കണ്ണൂര്‍: മനുഷ്യനെ ചികിത്സിക്കാൻ വൈദ്യശാസ്ത്രമാണെങ്കിൽ പ്രകൃതിയുടെ ചികിത്സയ്ക്ക് പരിസ്ഥിതിസംരക്ഷണമെന്ന പാഠം പകർന്ന് ഡോ. കെ.എം കുര്യാക്കോസ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് നാളെ പടിയിറങ്ങും. മെഡിക്കൽ കോളേജ് കാമ്പസിനെ പച്ചത്തുരുത്താക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കംകുറിച്ച ഇദ്ദേഹത്തിന് മറ്റൊരു പച്ചത്തുരുത്തൊരുക്കിയാണ് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നൽകിയത്.
മനുഷ്യഹൃദയതാളം ചികിത്സയിലൂടെ സംരക്ഷിച്ച ഡോ. കുര്യാക്കോസ്, പ്രകൃതിയെയും മരങ്ങളെയും ഹൃദയത്തോട് ചേർത്ത് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് കാമ്പസ് ഹരിതാഭമാക്കാൻ കാൽലക്ഷത്തോളം വൃക്ഷത്തൈ കോളേജിലെ പുറകിലുള്ള വിശാലമായ എട്ട് ഏക്കർ തരിശു ഭൂമിയിൽ മരത്തണക്കൂട്ടം സംഘടനയുടെ സഹകരണത്തോടെ നട്ടുപിടിപ്പിച്ചിട്ടുണ്ട്. വൃക്ഷത്തൈ നട്ടതിനു ശേഷം പരിപാലിക്കാതെ നശിക്കുന്ന പതിവു രീതിയിൽ നിന്ന് വ്യത്യസ്തമായി ചെടികള്‍ക്ക് വെള്ളം ഒഴിച്ചു പരിപാലിച്ചു സംരക്ഷിക്കാനും കുര്യാക്കോസ് നടപടി സ്വീകരിച്ചിരുന്നു.