കണ്ണൂർ: കണ്ണൂരിലെ വിവാദ വ്ളോഗർമാരായ ഇ ബുൾ ജെറ്റ് സഹോദരന്മാർക്ക് ജാമ്യം. കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ആണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്. പൊതുമുതൽ നശിപ്പിച്ചതിന് 3500 രൂപ വീതം പിഴ അടക്കണം, 25000 രൂപയുടെ രണ്ട് ആൾ ജാമ്യവും നൽകണം, എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്‍റെ മുന്നിൽ ഹാജരാവാണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. സബ്‌ജയിലിൽ കഴിയുന്ന ഇരിട്ടി കിളിയന്തറ സ്വദേശികളായ എബിൻ, ലിബിൻ എന്നിവർ നടപടികൾ പൂർത്തിയാക്കി ഇന്ന് തന്നെ പുറത്തിറങ്ങും.
അതേസമയം, നാശനഷ്ടങ്ങളുടെ കണക്ക് ഉദ്യോഗസ്ഥർ കോടതിയിൽ സമർപ്പിച്ചില്ല. ഉച്ചക്ക് മുൻപായി നാശനഷ്ട കണക്ക് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. കണ്ണൂർ ടൗൺ പൊലീസ് തിങ്കളാഴ്ചയാണ് യൂ ട്യൂബ് വ്ളോഗര്‍മാരായ സഹോദരങ്ങളെ അറസ്റ്റ് ചെയ്‌തത്. ആർ.ടി.ഒയുടെ പരാതിയിലാണ് നടപടി.