കേരളം

kerala

ETV Bharat / state

ലൈഫ് ഭവന പദ്ധതി; 'എല്‍ഡിഎഫിന്‍റേത് ആളെ പറ്റിക്കല്‍ സമരം': കണ്ണൂർ മേയര്‍ - ലൈഫ് ഭവന പദ്ധതി

ലൈഫ് ഭവന പദ്ധതിയില്‍ അട്ടിമറി ആരോപണവുമായി കണ്ണൂർ കോർപറേഷനെതിരെ എല്‍ഡിഎഫ് നടത്തുന്ന സമരത്തിനെതിരെ വിമര്‍ശനവുമായി മേയര്‍ ടിഒ മോഹനന്‍. വിഷയത്തില്‍ കോര്‍പറേഷന് മേല്‍ കുതിര കയറുമ്പോള്‍ വടക്കഞ്ചേരിയിലെ ഫ്ലാറ്റ് നിര്‍മാണ അഴിമതി കേരള സമൂഹത്തിന് മുന്നിലുണ്ടെന്നത് ഓര്‍മിക്കണമെന്നും മേയര്‍.

Mayor  ലൈഫ് പദ്ധതി  കണ്ണൂർ കോർപ്പന്‍  എല്‍ഡിഎഫ് വാര്‍ത്തകള്‍  മേയർ ടി ഒ മോഹനൻ  ലൈഫ് ഭവന പദ്ധതി  കണ്ണൂരില്‍ എല്‍ഡിഎഫ്  യുഡിഎഫ് പോര്  എല്‍ഡിഎഫിന്‍റേത് ആളെ പറ്റിക്കല്‍ സമരം  Kannur mayor TO Mohanan talk about life project  life project  ലൈഫ് ഭവന പദ്ധതി  ലൈഫ് ഭവന പദ്ധതിയില്‍ അട്ടിമറി
മേയര്‍ ടി.ഒ മോഹനന്‍

By

Published : May 11, 2023, 12:53 PM IST

മേയര്‍ ടി.ഒ മോഹനന്‍

കണ്ണൂർ: കണ്ണൂർ കോർപറേഷനിൽ വീണ്ടും എൽഡിഎഫ്- യുഡിഎഫ് പോര് മുറുകുന്നു. ലൈഫ് പദ്ധതിയെ ചൊല്ലിയാണ് ഇത്തവണത്തെ പോര്. ലൈഫ് പദ്ധതി യുഡിഎഫ് അട്ടിമറിച്ചെന്ന് ആരോപണം ഉയരുമ്പോള്‍ അതിനെ കണക്കുകൾ നിരത്തി പ്രതിരോധിക്കുകയാണ് യുഡിഎഫ്. ഏറ്റവും വലിയ വിജയമാണെന്ന് സര്‍ക്കാര്‍ തന്നെ കൊട്ടിഘോഷിക്കുമ്പോള്‍ അതിന്‍റെ പേരില്‍ സമരവുമായി കോര്‍പറേഷന്‍റെ മുമ്പില്‍ വന്നിരിക്കുന്ന ٴഎല്‍ഡിഎഫിന്‍റെ സമീപനം സര്‍ക്കാരിനെതിരെ തന്നെയാണോയെന്ന് അവര്‍ തന്നെ വ്യക്തമാക്കണമെന്ന് മേയർ പറഞ്ഞു.

ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നടത്തുന്ന ആളെ പറ്റിക്കല്‍ സമരമാണ്. ഓരോ സാമ്പത്തിക വര്‍ഷവും പദ്ധതി ആസൂത്രണം ചെയ്യുമ്പോള്‍ ഭവന നിര്‍മാണത്തിനായി നിശ്ചിത തുക നിര്‍ബന്ധമായി എല്ലാ തദ്ദേശ സ്ഥാപനങ്ങളും നീക്കിവയ്‌ക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമെ പദ്ധതിക്ക് അംഗീകാരം ലഭിക്കുകയുള്ളൂ. കണ്ണൂര്‍ കോര്‍പറേഷന്‍ അത്തരത്തില്‍ തുക നീക്കി വയ്ക്കു‌കയും അത് വെച്ച് ഭവന പദ്ധതികള്‍ ആസൂത്രണം ചെയ്‌ത് നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്.

