കണ്ണൂർ: കണ്ണൂർ ജില്ലയിൽ ഏറ്റവും കൂടുതൽ ദൂരം റെയിൽപാത കടന്ന് പോകുന്ന പൊലീസ് സ്റ്റേഷൻ പരിധിയാണ് കണ്ണപുരം. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഇവിടെ ട്രെയിൻ തട്ടി രണ്ട് പേർക്കാണ് ജീവൻ നഷ്‌ടമായത്. നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു.
ഭൂരിഭാഗം അപകടങ്ങൾക്കും കാരണം മുന്നറിയിപ്പുകൾ അവഗണിച്ചുകൊണ്ട് റെയിൽവേ ട്രാക്കിലൂടെ ആളുകൾ അശ്രദ്ധമായി നടക്കുകയും ലെവൽക്രോസുകൾ മുറിച്ച് കടക്കുകയും ചെയ്യുന്നതാണ്. മുൻ കാലങ്ങളിൽ ഡീസൽ എഞ്ചിൻ ട്രെയിൻ ഓടുമ്പോഴുള്ള ഉച്ചത്തിലുള്ള ശബ്‌ദം ആളുകളെ പാളത്തിൽ നിന്ന് അകറ്റി നിർത്താൻ സഹായിച്ചിരുന്നു. എന്നാൽ ഇലക്‌ട്രിക് എഞ്ചിനുകൾ വന്നതോടെ ട്രെയിൻ അടുത്തെത്തിയാൽ മാത്രമാണ് പലരും അറിയുന്നത്.