കണ്ണൂർ: ഉദ്‌ഘാടനം കഴിഞ്ഞ് അഞ്ച് വര്‍ഷം പൂര്‍ത്തിയായിട്ടും ബസുകള്‍ കയറാതെ കണ്ണൂർ മാതമംഗലം ബസ് സ്റ്റാന്‍ഡ്. കടമുറികളും പൊലീസ് എയ്‌ഡ് പോസ്റ്റുമടക്കം ഉള്‍ക്കൊള്ളിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ വിശാലമായ ബസ് സ്റ്റാന്‍ഡാണ് ഉപയോഗിക്കാതെ ഇട്ടിരിക്കുന്നത്. കെട്ടിട ഉടമയും പഞ്ചായത്തും തമ്മിലുള്ള പ്രശ്‌നമാണ് ബസ് സ്റ്റാന്‍ഡിന്‍റെ നിലവിലെ അവസ്ഥക്ക് കാരണം എന്നാണ് ജനങ്ങള്‍ പറയുന്നത്.
കണ്ണൂർ ജില്ലയിലെ മലയോര പ്രദേശങ്ങളിലെ പ്രധാന വാണിജ്യ കേന്ദ്രമാണ് മാതമംഗലം. വെള്ളോറ, പെരുമ്പടവ്, എരമം, പെരിങ്ങോം, തേരർതല്ലി, തിമിരി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ബസുകൾ പ്രധാനമായും മാതമംഗലം വഴിയാണ് പോകുന്നത്. അതുകൊണ്ട് തന്നെ മലയോര മേഖലയിലെ ബസ് റൂട്ടുകളിൽ പ്രധാനപ്പെട്ടൊരു സ്ഥലം കൂടിയാണ് മാതമംഗലം. സ്ഥല പരിമിതി കൊണ്ടും ഗതാഗത കുരുക്കിലും വീർപ്പുമുട്ടിയ യാത്രക്കാര്‍ക്ക് സൗകര്യത്തിനായി വർഷങ്ങൾക്ക് മുൻപ് ഇവിടെ ബസ് സ്റ്റാൻഡ് എന്ന ആവശ്യം ഉയർന്നു.
ജനങ്ങളുടെ ആവശ്യം ശക്തമായതോടെ മാതമംഗലത്ത് കുളം നികത്തി എംപി ഫണ്ട് ഉപയോഗിച്ച് ബസ് സ്റ്റാൻഡ് നിർമിക്കാൻ പദ്ധതിയിട്ടു. പക്ഷെ ബസിന് കയറാനും ഇറങ്ങാനും റോഡില്ലാത്തതിനാൽ ബസ് സ്റ്റാൻഡ് എരമം-കുറ്റൂർ പഞ്ചായത്ത് കാര്യാലയം ആക്കി മാറ്റി. പിന്നീട് പഞ്ചായത്ത് ഓഫിസിന് കുറച്ചകലെ സ്വകാര്യ വ്യക്തി ബസ് സ്റ്റാൻഡ് നിർമിക്കാൻ സൗജന്യമായി സ്ഥലം നൽകുകയായിരുന്നു.