കണ്ണൂർ: കാർത്തികപുരം കേന്ദ്രീകരിച്ച് അനധികൃതമായി വിതരണം നടത്തുന്ന നൂറിലധികം ഗ്യാസ് സിലിണ്ടറുകൾ പൊലീസ് പിടിച്ചെടുത്തു. തളിപ്പറമ്പ് ഡിവൈഎസ്‌പി ടികെ രത്‌നകുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഗ്യാസ് സിലിണ്ടറുകൾ പിടിച്ചെടുത്തത്. സംഭവത്തിൽ കാർത്തികപുരത്തെ വീട്ടിയാങ്കിൽ ജിജോ തോമസ്, ജിൻസ് തോമസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
തളിപ്പറമ്പിൽ ഗ്യാസ് സിലിണ്ടർ വേട്ട; രണ്ട് പേർ അറസ്റ്റിൽ - കണ്ണൂർ
മലയോര മേഖലയിൽ അധികൃതരുടെ കണ്ണ് വെട്ടിച്ച് കഴിഞ്ഞ പതിനഞ്ച് വർഷമായി ഈ സംഘം പ്രവർത്തിച്ചുവരുന്നു.
![തളിപ്പറമ്പിൽ ഗ്യാസ് സിലിണ്ടർ വേട്ട; രണ്ട് പേർ അറസ്റ്റിൽ kannur gas cylinder frauds arrested](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9010336-thumbnail-3x2-gas.jpg)
കാർത്തികപുരത്ത് ഗ്യാസ് സിലിണ്ടറുകൾ അനധികൃതമായി സൂക്ഷിക്കുന്ന നാല് ഗോഡൗണുകളും കണ്ടെത്തിയിട്ടുണ്ട്. ഇൻഡൈൻ, ഭാരത് ഗ്യാസ്, എച്ച്പി തുടങ്ങിയ കമ്പനികളുടെ സിലിണ്ടറുകളാണ് അനധികൃതമായി വിൽപ്പന നടത്തിയിരുന്നത്. ഒരു സിലിണ്ടറിന് മുന്നൂറു മുതൽ അഞ്ഞൂറു രൂപവരെ അധികമായി ഈടാക്കിയാണ് ഉപഭോക്താക്കൾക്ക് നൽകിയിരുന്നത്. ഗാർഹിക സിലിണ്ടറുകളും വാണിജ്യ ആവശ്യത്തിനുള്ളവയും ഇങ്ങനെ വിൽപ്പന നടത്തിവന്നിരുന്നു.
കമ്പനിയിൽ നിന്ന് ഇടനിലക്കാർ മുഖേന നേരിട്ട് സിലിണ്ടർ എത്തിക്കുകയാണെന്ന് പിടിയിലായവർ പറഞ്ഞു. ഡിവൈഎസ്‌പി രത്നകുമാർ, സുരേഷ് കക്കറ, ടി കെ ഗിരീഷ് കുമാർ , ആലക്കോട് പ്രിൻസിപ്പൽ എസഐ നിബിൻ ജോയ് , അഡിഷണൽ എസഐമാരായ കുഞ്ഞമ്പു , ഗംഗാധരൻ, സിവിൽ പോലീസ് ഓഫീസർ പി ബിജു എന്നിവരടങ്ങിയ സംഘമാണ് സിലിണ്ടറുകൾ പിടിച്ചെടുത്തത്.