കേരളം

kerala

ETV Bharat / state

കക്കാട് സ്‌പിന്നിങ് മില്‍ പൂട്ടിയിട്ട് മൂന്ന് വര്‍ഷം; തുറക്കുമെന്ന പ്രതീക്ഷയില്‍ തൊഴിലാളികള്‍

കക്കാട് സ്‌പിന്നിങ് മില്‍ അടച്ചുപൂട്ടിയതോടെ ഇവിടുത്തെ തൊഴിലാളികള്‍ മറ്റ് തൊഴിലുകളെടുത്താണ് ഉപജീവനം നടത്തുന്നത്

Mill  പൂട്ട് വീണിട്ട് മൂന്ന് വര്‍ഷം  എന്ന് തുറക്കും എൻ ടി സി  കാത്തിരിപ്പില്‍ തൊഴിലാളികള്‍  സ്‌പിന്നിങ് മില്ല്  കക്കാട് സ്‌പിന്നിങ് മില്‍  Kannur Kakkad spinning mill  spinning mill  Kakkad spinning mill  Kannur news updates  latest news in Kannur
എൻടിസി അടച്ചിട്ടിട്ട് മൂന്ന് വര്‍ഷം

By

Published : Apr 4, 2023, 6:18 PM IST

എൻടിസി അടച്ചിട്ടിട്ട് മൂന്ന് വര്‍ഷം

കണ്ണൂര്‍: രാജ്യത്തെ പ്രധാന സ്‌പിന്നിങ് മില്ലുകളില്‍ ഒന്നായ കക്കാട് സ്‌പിന്നിങ് മില്‍ അടച്ചുപൂട്ടിയിട്ട് മൂന്ന് വര്‍ഷം പിന്നിട്ടു. രാജ്യത്തെ മുഴുവന്‍ പ്രതിസന്ധിയിലാക്കിയ കൊവിഡ് മഹാമാരി കാലത്താണ് മില്ലിന് പൂട്ടുവീണത്. അടച്ചുപൂട്ടി മൂന്ന് വര്‍ഷം പിന്നിടുമ്പോഴും മില്ല് തുറക്കുമെന്ന പ്രതീക്ഷയില്‍ ഇപ്പോഴും കാത്തിരിക്കുന്ന തൊഴിലാളികളുണ്ട്. നിത്യവ്യത്തിയ്‌ക്ക് മറ്റ് വഴികളില്ലാത്തതിനെ തുടര്‍ന്ന്, ഇവിടെ ജോലി ചെയ്‌ത നിരവധി പേരാണ് വിവിധ തൊഴില്‍ മേഖലകളിലേക്ക് ചേക്കേറിയത്.

കൊവിഡും തുടര്‍ന്നുണ്ടായ അടച്ചുപൂട്ടലും:കൊവിഡ് പ്രതിസന്ധിയെ തുടർന്ന് 2020 മാർച്ച് 24ലാണ് എൻടിസിയുടെ (നാഷണല്‍ ടെക്സ്റ്റൈൽ കോര്‍പറേഷന്‍) ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളിലായുള്ള 23 മില്ലുകൾ അടച്ചുപൂട്ടിയത്. കൊവിഡിനെ തുടർന്നുള്ള നിയന്ത്രണം പിൻവലിച്ചെങ്കിലും പിന്നീട് സ്ഥാപനങ്ങൾ തുറന്നുകൊടുക്കാൻ അധികൃതർ തയ്യാറായില്ല. കേന്ദ്ര സർക്കാരിന്‍റെ പൂർണ നിയന്ത്രണത്തിലുള്ളതാണ് നാഷണൽ ടെക്സ്റ്റൈൽ കോര്‍പറേഷന്‍. 23 മില്ലുകൾ അടച്ചുപൂട്ടുന്നതിന് മുമ്പ് സർക്കാർ നഷ്‌ടം 320 കോടി രൂപയാണെന്നാണ് കേന്ദ്ര സർക്കാറിന്‍റെ കണക്ക്.

കണ്ണൂർ - മാഹി കേന്ദ്രത്തിൽ മാത്രം 1500 സ്ഥിരം തൊഴിലാളികളാണുണ്ടായിരുന്നത്. അടച്ചുപൂട്ടിയ കാലയളവിൽ വിരമിച്ച തൊഴിലാളികൾക്കും മരിച്ച തൊഴിലാളികളുടെ കുടുംബത്തിനും ആനുകൂല്യവും നൽകാൻ ബന്ധപ്പെട്ടവർ തയ്യാറായതുമില്ല. ഗത്യന്തരമില്ലാതെ തൊഴിലാളികൾ സമരത്തിന് ഇറങ്ങി. ടെക്സ്റ്റൈൽ കോർപറേഷൻ തുറന്ന് പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് എൻടിസി സംരക്ഷണ സമിതിയും രൂപീകരിച്ചു.

113 ദിവസത്തെ സമരത്തിന് ശേഷം 2021 ജനുവരി നാലിന് മില്ല് ഭാഗികമായി തുറന്നെങ്കിലും അസംസ്‌കൃത വസ്‌തുക്കളുടെ ലഭ്യതക്കുറവിന്‍റെ പേരിൽ വീണ്ടും അടച്ചുപൂട്ടി. സ്ഥിരം തൊഴിലാളികൾക്ക് ലേ ഓഫ് ഘട്ടത്തിൽ 50 ശതമാനം തുക നൽകണമെന്ന നിയമവും പ്രാവർത്തികമായില്ല. 35 ശതമാനം ആദ്യഘട്ടത്തിൽ നൽകിയെങ്കിലും പിന്നീടതും നിലച്ചു. കേന്ദ്ര മന്ത്രിമാരുൾപ്പടെയുള്ള ആളുകളുമായി നിരന്തരം ചർച്ച നടത്തിയെങ്കിലും കേന്ദ്ര - സംസ്ഥാന തൊഴിൽ വകുപ്പും പ്രശ്‌ന പരിഹാരത്തിന് ഇടപെട്ടില്ല.

