കണ്ണൂര്‍:കൃഷിയിലൂടെയുള്ള വരുമാനം സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവച്ച് കര്‍ഷകന്‍. കണ്ണൂര്‍ മാതമംഗലം സ്വദേശി ഹരിത രമേശനാണ് തന്‍റെ പച്ചക്കറി കൃഷിയിലൂടെയുള്ള വരുമാനം ചികിത്സ സഹായമുൾപ്പെടെയുളള സന്നദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നത്. മാതമംഗലം കൂട്ടായ്‌മ എന്ന സന്നദ്ധ സംഘടനയ്ക്ക് രൂപം നൽകി കൊണ്ടാണ് ഹരിത രമേശന്‍റെ സേവന പ്രവർത്തനങ്ങൾ.
സന്നദ്ധ പ്രവര്‍ത്തനത്തിന്‍റെ 'മാതമംഗലം മോഡല്‍' വർഷങ്ങളായി കൃഷിയിലൂടെയുള്ള വരുമാനം സേവന പ്രവർത്തനങ്ങൾക്കായാണ് രമേശൻ ഉപയോഗിക്കുന്നത്. പറമ്പിൽ നിന്ന് ഉത്പാദിപ്പിക്കുന്ന പച്ചക്കറി കൃഷിയിലൂടെയാണ് സേവന പ്രവർത്തനങ്ങൾക്ക് ഇദ്ദേഹം പണം കണ്ടെത്തുന്നത്. ചികിത്സ ധനസഹായവും നിർധനരായ കുടുംബങ്ങൾക്കുള്ള സഹായവും വിദ്യാർഥികളുടെ പഠന ആവശ്യങ്ങളും ഇദ്ദേഹം ഇതിലൂടെ ഏറ്റെടുത്ത് നടത്തുന്നുണ്ട്.
മാതമംഗലം കൂട്ടായ്‌മ എന്ന സന്നദ്ധ സംഘടനയ്ക്ക് ഹരിത രമേശന്‍ രൂപം നൽകുന്നതും അങ്ങനെയാണ്. 2018ലെ പ്രളയകാലത്ത് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി രൂപീകരിച്ചതാണ് മാതമംഗലം കൂട്ടായ്‌മ. ഇതിനകം തന്നെ നിരവധി പ്രവർത്തനങ്ങൾ ഈ കൂട്ടായ്‌മയിലൂടെ നടത്താൻ കഴിഞ്ഞുവെന്നും രമേശൻ പറഞ്ഞു. കൃഷിയിലൂടെയുള്ള വരുമാനം ഉപയോഗിച്ചാണ് സഹായങ്ങൾ നൽകിവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത്തവണ പ്രതികൂലമായ കാലാവസ്ഥ എല്ലായിടത്തും പോലെ രമേശന്‍റെ കൃഷിയേയും സാരമായി ബാധിച്ചിരുന്നു. എന്നാല്‍ പഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും എല്ലാവിധ സഹായ സഹകരണങ്ങളും ലഭിക്കുന്നുണ്ടെന്നും ഇദ്ദേഹം പറയുന്നു. കെ.പി നൂറുദ്ദീൻ സ്‌മാരക പുരസ്‌കാരം, മന്ദ്യൻ നാരായണൻ സ്‌മാരക പുരസ്‌കാരം, പി.കെ ഗോപാലൻ പുരസ്‌കാരം, മദർ തെരേസ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങളും ഇതിനോടകം ഹരിത രമേശനെ തേടിയെത്തിയിട്ടുണ്ട്.