കണ്ണൂര്‍: തളിപ്പറമ്പില്‍ വനം വകുപ്പിന്‍റെ നേതൃത്വത്തില്‍ വന്‍ ചന്ദന വേട്ട. ചപ്പാരപ്പടവ്, തലവില്‍, വിളയാര്‍ക്കോട്, പെരുവാമ്പ എന്നിവടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 133 കിലോ ചന്ദനം പിടിച്ചെടുത്തു. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്‌തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വിളയാര്‍കോട് വെച്ച് ചന്ദന മരം മുറിച്ച് കടത്തുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്. എന്നാല്‍ പ്രധാന പ്രതിയടക്കം രണ്ട് പേര്‍ ഓടി രക്ഷപെട്ടു. വെള്ളോറ സ്വദേശികളായ ഗോപാലകൃഷ്‌ണന്‍, പ്രദീപ്, ബിനേഷ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കല്‍ നിന്നും 17 കിലോ ചന്ദനം പിടിച്ചെടുത്തതായും വനം വകുപ്പ് അറിയിച്ചു.
കണ്ണൂരില്‍ വന്‍ ചന്ദന വേട്ട; മൂന്ന് പേര്‍ പിടിയില്‍, രണ്ട് പേര്‍ ഓടി രക്ഷപെട്ടു തലവില്‍ കേന്ദ്രീകരിച്ച് ചന്ദനമരം മുറിച്ച് കടത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നാട്ടിന്‍പുറങ്ങളില്‍ നിന്നും ചന്ദനമരം മുറിച്ച് കടത്തി വില്‍പന നടത്തുന്ന സംഘത്തിലുള്ളവരാണ് പിടിയിലായവര്‍. ഇതില്‍ ഇവരുടെ കൂടെയുണ്ടായിരുന്ന വെള്ളോറ സ്വദേശി ഷിബു സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു.
തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ വി.രതീശന്‍റെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലില്‍ മാതമംഗലം പെരുവാമ്പ സ്വദേശി നസീറിനാണ് ഇവര്‍ മുറിച്ച് കടത്തുന്ന ചന്ദനം വില്‍ക്കുന്നതെന്ന് കണ്ടെത്തി. ഇയാളുടെ വീടില്‍ നടത്തിയ പരിശോധനയില്‍ 116 കിലോ ചന്ദനവും പിടിച്ചെടുത്തു.
എന്നാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തുന്നതിനും മുന്‍പ് തന്നെ നസീര്‍ ഓടി രക്ഷപെട്ടിരുന്നു. പിടിച്ചെടുത്ത ചന്ദനത്തിന് വിപണിയില്‍ 20 ലക്ഷം രൂപ വരെ വില വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇവര്‍ ഉപയോഗിച്ചിരുന്ന വാഹനവും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
Also Read: Petrol Diesel GST: പെട്രോളും ഡീസലും എന്തുകൊണ്ട് ജി.എസ്.ടി.യില്‍ (GST) ഉള്‍പ്പെടുത്തുന്നില്ലെന്ന് കേരള ഹൈക്കോടതി
വനം വകുപ്പിന്‍റെ നിയമപ്രകാരം മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ തടവും 25,000 മുതല്‍ ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ഓടി രക്ഷപ്പെട്ട പ്രതികൾക്കായുള്ള അന്വേഷണം ശക്തമാക്കിയതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.