പ്രശ്‌നമായതില്‍ യന്ത്രവത്‌കരണത്തിലെ അപാകതയും:കേന്ദ്രസർക്കാറിന്‍റെ നയങ്ങളാണ് എൻടിസി മില്ലുകളുടെ നിലനിൽപ്പിന് ഭീഷണി എന്നാണ് സമര നേതാക്കളുടെ ആരോപണം. തൊഴിലാളികൾക്ക് വിരമിച്ച ശേഷം നൽകി വരുന്ന ഗ്രാറ്റുവിറ്റി അടക്കമുള്ള ആനുകൂല്യത്തിന് അലയുന്നവരും ഏറെയാണ്. മില്ലിന്‍റെ തകർച്ചയ്ക്ക് ആക്കം കൂട്ടുന്നതിന് യന്ത്രവത്‌കരണത്തിലെ അപാകതയും കാരണമായി. 2010- 11 കാലഘട്ടത്തിൽ നടന്ന ആധുനികവത്‌കരണം കമ്പനിയിൽ കാര്യമായി ഗുണം ചെയ്‌തില്ല.

ചൈനയിൽ നിന്നെത്തിയ കോടികൾ വില വരുന്ന 12 സ്‌പിന്നിങ് ഫ്രെയിമുകൾ ചെറിയ ഫ്രെയിമുകൾ ആയിരുന്നു. നല്ല രീതിയിൽ പ്രവർത്തിക്കാത്തതിനാൽ ലാഭവും ഉണ്ടായില്ല. 600 ശതമാനം കോട്ടൺ നൂലിനായി കൊണ്ടുവന്ന കോമ്പർ മെഷീന്‍ ആറ് മാസം മാത്രമാണ് പ്രവര്‍ത്തിച്ചത്. ചൂട്ട് ഫീഡ് മെഷീനും കാർഡിങ് മെഷീനും ഉപകാരപ്പെട്ടെങ്കിലും നിലവാരം കുറഞ്ഞ പഞ്ഞി വാങ്ങുന്നതിനാൽ കയറ്റുമതിയും യാഥാർഥ്യമായില്ല. അതോടൊപ്പം യന്ത്രങ്ങൾ വാങ്ങിയ കമ്മിഷനുകളും ഉയർന്നു. എല്ലാം എൻടിസിയുടെ നടുവൊടിച്ചു. വലിയ ഒരു തൊഴിൽ മേഖലയാണ് സർക്കാരുകളുടെ പിടിപ്പുകേട് മൂലം അടച്ചുപൂട്ടേണ്ടി വന്നത് ഇതിന് അധികാരികൾ ഉത്തരം പറഞ്ഞേ മതിയാകൂ എന്ന് തൊഴിലാളികള്‍ പറയുന്നു.

രാജ്യത്തെ പ്രധാന മില്ലുകളിലൊന്നാണ് കക്കാട് സ്‌പിന്നിങ് മില്‍:രാജ്യത്തെ പ്രധാന സ്‌പിന്നിങ് മില്ലുകളിൽ ഒന്നാണ് കണ്ണൂർ കക്കാട് പ്രവർത്തിക്കുന്ന ഈ മില്‍. ആധുനിക യന്ത്രവത്കരണ സംവിധാനങ്ങളുള്ള രാജ്യത്തെ പ്രധാന മില്ലുകളിൽ ഒന്നാണിത്. പോളിയസ്റ്ററും കോട്ടണും ആയി രണ്ട് യൂണിറ്റുകളാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്.

നൂൽ ഉണ്ടാക്കാനുള്ള അസംസ്‌കൃത വസ്‌തുവായ കോട്ടൺ (പരുത്തിയിൽ നിന്നുള്ള പഞ്ഞി) സിന്തറ്റിക് ഫൈബർ (പോളിയസ്റ്റർ നൂലുണ്ടാക്കാനുള്ള കൃത്രിമ പഞ്ഞി) എന്നിവ മില്ലുകൾക്കും ആവശ്യാനുസരണം നൽകിയിരുന്നത് എൻടിസിയാണ്. 1957ൽ കരിയാത്ത് ദാമോദരൻ ആരംഭിച്ച മിൽ ദേശസാത്കരണത്തിന്‍റെ ഭാഗമായി 1976ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് കേന്ദ്ര സർക്കാറിന്‍റെ കീഴിലാക്കിയത്.

ആദ്യഘട്ടത്തിൽ ലാഭത്തിൽ ആയിരുന്നെങ്കിലും 1990ല്‍ ഉദാരവത്കരണം നടപ്പാക്കി തുടങ്ങിയതോടെ തകർച്ച നേരിടുകയായിരുന്നു. കണ്ണൂരിൽ കക്കാടിന് പുറമെ മാഹിയിലും നാഷണൽ ടെക്സ്റ്റൈൽ കോർപറേഷന്‍റെ എൻടിസി സ്‌പിന്നിങ് മില്ലുകളുണ്ട്.

ABOUT THE AUTHOR

...view details