കണ്ണൂർ: ഉരുപ്പുംകുറ്റിയിൽ മാവോയിസ്റ്റുകളും തണ്ടർബോൾട്ട് സംഘവും (Kerala thunderbolts) തമ്മിൽ വീണ്ടും ഏറ്റുമുട്ടി (Kannur Maoist Attack). 24 മണിക്കൂറിനിടെ ഉരുപ്പുംകുറ്റി വനമേഖലയിൽ രണ്ട് തവണയാണ് വെടിവയ്പ്പുണ്ടായത്. രാത്രി 10 മണിയോടെ ആരംഭിച്ച ഏറ്റുമുട്ടൽ ഒരു മണിക്കൂർ നീണ്ടു നിന്നു.
പിന്നീടും ഏറ്റുമുട്ടൽ ഉണ്ടായി. ഉൾവനത്തിൽ ദൗത്യ സംഘത്തിന്റെ പരിശോധന തുടരുകയാണ്. മാവോയിസ്റ്റുകൾ പുറത്ത് കടക്കാതിരിക്കാൻ വനത്തിന് പുറത്ത് പരിശോധന ശക്തമാക്കി. ഏറ്റുമുട്ടൽ തുടരുന്ന പശ്ചാത്തലത്തിൽ പ്രദേശത്തെ ജനങ്ങളും കടുത്ത ആശങ്കയിലാണ്.
ഇന്ന് പുലർച്ചെയും രാവിലെയും വെടിയൊച്ച കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. അർധരാത്രി 12 മണിക്ക് ശേഷം അഞ്ച് റൗണ്ടോളം വെടിയൊച്ച കേട്ടതായും പിന്നീട് അത് പുലർച്ചെ വരെ തുടർന്നതായും നാട്ടുകാർ പറയുന്നു. ഉരുപ്പുംകുറ്റി, എടപ്പുഴ, വാളത്തോട് പ്രദേശങ്ങൾ ഇപ്പോഴും പൊലീസിന്റെ നിയന്ത്രണത്തിൽ തന്നെയാണ്.
ഉരുപ്പുംകുറ്റി ടൗണിൽ മാത്രം 50 ഓളം പൊലീസുകാരെ രാത്രി മുതൽ വിന്യസിച്ചിരുന്നു. പുലർച്ചെ ടാപ്പിങ് ജോലിക്ക് പോകുന്നവരെ പോലും പൊലീസ് തടയുകയും പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്ത ശേഷമാണ് കടത്തി വിട്ടത്. ഉരുപ്പുംകുറ്റി ടൗണിലും മലമുകളിലെ വനാതിർത്തിയോട് ചേർന്ന പ്രദേശങ്ങളിലെ വീടുകൾക്കും പൊലീസ് സംരക്ഷണം ഒരുക്കിയിട്ടുണ്ട്.
ഇതിനിടെ ആയുധങ്ങൾ പിടിച്ചെടുത്തെന്നും മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടെന്നുമുള്ള അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. അതിനിടെ മഹസർ തയാറാക്കാനുള്ള ശ്രമം ഉപേക്ഷിച്ചു. മഹസർ തയാറാക്കാൻ തഹസിൽദാർക്കും മറ്റ് ഉദ്യോഗസ്ഥർക്കും വെടിവയ്പ്പ് നടന്ന പ്രദേശത്തേക്ക് ഇന്ന് പുലർച്ചെ മൂന്നോടെ പുറപ്പെടാൻ നിർദേശം നൽകിയിരുന്നു. എന്നാൽ, തുടർന്നും വെടിയൊച്ചകൾ കേൾക്കുന്നതുകൊണ്ടാണ് മഹസർ തയാറാക്കുന്നത് താത്കാലികമായി നിർത്തിവച്ചിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.