കണ്ണൂർ: വിദ്യാലയങ്ങളെല്ലാം നാടിന്‍റെ ചരിത്രത്തിന്‍റെ സാക്ഷികളാണ്. ഒരു നാടിന്‍റെ ആകെ സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായുള്ള വളർച്ചയ്ക്ക് അടിത്തറ പാകിയ ഇടങ്ങൾ. അങ്ങനെയൊരു വിദ്യാലയമാണ് കണ്ണൂർ ജില്ലയിലെ മാങ്ങാട്ട് എൽ പി സ്‌കൂൾ. ഏതാണ്ട് 140 വർഷത്തെ പഴക്കമുണ്ട് ഈ വിദ്യാലയത്തിന്. വിദ്യാർഥികൾ കയറിയും ഇറങ്ങിയും ഒരു നാടിന്‍റെ ആകെ ഗൃഹാതുരത്വവും സംസ്‌കാരവും ഉറങ്ങുന്ന ഭൂമിക. എന്നാൽ, ആ വിദ്യാലയം ഇന്ന് മരണക്കിടക്കയിലാണ്.
ദേശീയപാത വികസനത്തിൻ്റെ ഭാഗമായി വിദ്യാലയത്തിൻ്റെ ഒരു പാതി പൊളിച്ചു മാറ്റിയതോടെ വിദ്യാലയത്തിൻ്റെ പ്രവർത്തനങ്ങൾക്ക് സ്ഥല സൗകര്യങ്ങളുടെ പ്രതിസന്ധി രൂപപ്പെട്ടു. പ്രതിസന്ധി പരിഹരിക്കാൻ മാനേജ്മെന്‍റിനെ ബന്ധപ്പെട്ടെങ്കിലും ഒരു തുടർ നടപടിയും ഉണ്ടായില്ല. നിരുത്തരവാദപരമായ മാനേജ്മെന്‍റിന്‍റെ സമീപനമാണ് ഇന്ന് വിദ്യാലയത്തിൻ്റെ മുന്നോട്ടുള്ള പ്രവർത്തനത്തിന് വെല്ലുവിളി തീർക്കുന്നത്.