സിപിഎം ഭരിക്കുന്നത് ഉള്‍പ്പെടെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഇത് മാത്രമാണ് ചെയ്യുന്നത്. കണ്ണൂര്‍ കോര്‍പറേഷന്‍ 2021-22 വര്‍ഷത്തില്‍ 4.5 കോടി രൂപയും, 22-23 വര്‍ഷത്തില്‍ 4.46 കോടി രൂപയും ഭവന നിര്‍മാണ പദ്ധതിക്കായി ചെലവാക്കിയിട്ടുണ്ട്. നടപ്പു വര്‍ഷം (2023-24) 4.72 കോടി രൂപ വകയിരുത്തിയിട്ടുമുണ്ട്. 2015 മുതല്‍ 9 പദ്ധതികളിലായി 1793 പേര്‍ക്ക് പിഎംഎവൈ ലൈഫ് പദ്ധതി പ്രകാരം വീട് കണ്ണൂര്‍ കോര്‍പറേഷന്‍ അനുവദിച്ചിട്ടുണ്ട്. ഇതില്‍ 1142 പേര്‍ വീട് നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഈ ഭരണ സമിതിയുടെ കാലയളവില്‍ ഇതുവരെയായി 527 പേര്‍ക്ക് ഭവന നിര്‍മാണത്തിന് ധനസഹായം നല്‍കി കഴിഞ്ഞു. മാത്രമല്ല വീട് അറ്റകുറ്റപ്പണികള്‍ക്കായി കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി 857 പേര്‍ക്കായി 6,68,94,481 രൂപ അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ ഭരണ സമിതിയുടെ 5 വര്‍ഷക്കാലയളവില്‍ 440 പേര്‍ക്ക് മാത്രം വീട് റിപ്പയറിനുള്ള ധനസഹായം നല്‍കിയ സംസ്ഥാനത്താണ് 2 വര്‍ഷം കൊണ്ട് അതിന്‍റെ ഇരട്ടി പേര്‍ക്ക് സഹായം നല്‍കാന്‍ കഴിഞ്ഞത്.

നടപ്പ് സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഭവന നിര്‍മാണത്തിന് സ്ഥലം വാങ്ങുന്നതിന് ജനറല്‍ വിഭാഗത്തില്‍ 2 കോടി രൂപയും പട്ടിക ജാതി വിഭാഗത്തില്‍ 1 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. ഇതെല്ലാം നിര്‍ധനരായ ജനങ്ങളോടുള്ള ഈ ഭരണ സമിതിയുടെ കരുതലിന്‍റെ ഭാഗമാണ്. മാത്രമല്ല ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് വര്‍ഷം കൊണ്ട് 257 പേര്‍ക്ക് 21 ലക്ഷത്തിലധികം രൂപ വിതരണം ചെയ്‌തതും ഈ കരുതലിന്‍റെ ഭാഗമാണ്.

എല്‍ഡിഎഫ് കണ്ണൂര്‍ കോര്‍പറേഷന്‍ ഭരിച്ചപ്പോഴോ അല്ലെങ്കില്‍ എല്‍ഡിഎഫ് ഭരിക്കുന്ന ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനമോ ഇത്തരത്തില്‍ ചെയ്‌തിട്ടുണ്ടോ എന്ന് നേതൃത്വം വ്യക്തമാക്കണമെന്നും മേയർ പറഞ്ഞു. ഭൂരഹിത ഭവന രഹിത കുടുംബങ്ങള്‍ക്ക് ഭവന നിര്‍മാണത്തിന് സ്ഥലം നല്‍കുന്നില്ല എന്നാണ് എൽഡിഫിന്‍റെ ആക്ഷേപം. അതിന് കാരണം സ്ഥലം ലഭ്യമല്ലാത്തതാണ്.

