കണ്ണൂര്‍ :127 വര്‍ഷത്തെ ചരിത്രമുണ്ട് കൂത്തുപറമ്പ് കിണവക്കിലെ കല്ലു കഫെയ്ക്ക്. അവലിന്റെയും കാപ്പിയുടേയും പേരിലാണ് കല്ലു കഫെ പ്രശസ്തി നേടിയത്. മുന്‍തലമുറയുടെ ഇഷ്ടവിഭവമായ അവല് കല്ലു കഫെയിലെത്തുന്ന പുതുതലമുറയുടേയും ഹരമായി മാറുകയാണ്. എണ്ണയും മസാലയും എരിവും ചേര്‍ത്ത ഭക്ഷണത്തിന് പിന്നാലെ പുതിയ തലമുറയിലെ ഏറെ പേരും പോകുമ്പോള്‍ ഈ പരമ്പരാഗത വിഭവമാണ് കല്ലു കഫെയുടെ പ്രത്യേകത. ഇക്കാരണത്താല്‍ തന്നെ കുത്തുപറമ്പ്- കണ്ണൂര്‍ റോഡില്‍ സഞ്ചരിക്കുന്ന യാത്രികര്‍ കല്ലു കഫെയിലെ അവലും കാപ്പിയും ഒരിക്കലെങ്കിലും രുചിച്ചുനോക്കും (Kannur Kuthuparamba Kallu cafe).
കല്ലു കഫെയിലെ അവലിനും കാപ്പിക്കും എന്താണ് സവിശേഷത എന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടി ഒരിക്കലെങ്കിലും കഴിച്ചുനോക്കണമെന്നാണ്. കൂത്തുപറമ്പിനടുത്ത വേങ്ങാട്ടെ അവല് മില്ലില്‍ നിന്നും പ്രത്യേക പരുവത്തില്‍ ഇടിച്ചുകൊണ്ടുവരുന്ന അവലാണ് കല്ലു കഫെയില്‍ കൊണ്ടുവരുന്നത്. സാധാരണ അവലിനേക്കാള്‍ മൃദുവാണ് ഇത്.
അവലില്‍ ഇളം തേങ്ങ ചിരവിയിട്ട് അതിന് മുകളില്‍ ചെത്തിയിട്ട ശര്‍ക്കരയും ചേര്‍ത്താണ് കല്ലു കഫെയില്‍ നിന്നും നല്‍കുന്നത്. ആസ്വദിച്ച് ഒരു പിടുത്തം പിടിക്കണമെങ്കില്‍ കൂട്ടിന് റോബസ്റ്റ പഴവുമുണ്ട്. കുഴച്ചാണോ മുറിച്ചാണോ എങ്ങനെ വേണമെങ്കിലും ഇഷ്ടാനുസരണം കഴിക്കാം. ഇത് ഒരു തവണ കഴിച്ച് നോക്കിയാലറിയാം രുചി.
കാപ്പിയിലുമുണ്ട് പ്രത്യേകത. വടക്കേ മലബാറിലെ വീടുകളില്‍ ചായ സ്ഥാനം പിടിക്കുന്നതിന് മുമ്പ് ഉള്ള രീതിയാണ് കല്ലു കഫെയില്‍ തുടരുന്നത്. ഉലുവയും കാപ്പിക്കുരുവും വറുത്ത് പൊടിച്ച് ശര്‍ക്കര ചേര്‍ത്തതാണ് കാപ്പി. ഇതില്‍ പാല് ചേര്‍ക്കാറില്ല. ഈ ചേരുവയ്ക്കുമുണ്ട് കല്ലു കഫെയുടെ സീക്രട്ട്.