതാവ് കണ്ണൂരുകാരൻ മാനുവൽ ഫെഡറിക് കളി പഠിച്ച മൈതാനവും വി പി സത്യൻ, പി കെ ബാലചന്ദ്രൻ തുടങ്ങിയ പ്രതിഭകൾ കളിക്കാനിറങ്ങിയ ഇടവും നാശത്തിന്‍റെ വഴിവക്കില്‍ എത്തി നില്‍ക്കുകയാണ്.

കണ്ണൂരിന്‍റെ കായിക ഭാവി ശോഭനമാണോ എന്നത് പരിശോധിക്കേണ്ടിയിരിക്കുന്നു. പൊലീസ് മൈതാനവും കലക്‌ടറേറ്റ് മൈതാനവും മേളകളുടെ സ്ഥിരം വേദിയായി. പൊലീസ് മൈതാനം വെട്ടിമുറിച്ചാണ് ട്രാഫിക് സ്‌റ്റേഷനും ഫോറൻസിക് ലാബും പണിതത്.

പുതുതലമുറയ്‌ക്ക് പരിശീലിക്കാന്‍ പൊലീസ് ഗ്രൗണ്ടുകള്‍: പൊലീസ് ഗ്രൗണ്ട് കായിക പ്രതിഭകള്‍ക്ക് കുറച്ചെങ്കിലും നല്ല പ്രതീക്ഷകൾ സമ്മാനിക്കുന്നു. പുതുതലമുറ നേട്ടങ്ങൾ കൊയ്യാൻ പരിശീലിക്കേണ്ട മൈതാനങ്ങളാണ് ഇത്തരത്തില്‍ നാശോന്മുഖമാകുന്നത്. കണ്ണൂർ നഗരത്തിന് പുതിയ മുഖം നൽകിയാണ് 1978ല്‍ ജവഹർ സ്‌റ്റേഡിയം ഉയർന്നത്.

ഫെഡറേഷൻ കപ്പ് ശ്രീനാരായണ ടൂർണമെന്‍റ് എന്നിങ്ങനെ നിരവധി മത്സരങ്ങൾക്ക് സ്‌റ്റേഡിയം സാക്ഷിയായി. ഇതിഹാസ താരം ഡീഗോ മറഡോണ പന്തു തട്ടിയ കേരളത്തിലെ ഏക മൈതാനം എന്ന സവിശേഷതയും ജവഹർ സ്‌റ്റേഡിയത്തിനുണ്ട്. എന്നാൽ, സ്‌റ്റേഡിയം ഇന്ന് തകർച്ചയുടെ വക്കിലാണ്.

30,000 പേർക്കിരിക്കാവുന്ന ഗ്യാലറി പലയിടത്തും തകർന്നു. ഫ്ലഡ് ലൈറ്റ് സംവിധാനവും നശിച്ചു. കളിക്കാർക്കുള്ള വിശ്രമ മുറികൾ വർഷങ്ങൾക്കു മുമ്പേ കോർപ്പറേഷൻ കച്ചവടക്കാർക്ക് മറിച്ചു കൊടുത്തു.

കോർപ്പറേഷനും സ്പോർട്‌സ് കൗൺസിലും തമ്മിലുള്ള അധികാര വടംവലിയിൽ നവീകരണത്തിന് അനുവദിച്ച 13 കോടി രൂപ പാഴായി. എന്നാൽ, 80 ലക്ഷം രൂപ ചിലവിട്ട് സ്‌റ്റേഡിയം നവീകരിക്കാൻ കോർപ്പറേഷൻ പദ്ധതിയിട്ടെങ്കിലും അത് എവിടെയും എത്തിയില്ല. പുല്ലുവച്ചു പിടിപ്പിച്ച മൈതാനം സമ്മേളനങ്ങൾക്കും മറ്റു പരിപാടികൾക്കും വിട്ടു നൽകിയതിനാൽ സ്‌റ്റേഡിയം നാശത്തിലേക്ക് നീങ്ങുകയാണ്.

ശാസ്ത്രീയമായല്ല പുല്ലുവച്ചതെന്ന ആരോപണമാണ് പ്രധാനമായും ഉയരുന്നത്. മഴവെള്ളം ഒഴുകിപ്പോകാൻ പുൽത്തകിടിക്കടിയിൽ പൈപ്പിട്ടാണ് ഡ്രൈയ്‌നേജ് സംവിധാനം ഒരുക്കേണ്ടത്. എന്നാൽ ഇവിടെ അത്തരം പ്രവൃത്തികൾ നടക്കുന്നില്ല എന്ന ആരോപണവും ഉയരുന്നു. മാത്രമല്ല, പലയിടത്തും മാലിന്യങ്ങൾ നിറഞ്ഞ അവസ്ഥയാണ് സ്‌റ്റേഡിയത്തിൽ.

മുഖം മിനുക്കി സ്‌പോർട്‌സ് ഡിവിഷൻ: അതേസമയം, കണ്ണൂർ സ്പോർട്‌സ് ഡിവിഷന്‍റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു എന്നത് കായിക മേഖലയ്‌ക്ക് ഏറെ ആശ്വാസകരമാണ്. കൂടുതൽ സൗകര്യങ്ങളും ആവശ്യമായ ഉപകരണങ്ങളും എത്തി. സമഗ്ര പദ്ധതി പ്രകാരം നവീകരണവും നടക്കുന്നുണ്ട്.

ഈ വർഷം 18 കോടി രൂപയാണ് സ്‌പോര്‍ട്‌സ് ഡിവിഷന്‍റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവച്ചത്. പുതിയ രണ്ടുവിധം ബാസ്ക്കറ്റ്‌ബോൾ കോർട്ടും വോളിബോൾ കോർട്ടും നിർമിച്ചു. ഹോസ്‌റ്റൽ സൗകര്യവും ഭക്ഷണവും മെച്ചപ്പെട്ടിട്ടുണ്ട്.

ആറു മുതൽ 12 വരെ ക്ലാസുകളിൽ 237 കുട്ടികളാണ് ഇവിടെയുള്ളത്. ഇവർക്ക് സ്പോർട്‌സ് സയൻസ്, സ്പോർട്‌സ് മെഡിസിൻ തുടങ്ങിയ ശാസ്ത്രീയ രീതികൾ ഉപയോഗപ്പെടുത്തി പരിശീലനം നൽകാനാകുന്നില്ല എന്നത് പോരായ്‌മയാണ്. ഒരുകാലത്ത് കാൽപന്തുകളിക്ക് പേരുകേട്ട കണ്ണൂരിൽ പരിശീലിക്കാൻ ഇവർക്ക് മികച്ച ഫുട്ബോൾ മൈതാനങ്ങളും ഇല്ല. 40 കുട്ടികൾ പൊലീസ് പരേഡ് ഗ്രൗണ്ടിലാണ് പരിശീലിക്കുന്നത്.

രണ്ടു കോച്ചുമാരുടെ സേവനമാണ് നിലവിൽ ലഭിക്കുന്നത്. കൂടുതൽ കുട്ടികളുള്ള അത്‌ലറ്റിക്‌സിനും പരിശീലകനായി രണ്ടു പേരാണുള്ളത്. 27 കുട്ടികളുള്ള ബാസ്ക്കറ്റ്‌ബോളിന് ഒരു കോച്ച് മാത്രമെ ഉള്ളു എന്നതും പ്രതിസന്ധി സൃഷ്‌ടിക്കുന്നു.

ABOUT THE AUTHOR

...view details