നേരത്തേ നടന്ന പല കൗണ്‍സില്‍ യോഗങ്ങളിലും ഇത് സംബന്ധിച്ച ചര്‍ച്ച നടന്നപ്പോള്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍മാരോട് ഉള്‍പ്പെടെ കോര്‍പറേഷന്‍ പരിധിയില്‍ അത്തരത്തില്‍ സ്ഥലം ലഭ്യമാണെങ്കില്‍ അറിയിക്കുന്നതിന് നിര്‍ദ്ദേശിച്ചെങ്കിലും ആരുടെയും മറുപടി ലഭിച്ചില്ല. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് തന്നെ (2019 ല്‍) ഇതിനായി സ്ഥലം കണ്ടെത്തുന്നതിന് താലൂക്ക് തഹസില്‍ദാര്‍ക്ക് കത്ത് നല്‍കിയെങ്കിലും എവിടെയും സ്ഥലം ലഭ്യമല്ല എന്ന മറുപടിയാണ് ലഭിച്ചതെന്നും മേയര്‍ മോഹനൻ കൂട്ടിചേർത്തു.

വസ്‌തുത ഇതായിരിക്കെ ജില്ലയില്‍ ഒരു തദ്ദേശ സ്ഥാപനത്തില്‍ ഫ്ലാറ്റ് നിര്‍മിച്ചതിന്‍റെ പേരില്‍ കണ്ണൂര്‍ കോര്‍പറേഷനും നിര്‍മിക്കണമെന്ന് പറഞ്ഞ് സമരം ചെയ്യുന്നതിന്‍റെ യുക്തി മനസിലാകുന്നില്ല. എല്‍ഡിഎഫ് ഭരിക്കുന്ന ഏതെങ്കിലും ഭരണ സമിതികള്‍ ഇത്തരത്തില്‍ ഫ്ലാറ്റ് സമുച്ചയം നിര്‍മ്മിച്ചിട്ടുണ്ടോ? അതിന്‍റെ പേരില്‍ ആ തദ്ദേശ സ്ഥാപനത്തിന് മുന്നില്‍ സമരം ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് എല്‍ഡിഎഫ് നേതൃത്വവും ജയരാജനും വ്യക്തമാക്കണമെന്നും യുഡിഎഫ് തിരിച്ചടിച്ചു.

ഫ്ലാറ്റ് നിര്‍മിക്കാത്തതിന്‍റെ പേരില്‍ മേയര്‍ രാജി വെക്കണമെന്ന് ആവശ്യപ്പെടുന്ന ജയരാജന്‍ എല്‍ഡിഎഫ് ഭരിക്കുന്ന ഈ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാരോടു കൂടി രാജി ആവശ്യപ്പെടുമോ എന്നറിയാന്‍ താത്പര്യമുണ്ട്. ലൈഫ് ഭവന പദ്ധതിയുടെ പേരില്‍ കോര്‍പറേഷന് മേല്‍ കുതിര കയറുമ്പോള്‍ വടക്കാഞ്ചേരിയില്‍ ലൈഫ് ഫ്ലാറ്റിന്‍റെ പേരില്‍ 4.5 കോടി കൈക്കൂലി വാങ്ങിയ സംഭവം കേരളീയ പൊതു സമൂഹത്തിന്‍റെ മുന്നിലുണ്ട് ആദ്ദേഹം പറഞ്ഞു. ഈ വിഷയങ്ങൾ ഉന്നയിച്ച് കോർപറേഷനിൽ കഴിഞ്ഞ ദിവസം എൽഡിഎഫ് സമരം നടത്തിയിരുന്നുവെന്നും മേയര്‍ ടി.ഒ മോഹനൻ കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details